| Friday, 18th November 2022, 3:58 pm

ഇറ്റലി ലോകകപ്പിനില്ലാത്തത് നാണക്കേട്, ഉണ്ടായിരുന്നുവെങ്കില്‍ യൂറോ കപ്പിലെ പ്രതികാരം ഞാന്‍ അവരുടെ നെഞ്ചത്ത് തീര്‍ത്തേനേ; വെല്ലുവിളിച്ച് ഇംഗ്ലണ്ട് സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

2022 ഖത്തര്‍ ലോകകപ്പില്‍ മുന്‍ ചാമ്പ്യന്‍മാരായ ഇറ്റലി യോഗ്യത നേടാതിരുന്നത് ഫുട്‌ബോള്‍ ആരാധകരെ ചില്ലറയൊന്നുമല്ല സങ്കടത്തിലാഴ്ത്തിയത്. നിലവില്‍ യൂറോപ്പിന്റെ ചാമ്പ്യന്‍മാരായിരിക്കവെയാണ് ഇറ്റലി ലോകകപ്പിനില്ലാത്തത് എന്നതാണ് ആരാധകരുടെ സങ്കടം ഇരട്ടിയാക്കുന്നത്.

എന്നാല്‍ ഇറ്റലി ലോകകപ്പില്‍ കളിക്കാത്തതിന്റെ അമര്‍ഷം വ്യക്തമാക്കുകയാണ് ഇംഗ്ലണ്ടിന്റെ മാഞ്ചസ്റ്റര്‍ സിറ്റി താരം ഫില്‍ ഫോഡന്‍. ഇറ്റലി ലോകകപ്പ് കളിക്കണമായിരുന്നുവെന്നും യൂറോ കപ്പിന്റെ ഫൈനലില്‍ തോല്‍പിച്ചതിന്റെ പ്രതികാരം വീട്ടാനുള്ള അവസരമാണ് നഷ്ടമായതെന്നുമാണ് താരം പറയുന്നത്. എക്‌സ്പ്രസ്സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘ശരിക്കും യൂറോ കപ്പ് ഫൈനലില്‍ പ്രവേശിച്ചത് ലോകകപ്പില്‍ ഞങ്ങള്‍ക്ക് മുമ്പോട്ട് കുതിക്കാനുള്ള ആവേശം നല്‍കിയിട്ടുണ്ട്. ഹാരി കെയ്ന്‍ ഇതിനോടകം തന്നെ ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. ലോകകപ്പ് ഫേവറിറ്റുകളില്‍ ഒരു ടീമായാണ് അവന്‍ ഞങ്ങളെ കാണുന്നത്. അക്കാര്യത്തില്‍ അവനോടൊപ്പം ആത്മവിശ്വാസത്തോടെ മുന്നേറുകയാണ് ഞങ്ങല്‍ക്കിനി ചെയ്യാനുള്ളത്,’ ഫോഡന്‍ പറയുന്നു.

ഇതിന് പിന്നാലെയാണ് താരം അസൂറികളെ പരിഹസിക്കുന്ന തരത്തില്‍ സംസാരിച്ചത്.

‘ഇറ്റലി ഇവിടെ ഇല്ല എന്ന് പറയുന്നത് തന്നെ ഏറ്റവും വലിയ നാണക്കേടാണ്. യൂറോയിലെ തോല്‍വിക്ക് പ്രതികാരം ചെയ്യാനുള്ള ശരിയായ അവസരമായിരുന്നു ഇത്,’ ഫോഡന്‍ പറയുന്നു.

ക്വാളിഫയേഴ്‌സില്‍ നോര്‍ത്ത് മാസിഡോണിയയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റതോടെയാണ് ഇറ്റലിയുടെ ലോകകപ്പ് മോഹങ്ങള്‍ പൊലിഞ്ഞത്.

യൂറോ കപ്പ് ഫൈനലില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മത്സരത്തില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെയായിരുന്നു ഇംഗ്ലണ്ടിനെ തകര്‍ത്ത് അസൂറികള്‍ യൂറോപ്പിന്റെ രാജാക്കന്‍മാരായത്.

നിശ്ചിത സമയത്തും അധിക സമയത്തും ഓരോ ഗോളിന്റെ സമനില തുടര്‍ന്നതിന് പിന്നാലെ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. മത്സരത്തിന്റെ രണ്ടാം മിനിട്ടില്‍ ലൂക് പോള്‍ ഷായിലൂടെ ലീഡ് നേടിയ ഇംഗ്ലണ്ടിനെ ഞെട്ടിച്ചുകൊണ്ട് 67ാം മിനിട്ടില്‍ അസൂറികള്‍ക്കായി ബൊണൂച്ചി സ്‌കോര്‍ ചെയ്യുകയായിരുന്നു.

ശേഷം പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 3-2നായിരുന്നു ഇംഗ്ലണ്ടിന്റെ തോല്‍വി. ഇംഗ്ലണ്ടിനായി ഹാരി കെയ്‌നും മഗ്വെയറും സ്‌കോര്‍ ചെയ്തപ്പോള്‍ റാഷ്‌ഫോര്‍ഡും സാക്കയും സാഞ്ചോയും പെനാല്‍ട്ടി പാഴാക്കി. ബൊണൂച്ചിയും ബെറാര്‍ഡിയും ബെര്‍നാര്‍ഡ്ച്ചിയും ഇറ്റലിക്കായി സ്‌കോര്‍ ചെയ്തപ്പോള്‍ ത്രീ ലയണ്‍സിന്റെ മോഹങ്ങള്‍ വീണുടഞ്ഞു.

ഈ തോല്‍വിയുടെ പ്രതികാരത്തെ കുറിച്ചാണ് ഫോഡന്‍ പറഞ്ഞത്.

ഫില്‍ ഫോഡന്റെ കരിയറിലെ ആദ്യ ലോകകപ്പാണ് ഖത്തറിലേത്. സീസണിലെ 20 മത്സരത്തില്‍ നിന്നും എട്ട് ഗോളും മൂന്ന് അസിസ്റ്റുമാണ് ഫോഡന്റെ സമ്പാദ്യം.

ഖത്തറില്‍ ഗ്രൂപ്പ് ബിയിലാണ് ഇംഗ്ലണ്ട്. ഇറാന്‍, വേല്‍സ്, അമേരിക്ക എന്നിവരാണ് ഗ്രൂപ്പ് ബിയിലെ മറ്റ് ടീമുകള്‍. നവംബര്‍ 21ന് ഇറാനുമായാണ് ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം.

Content highlight: England star Phil Foden says its shame that Italy are not playing World Cup so we can get proper revenge for the Euros

We use cookies to give you the best possible experience. Learn more