| Thursday, 18th July 2024, 4:37 pm

4.2 ഓവറില്‍ 50! ഇവനൊക്കെ ഫോര്‍മാറ്റ് മാറിയതാ, അല്ലാതെ ഇങ്ങനെ അടിക്കുമോ; മക്കെല്ലം ചിരിക്കുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഇന്‍ഡീസിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ രണ്ടാം ടെസ്റ്റിന് ട്രെന്റ് ബ്രിഡ്ജ് വേദിയാവുകയാണ്. ലോര്‍ഡ്‌സില്‍ നടന്ന ആദ്യ ടെസ്റ്റില്‍ വിന്‍ഡീസിന് ഇന്നിങ്‌സ് തോല്‍വി വഴങ്ങേണ്ടി വന്നിരുന്നു.

ജെയിംസ് ആന്‍ഡേഴ്‌സണിന്റെ അവസാന ടെസ്റ്റില്‍ പരാജയമേറ്റുവാങ്ങേണ്ടി വന്നതിന്റെ സകല നിരാശയും തീര്‍ക്കാനുറച്ചാണ് ക്രെയ്ഗ് ബ്രാതൈ്വറ്റും സംഘവും രണ്ടാം ടെസ്റ്റിനിറങ്ങിയത്.

മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയച്ചു. ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വീഴ്ത്തി സന്ദര്‍ശകര്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ചു.

ഇംഗ്ലണ്ട് ഇന്നിങ്‌സിലെ മൂന്നാം പന്തിലാണ് ടീമിന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. സ്‌കോര്‍ ബോര്‍ഡ് തുറക്കും മുമ്പ് തന്നെ സൂപ്പര്‍ താരം സാക്ക് ക്രോളിയുടെ വിക്കറ്റ് ഇംഗ്ലണ്ടിന് നഷ്ടമായി. അല്‍സാരി ജോസഫിന്റെ പന്തില്‍ അലിക് അത്തനാസിന് ക്യാച്ച് നല്‍കി ക്രോളി മടങ്ങി.

വണ്‍ ഡൗണായി സൂപ്പര്‍ താരം ഒല്ലി പോപ്പാണ് ക്രീസിലെത്തിയത്. പോപ്പിനെ ഒപ്പം കൂട്ടി ഓപ്പണര്‍ ബെന്‍ ഡക്കറ്റ് തകര്‍ത്തടിച്ചതോടെ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചു. ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ ബൗണ്ടറികളടിച്ച് ബെന്‍ ഡക്കറ്റും ഒല്ലി പോപ്പും സ്‌കോര്‍ ഉയര്‍ത്തി.

4.2 ഓവറില്‍ ടീം സ്‌കോര്‍ കടത്തിയാണ് ഇരുവരും എതിരാളികളെ ഞെട്ടിച്ചത്. ടീം സ്‌കോര്‍ 50 പൂര്‍ത്തിയാകുമ്പോള്‍ ബെന്‍ ഡക്കറ്റ് 14 പന്തില്‍ 33 റണ്‍സും ഒല്ലി പോപ്പ് ഒമ്പത് പന്തില്‍ 16 റണ്‍സും നേടി പുറത്താകാതെ നിന്നു.

ഈ വെടിക്കെട്ടിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ഇംഗ്ലണ്ടിനെ തേടിയെത്തിയത്. ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 50 റണ്‍സ് നേടുന്ന ടീം എന്ന നേട്ടമാണ് ഇംഗ്ലണ്ട് നേടിയത്. ബാസ്‌ബോളിന്റെ ഏറ്റവും മനോഹരമായ പ്രദര്‍ശനമാണ് ഡക്കറ്റും പോപ്പും ചേര്‍ന്ന് ട്രെന്റ് ബ്രിഡ്ജില്‍ പുറത്തെടുത്തത്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 50 നേടിയ ടീമുകള്‍

(ടീം – എതിരാളികള്‍ – 50 റണ്‍സ് പൂര്‍ത്തിയാകാന്‍ വേണ്ടിവന്ന ഓവറുകള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

ഇംഗ്ലണ്ട് – വെസ്റ്റ് ഇന്‍ഡീസ് – 4.2 – 2024*

ഇംഗ്ലണ്ട് – ശ്രീലങ്ക – 5.0 – 2002

പാകിസ്ഥാന്‍ – ശ്രീലങ്ക – 2004

ഇന്ത്യ – ഇംഗ്ലണ്ട് – 5.3 – 2008

നിലവില്‍ പത്ത് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 76 എന്ന നിലയിലാണ് ഇംഗ്ലണ്ട്. 22 പന്തില്‍ 18 റണ്‍സുമായി ഒല്ലി പോപ്പും 36 പന്തില്‍ 55 റണ്‍സുമായി ബെന്‍ ഡക്കറ്റുമാണ് ക്രീസില്‍.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍:

സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ജെയ്മി സ്മിത് (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്സ്, മാര്‍ക്ക് വുഡ്, ഗസ് ആറ്റ്കിന്‍സണ്‍, ഷോയിബ് ബഷീര്‍.

വെസ്റ്റ് ഇന്ഡീ‍സ് പ്ലെയിങ് ഇലവന്‍:

ക്രെയ്ഗ് ബ്രാതൈ്വറ്റ് (ക്യാപ്റ്റന്‍), അലിക് അത്തനാസ്, ജോഷ്വ ഡ സില്‍വ (വിക്കറ്റ് കീപ്പര്‍), കവേം ഹോഡ്ജ്, ജെയ്സണ്‍ ഹോള്‍ഡര്‍, അല്‍സാരി ജോസഫ്, ഷമര്‍ ജോസഫ്, മൈക്കിള്‍ ലൂയിസ്, കിര്‍ക് മെക്കന്‍സി, കെവിന്‍ സിന്‍ക്ലെയര്‍, ജെയ്ഡെന്‍ സീല്‍സ്.

Content highlight: England scripts the record of the fastest team fifty in Test cricket.

We use cookies to give you the best possible experience. Learn more