ശ്രീലങ്കന്‍ അണ്ടര്‍ 19 ടൂീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ രണ്ടാം ഏകദിനത്തില്‍ വിജയിച്ച് ആതിഥേയര്‍ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഒപ്പമെത്തിയിരുന്നു. കൗണ്ടി ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 30 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം.
ഇംഗ്ലണ്ട് U19 ഉയര്‍ത്തിയ 361 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലങ്കന്‍ കൗമാരങ്ങള്‍ക്ക് 330 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ഓപ്പണര്‍ ഫ്രെഡി മക്കാന്റെ സെഞ്ച്വറി കരുത്തിലാണ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 139 പന്ത് നേരിട്ട് 22 ഫോറും മൂന്ന് സിക്‌സറും ഉള്‍പ്പെടെയാണ് താരം 174 റണ്‍സ് നേടിയത്. 66 റണ്‍സ് നേടിയ നോഹ തായിനാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക പുലിന്ദു പെരേരയുടെയും ഗയാന വീരസിംഗെയുടെയും അര്‍ധ സെഞ്ച്വറി കരുത്തില്‍ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും 30 റണ്‍സകലെ വീണുപോവുകയായിരുന്നു.
ഈ മത്സരത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഒരു ചരിത്ര റെക്കോഡാണ് നോട്ടിങ്ഹാംഷെയറിന്റെ ഫ്രെഡി മക്കാനെ തേടിയെത്തിയത്. ഇംഗ്ലണ്ട് വേദിയായ അണ്ടര്‍ 19ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന രണ്ടാമത് താരമെന്ന നേട്ടമാണ് മക്കാന്‍ നേടിയത്.
2002ല്‍ ഇന്ത്യന്‍ താരം അംബാട്ടി റായിഡു നേടിയ 177* ആണ് ഇപ്പോഴും ഈ റെക്കോഡ് നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത്.
ഇംഗ്ലണ്ട് വേദിയായ U19 ഏകദിനങ്ങളില്‍ ഏറ്റവുമുയര്‍ന്ന റണ്‍സ് നേടിയ താരങ്ങള്‍
(താരം – ടീം – എതിരാളികള്‍ – റണ്‍സ് – വര്‍ഷം എന്നീ ക്രമത്തില്‍)
അംബാട്ടി റായിഡു – ഇന്ത്യ – ഇംഗ്ലണ്ട് – 177* – 2002
ഫ്രെഡ് മക്കാന്‍ – ഇംഗ്ലണ്ട് – ശ്രീലങ്ക – 174 – 2024
ബില്ലി ഗോഡില്‍മാന്‍ – ഇംഗ്ലണ്ട് – പാകിസ്ഥാന്‍ – 149* – 2007
ശുഭ്മന്‍ ഗില്‍ – ഇന്ത്യ – ഇംഗ്ലണ്ട് – 147 – 2017
എ.ബി ഡി വില്ലിയേഴ്‌സ് – സൗത്ത് ആഫ്രിക്ക – ഇംഗ്ലണ്ട് – 143 – 2003
അതേസമയം, ജൂലൈ മൂന്നിനാണ് പരമ്പരയിലെ സീരീസ് ഡിസൈഡര്‍ മത്സരം നടക്കുന്നത്. ഹോവ് കൗണ്ടി ഗ്രൗണ്ടില്‍ നടക്കുന്ന മൂന്നാം ഏകദിനത്തില്‍ വിജയിച്ചാല്‍ പരമ്പര സ്വന്തമാക്കാമെന്നിരിക്കെ ഇരു ടീമുകളും വിജയം തന്നെ ലക്ഷ്യമിട്ടാകും കളത്തിലിറങ്ങുക.
Content highlight: England U19’s Freddie McCann scored the 2nd highest individual score in England, Ambati Rayudu tops the list