| Thursday, 2nd June 2022, 8:45 pm

ഇവന്റെ ബാറ്റില്‍ സ്പ്രിംഗ് തന്നെ; വീണ്ടും കൂറ്റന്‍ സിക്‌സറുമായി ലിവിംഗ്സ്റ്റണ്‍, ഇത്തവണ പന്ത് കണ്ടെത്തിയത് കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ നിന്ന്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 117 മീറ്റര്‍ ദൂരത്തേക്ക് സിക്‌സര്‍ പായിച്ചാണ് പഞ്ചാബ് കിംഗ്‌സിന്റെ സൂപ്പര്‍ താരം ലിയാം ലിവിംഗ്‌സ്റ്റണ്‍ വാര്‍ത്തകളില്‍ ഇടം നേടിയത്.

സിക്‌സറിടിച്ച ശേഷം പന്തെറിഞ്ഞ മുഹമ്മദ് ഷമിയുടെ റിയാക്ഷനും റാഷിദ് ഖാന്റെ ബാറ്റ് പരിശോധയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇപ്പോഴിതാ താരത്തിന്റെ മറ്റൊരു മാസ്സീവ് സിക്‌സറാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇംഗ്ലണ്ടില്‍ നടക്കുന്ന ടി-20 ബ്ലാസ്റ്റിലാണ് താരം വീണ്ടും സിക്‌സറിടിച്ച് ഞെട്ടിച്ചത്.

മാഞ്ചസ്റ്ററില്‍ വെച്ച് നടന്ന ലങ്കാഷെയര്‍ – ഡാര്‍ബിഷെയര്‍ മത്സരത്തിലാണ് താരത്തിന്റെ സിക്‌സര്‍ പിറന്നത്. 21 റണ്‍സുമായി ക്രീസില്‍ നില്‍ക്കവെ ഡാര്‍ബിഷെയറിന്റെ സ്‌കോട്ടിഷ് സ്പിന്നര്‍ മാര്‍ക്ക് വാട്ടിനെയാണ് ലിവിംഗ്സ്റ്റണ്‍ സിക്‌സറിന് പറത്തിയത്.

മത്സരം നടക്കുമ്പോല്‍ സ്‌റ്റേഡിയത്തിന്റെ ഒരു ഭാഗത്ത് നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നുണ്ടായിരുന്നു. ഇവിടേക്കാണ് ലവിംഗ്സ്റ്റണ്‍ ‘പന്തടിച്ചു കളഞ്ഞത്’.

പന്തെടുക്കാനായി ലങ്കാ ഷെയര്‍ ഫീല്‍ഡര്‍മാര്‍ ഏറെ നേരം ശ്രമിച്ചിരുന്നു. എന്നാല്‍ പന്ത് കണ്ടെത്താന്‍ കഴിയാതെ വന്നതോടെ തൊഴിലാളികളാണ് പന്ത് തപ്പിയെടുത്തത്. എന്നാല്‍ അവരും പന്ത് കണ്ടെത്താന്‍ കുറച്ച് കഷ്ടപ്പെട്ടിരുന്നു.

ഇതോടെയാണ് താരത്തിന്റെ സിക്‌സര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്.

ടി-20 ബ്ലാസ്റ്റില്‍ ഇത്തരം പടുകൂറ്റന്‍ സിക്‌സറുകള്‍ നേരത്തെയും പിറന്നിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ക്രിസ് ലിന്‍ അടിച്ച സിക്‌സര്‍ സ്റ്റേഡിയവും റോഡും കടന്ന് അടുത്ത വീട്ടിലെ മുറ്റത്താണ് ചെന്നുവീണത്.

ഡുര്‍ഹാമും നോര്‍താംപ്ടണ്‍ഷെയറും തമ്മില്‍ നടന്ന മത്സരത്തിലായിരുന്നു നോര്‍താംപ്ടണ്‍ഷെയര്‍ താരമായ ലിന്നിന്റെ മാരക പ്രകടനം.

അതേസമയം, ലങ്കാഷെയര്‍ – ഡാര്‍ബിഷെയര്‍ മത്സരത്തില്‍ ലങ്കാഷെയര്‍ 17 റണ്‍സിന് വിജയിച്ചിരുന്നു. 40 പന്തില്‍ നിന്നും 75 റണ്‍സെടുത്ത ലിവിംഗ്‌സ്റ്റണായിരുന്നു ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായത്.

Content Highlight: England Star Liam Livingstone hits a massive six in T20 Blast

We use cookies to give you the best possible experience. Learn more