ലോകകപ്പിന് മുന്നോടിയായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് തങ്ങളുടെ സൂപ്പര്‍ താരങ്ങളെ തിരികെ വിളിച്ചിരുന്നു. ജോസ് ബട്‌ലര്‍, മോയിന്‍ അലി, വില്‍ ജാക്‌സ്, ഫില്‍ സോള്‍ട്ട് എന്നിവരടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ ലോകകപ്പിനായി ടൂര്‍ണമെന്റ് പാതി വഴിയില്‍ ഉപേക്ഷിച്ചപ്പോള്‍ പല ടീമുകള്‍ക്കും അത് വമ്പന്‍ തിരിച്ചടിയാണ് നല്‍കിയത്.
എന്ത് വിലകൊടുത്തും കിരീടം നിലനിര്‍ത്താനുറച്ചാണ് ഇംഗ്ലണ്ട് ഐ.സി.സി ബിഗ് ഇവന്റിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്. ലോകകപ്പിന് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ശേഷിക്കവെ നാല് മത്സരങ്ങളടങ്ങിയ ഒരു ടി-20 പരമ്പര തന്നെ കളിക്കാനാണ് ത്രീ ലയണ്‍സ് ഒരുങ്ങുന്നത്.
അയര്‍ലാന്‍ഡിനെതിരെ പരമ്പര വിജയിച്ചെത്തിയ പാകിസ്ഥാനെയാണ് ഇംഗ്ലണ്ടിന് നേരിടാനുള്ളത്. ലോകകപ്പിന് മുമ്പ് പാകിസ്ഥാനും സാധ്യമായ മാച്ചുകളെല്ലാം കളിച്ച് ടീമൊരുക്കുകയാണ്.
മെയ് 22നാണ് ജോസ് ബട്‌ലറിന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ മത്സരത്തിനിറങ്ങുന്നത്. ഹെഡിങ്‌ലിയാണ് വേദി.
ഇതേ ദിവസം തന്നെയാണ് ഐ.പി.എല്ലിലെ എലിമിനേറ്റര്‍ മത്സരവും അരങ്ങേറുന്നത്. ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലറിന്റെ രാജസ്ഥാന്‍ റോയല്‍സും സൂപ്പര്‍ താരം വില്‍ ജാക്‌സിന്റെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് ഏറ്റുമുട്ടുന്നത്.
വില്‍ ജാക്‌സിന്റെ അഭാവം റോയല്‍ ചലഞ്ചേഴ്‌സിനെ കാര്യമായി ബാധിച്ചിട്ടില്ല. ചെന്നൈക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിലടക്കം വീരോചിതമായി പൊരുതിക്കയറിയാണ് റോയല്‍ ചലഞ്ചേഴ്‌സ് പ്ലേ ഓഫിലെത്തിയത്.
എന്നാല്‍ രാജസ്ഥാന്റെ സ്ഥിതി അങ്ങനെയല്ല. ജോസ് ബട്‌ലറിന്റെ അഭാവം കാര്യമായി തന്നെ ടീമിനെ പിടിച്ചുകുലുക്കുന്നുണ്ട്. സീസണില്‍ താളം കണ്ടെത്താന്‍ സാധിക്കാതെ പോയ രാജസ്ഥാന്റെ ഓപ്പണിങ് ജോഡി, ബട്‌ലര്‍ കൂടി പോയതോടെ ഒന്നുകൂടി തളര്‍ന്നിരിക്കുകയാണ്.
ഐ.പി.എല്ലിലെ നിര്‍ണായക മത്സരത്തിന് ടീമുകള്‍ തയ്യാറെടുക്കുമ്പോള്‍ ലോകകപ്പ് മുമ്പില്‍ കണ്ടാണ് ഇംഗ്ലണ്ട് തയ്യാറെടുപ്പുകള്‍ നടത്തുന്നത്.
ബെന്‍ ഡക്കറ്റ്, ഹാരി ബ്രൂക്ക്, ജോണി ബെയര്‍സ്‌റ്റോ, ലിയാം ലിവിങ്‌സ്റ്റണ്‍, മോയിന്‍ അലി, സാം കറന്‍, വില്‍ ജാക്‌സ്, ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഫില്‍ സോള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ആദില്‍ റഷീദ്, ക്രിസ് ജോര്‍ദന്‍, ജോഫ്രാ ആര്‍ച്ചര്‍, മാര്‍ക് വുഡ്, റീസ് ടോപ്‌ലി, ടോം ഹാര്‍ട്‌ലി.
പാകിസ്ഥാന്‍ സ്‌ക്വാഡ്
ബാബര്‍ അസം (ക്യാപ്റ്റന്‍), ഫഖര്‍ സമാന്‍, ഇര്‍ഫാന്‍ ഖാന്‍, സയീം അയ്യൂബ്, ഉസ്മാന്‍ ഖാന്‍, സല്‍മാന്‍ അലി ആഘാ, ഇഫ്തിഖര്‍ അഹമ്മദ്, ഇമാദ് വസീം, ഷദാബ് ഖാന്‍, അസം ഖാന്‍ (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), അബ്ബാസ് അഫ്രിദി, അബ്രാര്‍ അഹമ്മദ്, ഹാരിസ് റൗഫ്, ഹസന്‍ അലി, മുഹമ്മദ് ആമിര്‍, നസീം ഷാ, ഷഹീന്‍ ഷാ അഫ്രിദി.
Content highlight: England to play T20 series before world cup against Pakistan