| Wednesday, 20th December 2023, 11:27 am

രണ്ട് കളി തോറ്റാല്‍ തീര്‍ന്നെന്ന് കരുതിയോ, ചാമ്പ്യന്‍മാരാടാ... ചരിത്രം കുറിച്ച് ഇംഗ്ലണ്ട്; പരമ്പര മുള്‍മുനയില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ നാലാം ടി-20യില്‍ മികച്ച ജയം സ്വന്തമാക്കി ഇംഗ്ലണ്ട്. ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന മത്സരത്തില്‍ 75 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇംഗ്ലണ്ട് നേടിയത്. ഈ വിജയത്തിന് പിന്നാലെ പരമ്പരയില്‍ 2-2ന് ഒപ്പമെത്താനും ഇംഗ്ലണ്ടിനായി.

ബുധനാഴ്ച നടന്ന മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എന്നാല്‍ വിന്‍ഡീസ് നാകന്‍ റോവ്മന്‍ പവലിന്റെ തീരുമാനം തെറ്റുന്ന കാഴ്ചയായിരുന്നു ആരാധകര്‍ കണ്ടത്.

ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ഇംഗ്ലണ്ട് എതിരാളികളെ ഞെട്ടിച്ചത്. ഫില്‍ സോള്‍ട്ടും ക്യാപ്റ്റന്‍ ജോസ് ബട്‌ലറും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 117 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ബട്‌ലറിനെ പുറത്താക്കി ജേസണ്‍ ഹോള്‍ഡറാണ് കൂട്ടുകെട്ട് പൊളിച്ചത്. 29 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സറുമടക്കം 55 റണ്‍സ് നേടി നില്‍ക്കവെ ബട്‌ലറിനെ പവലിന്റെ കൈകളിലെത്തിച്ചാണ് താരം പുറത്താക്കിയത്.

പിന്നാലെയെത്തിയ വില്‍ ജാക്‌സ് ആഞ്ഞടിച്ചു. ഒമ്പത് പന്തില്‍ രണ്ട് വീതം ഫോറും സിക്‌സറും അടക്കം 24 റണ്‍സ് നേടിയാണ് താരം പുറത്തായത്.

നാലാമനായി ക്രീസിലെത്തിയ ലിയാം ലിവിങ്സ്റ്റണും തകര്‍ത്തടിച്ചു. ഒരുവശത്ത് സോള്‍ട്ട് വെടിക്കെട്ട് നടത്തുമ്പോള്‍ മറുവശത്ത് ലിവിങ്‌സറ്റണിന്റെ ആറാട്ടാണ് ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമായില്‍ കണ്ടത്.

ഫില്‍ സോള്‍ട്ട് 57 പന്തില്‍ 119 റണ്‍സാണ് നേടിയത്. പത്ത് സിക്‌സറും ഏഴ് ബൗണ്ടറിയും അടക്കം 208.77 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

21 പന്തില്‍ നാല് ഫോറും നാല് സിക്‌സറും അടക്കം പുറത്താകാതെ 54 റണ്‍സാണ് ലിവിങ്സ്റ്റണിന്റെ സമ്പാദ്യം.

ഒടുവില്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 267 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. ടി-20 ചരിത്രത്തില്‍ ഒരു ഫുള്‍ മെമ്പര്‍ ടീം സ്വന്തമാക്കുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത് സ്‌കോറാണിത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് ആദ്യ പന്തില്‍ തന്നെ തിരിച്ചടിയേറ്റിരുന്നു. ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ ബ്രാന്‍ഡന്‍ കിങ്ങിനെ പുറത്താക്കിയാണ് ഇംഗ്ലണ്ട് തുടങ്ങിത്. മോയിന്‍ അലിയുടെ പന്തില്‍ റീസ് ടോപ് ലിക്ക് ക്യാച്ച് നല്‍കിയാണ് കിങ് പുറത്തായത്.

പിന്നാലെയെത്തിയ നിക്കോളാസ് പൂരന്‍ മികച്ച രീതിയില്‍ ബാറ്റ് വീശി. കൈല്‍ മയേഴ്‌സിനൊപ്പം ചേര്‍ന്ന് സ്‌കോര്‍ ഉര്‍ത്താന്‍ ശ്രമിക്കവെ രണ്ടാം ഓവറിലെ അഞ്ചാം പന്തില്‍ മേഴ്‌സിനെ പുറത്താക്കി ഇംഗ്ലണ്ട് വീണ്ടും തിരിച്ചടിച്ചു. ടീം സ്‌കോര്‍ 32ല്‍ നില്‍ക്കവെയാണ് അഞ്ച് പന്തില്‍ 12 റണ്‍സ് നേടിയ മയേഴ്‌സിനെ വിന്‍ഡീസിന് നഷ്ടമായത്.

ഷായ് ഹോപ് എട്ട് പന്തില്‍ 16 റണ്‍സ് നേടി മടങ്ങിയപ്പോള്‍ 15 പന്തില്‍ 36 റണ്‍സാണ് ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ് സ്വന്തമാക്കിയത്. റോവ്മന്‍ പവല്‍ നിരാശനാക്കിയപ്പോള്‍ ആന്ദ്രേ റസല്‍ അര്‍ധ സെഞ്ച്വറി നേടി. 25 പന്തില്‍ 51 റണ്‍സാണ് താരം നേടിയത്.

ഒടുവില്‍ 15.3 ഓവറില്‍ വിന്‍ഡീസ് 192 റണ്‍സിന് പുറത്താവുകയായിരുന്നു.

ഇംഗ്ലണ്ടിനായി റീസ് ടോപ്‌ലി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ സാം കറനും രെഹന്‍ അഹമ്മദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആദില്‍ റഷീദ്, ക്രിസ് വോക്‌സ്, മോയിന്‍ അലി എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

ഈ വിജയത്തിന് പിന്നാലെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ നാല് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 2-2ന് ഒപ്പമെത്താനും ഇംഗ്ലണ്ടിനായി. 2-0ന് പുറകില്‍ നിന്ന ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്.

ഡിസംബര്‍ 22നാണ് പരമ്പരയിലെ സീരീസ് ഡിസൈഡര്‍ മത്സരം. ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമിയാണ് വേദി.

Content Highlight: England tour of West Indies, England wins 4th T20

We use cookies to give you the best possible experience. Learn more