ഖത്തറില്‍ പന്തുരുളാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇതിനിടെ ഓരോ താരങ്ങളുടെ പ്രസ്താവനകള്‍ സജീവ ചര്‍ച്ചകള്‍ക്കും കാരണമാകുന്നുണ്ട്.
ഫൈനലില്‍ ബ്രസീലുമായി കളിക്കാനാണ് ആഗ്രഹമെന്ന ക്രിസ്റ്റ്യാനോയുടെ വാക്കുകളും ഫൈനലില്‍ അര്‍ജന്റീനയെ തോല്‍പിച്ച് ലോകകപ്പടിക്കുമെന്ന നെയ്മറിന്റെ തമാശ നിറഞ്ഞ വാക്കുകളുമെല്ലാം തന്നെ ഫുട്‌ബോള്‍ ലോകം ഏറ്റെടുത്തിരിക്കുകയാണ്.
ഇപ്പോഴിതാ ഖത്തര്‍ ലോകകപ്പില്‍ ഏറ്റവുമധികം ഭീഷണിയുര്‍ത്താന്‍ സാധ്യതയുള്ള ടീമിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ ചെല്‍സി താരം മേസണ്‍ മൗണ്ട്. ഇംഗ്ലണ്ടിന്റെ മധ്യനിരയിലെ പടയാളിയായ മൗണ്ട് തന്റെ ആദ്യ ലോകകപ്പിനാണ് ഇറങ്ങുന്നത്.
ലോകകപ്പ് ഫേവറിറ്റുകളായ അര്‍ജന്റീനയെ ഒഴിവാക്കിയാണ് താരം ഇക്കാര്യം പറഞ്ഞതെന്നാണ് ഏറ്റവും അത്ഭുതമുണ്ടാക്കുന്നത്. ബ്രസീലിനെയും ഫ്രാന്‍സിനെയുമാണ് ലോകകപ്പില്‍ ഏറ്റവും ഭീഷണിയാകാന്‍ പോകുന്നതെന്നായിരുന്നു താരത്തിന്റെ അഭിപ്രായം.
ടോക് സ്‌പോര്‍ട്ടിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘ബ്രസീലും ഫ്രാന്‍സുമാണ് കഴിഞ്ഞ കാലങ്ങളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത്. ഈ ലോകകപ്പില്‍ അവര്‍ തന്നെയായിരിക്കും ഏറ്റവും ശക്തര്‍ എന്നാണ് ഞാന്‍ കരുതുന്നത്,’ മൗണ്ട് പറഞ്ഞു.
മേസണ്‍ മൗണ്ട് തന്റെ ആദ്യ ലോകകപ്പിനാണ് ബൂട്ട് കെട്ടുന്നത്. ഗാരത് സൗത്ത്‌ഗേറ്റിന്റെ നിരയിലെ മികച്ച താരങ്ങളില്‍ ഒരാളാണ് മൗണ്ട്.
സീസണില്‍ 21 മത്സരങ്ങള്‍ കളിച്ച താരം രണ്ട് ഗോളും ആറ് അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.
റഷ്യയില്‍ വെച്ച് നടന്ന ലോകകപ്പില്‍ ഇംഗ്ലണ്ട് സെമി ഫൈനല്‍ വരെയെത്തിയിരുന്നു. സെമിയില്‍ ക്രൊയേഷ്യയോട് തോറ്റായിരുന്നു ഇംഗ്ലണ്ട് പുറത്തായത്.
അതേസമയം, ഇത്തവണ മികച്ച മുന്നേറ്റമുണ്ടാക്കാന്‍ തന്നെയാണ് ഹാരി കെയ്‌നും സംഘവും ഖത്തറിലേക്ക് പറക്കുന്നത്. കഴിഞ്ഞ വര്‍ഷം കയ്യെത്തും ദൂരത്ത് നിന്നും നഷ്ടപ്പെട്ട ഫൈനലും കളിച്ച് ചാമ്പ്യന്‍മാരാകാന്‍ തന്നെയാവും ഇംഗ്ലണ്ടിന്റെ കുതിപ്പ്.
Content highlight: England star Mason Mount about strongest teams in World Cup 2022, Excludes Argentina