| Monday, 18th July 2022, 6:33 pm

ഇന്ത്യയോട് തോറ്റു, ശേഷം ഏറ്റവും വലിയ തിരിച്ചടിയും; വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് നായകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ പരാജയത്തിന് പിന്നാലെ ഇംഗ്ലണ്ടിന് അടുത്ത തിരിച്ചടി. ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ റെഡ്‌ബോള്‍ നായകന്‍ ബെന്‍ സ്‌റ്റോക്‌സ്.

ഏകദിനത്തില്‍ നിന്നുമാത്രമാണ് വിരമിക്കാനൊരുങ്ങുന്നതെന്നും ടി-20യിലും ടെസ്റ്റിലും ടീമിനൊപ്പം തന്നെയുണ്ടാകുമെന്നും സ്റ്റോക്‌സ് പറഞ്ഞു.

ജൂലൈ 19ന് നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് – ദക്ഷിണാഫ്രിക്ക പരമ്പരയിലെ ആദ്യ ഏകദിനം കളിച്ച് താന്‍ 50 ഓവര്‍ ഫോര്‍മാറ്റിനോട് വിടപറയുകയാണെന്നാണ് സ്റ്റോക്‌സ് അറിയിച്ചിരിക്കുന്നത്.

‘ഇംഗ്ലണ്ടിനായി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഡുര്‍ഹാമില്‍ ഞാനെന്റെ അവസാന ഏകദിനം കളിക്കും,’ സ്റ്റോക്‌സ് പറഞ്ഞു.

‘ഈ ഫോര്‍മാറ്റില്‍ നിന്നും കളമൊഴിയാന്‍ ഞാന്‍ തീരുമാനിച്ചു. എന്നെ സംബന്ധിച്ച് വിഷമകരമായ ഒരു തീരുമാനം തന്നെയായിരുന്നു ഇത്. ഇംഗ്ലണ്ടിന് വേണ്ടി കളിക്കുന്ന ഓരോ നിമിഷവും ഞാന്‍ ആസ്വദിക്കുകയായിരുന്നു.

ഈ ഫോര്‍മാറ്റില്‍ ഇപ്പോള്‍ എനിക്കെന്റെ നൂറ് ശതമാനവും നല്‍കാന്‍ പറ്റാത്ത അവസ്ഥയാണ്. ഇംഗ്ലണ്ട് ജേഴ്‌സി ധരിക്കുന്നവനാരോ, അവനില്‍ നിന്നും എല്ലാം തന്നെ ടീം അര്‍ഹിക്കുന്നുണ്ട്.

ഇപ്പോള്‍ എനിക്ക് എല്ലാ ഫോര്‍മാറ്റിലും കളിക്കുക എന്നത് എളുപ്പമല്ല. ബിസി ഷെഡ്യൂളുകള്‍ എനിക്ക് താങ്ങാനാവുന്നില്ല, അതുകാരണം ഞാന്‍ ക്ഷീണിതനായിരിക്കുകയാണ്,’ സ്റ്റോക്‌സ് പറഞ്ഞു.

ഇംഗ്ലണ്ടിനായി 104 ഏകദിനങ്ങളാണ് സ്റ്റോക്‌സ് ഇതുവരെ കളിച്ചത്. 39.44 ശരാശരിയില്‍ 2,919 റണ്‍സാണ് സ്‌റ്റോക്‌സ് ത്രീ ലയണ്‍സിനായി നേടിയിട്ടുള്ളത്. 2011ല്‍ അയര്‍ലന്‍ഡിനെതിരെ കളിച്ചുകൊണ്ടായിരുന്നു സ്‌റ്റോക്‌സ് ഏകദിന കരിയര്‍ ആരംഭിച്ചത്.

2019 ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ കിരീടം ചൂടിച്ചതില്‍ പ്രധാന പങ്കുവഹിച്ചത് സ്റ്റോക്‌സായിരുന്നു. ഫൈനലില്‍ പുറത്താവാതെ നേടിയ 84 റണ്‍സായിരുന്നു ഇംഗ്ലീഷ് പടയ്ക്ക് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ കന്നിക്കിരീടം നേടിക്കൊടുത്തത്.

Content Highlight:  England Test captain Ben Stokes Announces Retirement From ODIs

We use cookies to give you the best possible experience. Learn more