ഇംഗ്ലണ്ടിന്റെ പ്രതിരോധ നിരയിലെ വിശ്വസ്തനും ആഴ്‌സണലിന്റെ റൈറ്റ് ബാക്കുമായ ബുക്കോയ സാക്കയെ (Bukayo Saka) മെസിയോട് താരതമ്യം ചെയ്ത് ഇംഗ്ലണ്ട് മിഡ് ഫീല്‍ഡറും ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ സൂപ്പര്‍ താരവുമായ ജൂഡ് ബെല്ലിങ്ഹാം. നാഷന്‍സ് ലീഗില്‍ ജര്‍മനിക്കെതിരെ നടന്ന സാക്കയുടെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് ബെല്ലിങ്ഹാം സാക്കയെ പുകഴ്ത്തി രംഗത്തെത്തിയത്.
സാക്കയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ ‘ലിയോ’ എന്ന് കമന്റിട്ടുകൊണ്ടാണ് സാക്കയുടെ പ്രകടന മികവിനെ ബെല്ലിങ്ഹാം അഭിനന്ദിച്ചത്.
കഴിഞ്ഞ മത്സരത്തില്‍ തോല്‍വിയുറപ്പിച്ചിടത്തുനിന്നുമാണ് ഇംഗ്ലണ്ട് മത്സരത്തിലേക്ക് കുതിച്ചുകയറിയത്. മത്സരത്തിന്റെ 65 മിനിട്ടും ഗോളടിക്കാന്‍ സാധിക്കാതെ ഉഴറിയ ഇംഗ്ലണ്ട് ശേഷിക്കുന്ന സമയത്ത് മൂന്ന് ഗോള്‍ തിരിച്ചടിച്ച് തിരിച്ചുവരികയായിരുന്നു.
66ാം മിനിട്ടിലാണ് സൗത്ത്‌ഗേറ്റ് സാക്കയെ കളത്തിലേക്കിറക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി താരം ഫില്‍ ഫോഡന് പകരക്കാരനായാണ് സാക്കയെ മാനേജര്‍ സൗത്ത്‌ഗേറ്റ് കളത്തിലിറക്കിയത്.
സാക്ക കളത്തിലിറങ്ങിയതോടെ ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരികെയെത്തുകയായിരുന്നു. ഇംഗ്ലണ്ടിന്റെ റൈറ്റ് ബാക്ക് ഗ്രൗണ്ടിലിറങ്ങിയതിന് ശേഷമാണ് ഇംഗ്ലണ്ട് മൂന്ന് ഗോളും നേടിയത്.
ഇതോടെ സാക്കയെ തള്ളിപ്പറഞ്ഞ ആരാധകര്‍ക്കെല്ലാം തന്നെ താരത്തിന് വേണ്ടി കയ്യടിക്കേണ്ടി വരികയായിരുന്നു.
ആഴ്‌സണലിന്റെ 21കാരന്‍ ഡിഫന്‍ഡറിന് ഇംഗ്ലണ്ടിനായി ഗോളടിക്കാന്‍ സാധിച്ചില്ലെങ്കിലും മത്സരത്തിലേക്കുള്ള ഇംഗ്ലണ്ടിന്റെ തിരിച്ചുവരവിന് കാര്യമായ പങ്കായിരുന്നു താരം വഹിച്ചത്. സാക്ക കളത്തിലിറങ്ങുമ്പോള്‍ ഇംഗ്ലണ്ട് 1-0 പിന്നിലായിരുന്നു. തൊട്ടടുത്ത മിനിട്ടില്‍ തന്നെ മറ്റൊരു ഗോള്‍ നേടി ജര്‍മനി എതിരാളികളെ ഞെട്ടിച്ചു.
52ാം മിനിട്ടില്‍ ഗുണ്ടോഗാനിലൂടെ മുന്നിലെത്തിയ ജര്‍മനി ഹവേര്‍ട്‌സിലൂടെ ലീഡ് ഉയര്‍ത്തി. ഒരു നിമിഷം ഇംഗ്ലണ്ട് മുന്നില്‍ കയറിയെങ്കിലും 87ാം മിനിട്ടില്‍ മറ്റൊരു ഗോള്‍ കൂടി ഇംഗ്ലണ്ട് വലയില്‍ നിക്ഷേപിച്ച് ഹവേര്‍ട്‌സ് സമനിലയും ഡബിളും തികച്ചു.
71ാം മിനിട്ടിലാണ് ഇംഗ്ലണ്ടിന്റെ ആദ്യ ഗോള്‍ പിറന്നത്. ലൂക് ഷാ ആയിരുന്നു ത്രീ ലയണ്‍സിനായി ഗോളടി തുടങ്ങിയത്. തുടര്‍ന്ന് 75ാം മിനിട്ടില്‍ മേസണ്‍ മൗണ്ടും 83ാം മിനിട്ടില്‍ ഹാരി കെയ്‌നും ചേര്‍ന്ന് പട്ടിക പൂര്‍ത്തിയാക്കി.
മത്സരശേഷം തങ്ങളുടെ മത്സരം കാണാന്‍ വെംബ്ലിയിലെത്തിയ കാണികള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് സാക്ക പങ്കുവെച്ച പോസ്റ്റിലായിരുന്നു ബെല്ലിങ്ഹമിന്റെ അഭിന്ദനം. ബെല്ലിങ്ഹാമിന് പുറമെ റീസി ജെയിംസ്, ജാക്ക് ഗ്രിലിഷ് എന്നിവരും സാക്കയെ അഭിനന്ദിച്ചിരുന്നു.
View this post on Instagram
അതേസമയം നാഷന്‍സ് ലീഗ് ഗ്രൂപ്പ് മൂന്നില്‍ ഇംഗ്ലണ്ട് അവസാന സ്ഥാനത്ത് തുടരുകയാണ്. ആറ് കളിയില്‍ നിന്നും ഒരെണ്ണം പോലും ജയിക്കാന്‍ ഇംഗ്ലണ്ടിനായിട്ടില്ല. മൂന്ന് തോല്‍വിയും മൂന്ന് സമനിലയുമാണ് ഇംഗ്ലണ്ടിന്റെ അക്കൗണ്ടിലുള്ളത്. ഒറ്റ ജയം മാത്രമായി ജര്‍മനി ഗ്രൂപ്പില്‍ മൂന്നാമതാണ്.
ഇറ്റലിയാണ് ഗ്രൂപ്പില്‍ ഒന്നാമത്. ആറ് മത്സരത്തില്‍ നിന്നും മൂന്ന് ജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമാണ് അസൂറികള്‍ക്കുള്ളത്. ആറ് മത്സരത്തില്‍ നിന്നും മൂന്ന് ജയവും ഒരു സമനിലയും രണ്ട് തോല്‍വിയുമായി കറുത്ത കുതിരകളായ ഹംഗറിയാണ് രണ്ടാമത്.
Content highlight: England star compares his teammate Bukayo Saka to Lionel Messi