| Sunday, 30th June 2019, 7:14 pm

ഓറഞ്ച് ജേഴ്‌സിയില്‍ നിരാശത്തുടക്കം; ഇംഗ്ലീഷുകാര്‍ നിറഞ്ഞാടിയപ്പോള്‍ ഇന്ത്യക്ക് വിജയലക്ഷ്യം 338

സ്പോര്‍ട്സ് ഡെസ്‌ക്

ബിര്‍മിങ്ഹാം: ആദ്യമായി ഓറഞ്ച് ജേഴ്‌സിയില്‍ കളിക്കാനിറങ്ങിയ ഇന്ത്യക്കു മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യം പടുത്തുയര്‍ത്തി ഇംഗ്ലണ്ട്. ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോ നേടിയ സെഞ്ചുറിയും അവസാനം ബെന്‍ സ്‌റ്റോക്‌സ് നടത്തിയ ആക്രമണവും ഇംഗ്ലണ്ടിന് 337 എന്ന മികച്ച സ്‌കോര്‍ നേടാന്‍ സഹായകമായി.

ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ആതിഥേയര്‍ ഈ സ്‌കോര്‍ ഉയര്‍ത്തിയത്. ബെയര്‍സ്‌റ്റോയും (111) ജേസണ്‍ റോയിയും (66) നല്‍കിയ അടിത്തറ മുതലാക്കിയ സ്‌റ്റോക്‌സ് (54 പന്തില്‍ 79), ജോ റൂട്ടും (44) ചേര്‍ന്ന് ഇംഗ്ലീഷ് സ്‌കോര്‍ അനായാസം മുന്നൂറ് കടത്തുകയായിരുന്നു.

ബെയര്‍സ്‌റ്റോ ക്രീസിലുണ്ടായിരുന്ന സമയം ഒരുഘട്ടത്തില്‍ സ്‌കോര്‍ 350 കടക്കുമെന്ന പ്രതീതിയുണ്ടാക്കിയിരുന്നെങ്കിലും അഞ്ച് വിക്കറ്റ് വീഴ്ത്തി തന്റെ ഫോം നിലനിര്‍ത്തിയ മുഹമ്മദ് ഷമി ഇന്ത്യയെ മത്സരത്തിലേക്കു തിരികെക്കൊണ്ടുവരികയായിരുന്നു.

109 പന്തില്‍ 10 ഫോറും ആറ് സിക്‌സറും അടക്കമാണ് ബെയര്‍സ്‌റ്റോ 111 റണ്‍സ് നേടിയത്. സ്‌റ്റോക്‌സ് ആറ് ഫോറും മൂന്ന് സിക്‌സറും അടക്കം 79 റണ്‍സ് നേടിയപ്പോള്‍ 57 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സറും അടക്കം റോയ് 66 റണ്‍സ് നേടി. അതിനിടെ രണ്ട് സിക്‌സറും ഒരു ഫോറും അടക്കം എട്ടുപന്തില്‍ 20 റണ്‍സ് നേടിയ ജോസ് ബട്ട്‌ലറും സ്‌കോര്‍ മുന്നോട്ടുനീക്കി.

ബെയര്‍സ്‌റ്റോ, റൂട്ട്, ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍, ബട്ട്‌ലര്‍, ക്രിസ് വോക്ക്‌സ് എന്നിവരെ നിര്‍ണായക ഇടവേളകളില്‍ വീഴ്ത്തിയാണ് ഷമി തന്റെ മികവ് വീണ്ടും തെളിയിച്ചത്. ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. എന്നാല്‍ ബുംറയൊഴികെയുള്ള ബൗളര്‍മാരെല്ലാം ഓവറില്‍ ആറ് റണ്‍സിനു മുകളില്‍ വിട്ടുകൊടുത്തു.

കഴിഞ്ഞമത്സരങ്ങളില്‍ മോശം ഫോം തുടര്‍ന്ന ഓള്‍റൗണ്ടര്‍ വിജയ് ശങ്കറെ ഒഴിവാക്കി, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇന്നിറങ്ങിയത്.

ജേസണ്‍ റോയിയെ സ്‌കോര്‍ ഇരുപതില്‍ നില്‍ക്കെ ഔട്ടാക്കാന്‍ അവസരമുണ്ടായിരുന്നിട്ടും ഡി.ആര്‍.എസിന് പോകാതിരുന്ന തീരുമാനത്തിനെതിരെ ആരാധകര്‍ രംഗത്തെത്തിയത് മത്സരത്തില്‍ ശ്രദ്ധേയമായി. ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ പതിനൊന്നാം ഓവറിലാണ് സംഭവം. അംപയര്‍ അലീംദര്‍ വൈഡ് വിളിച്ച പന്ത് ജേസണ്‍ റോയിയുടെ ഗ്ലൗവില്‍ തട്ടിയ ശബ്ദം കേട്ട് പാണ്ഡ്യ അപ്പീല്‍ ചെയ്തെങ്കിലും പിറകില്‍ നിന്ന ധോണി അപ്പീല്‍ ചെയ്തില്ല. വിരാട് കോഹ്ലിയും അപ്പീലുമായി മുന്നോട്ടു വന്നെങ്കിലും ധോണിയുടെ നിലപാടനുസരിച്ച് ഡി.ആര്‍.എസിന് പോയില്ല.

ഈ ലോകകപ്പില്‍ ഇതാദ്യമായല്ല ‘ധോണി റിവ്യു സിസ്റ്റം’ പരാജയപ്പെടുന്നത്. പാകിസ്താനെതിരായ മത്സരത്തില്‍ ബാബര്‍ അസമിനെതിരായ ചാഹലിന്റെയും കോഹ്ലിയുടെയും ഡി.ആര്‍.എസ് അപ്പീലും ധോണി നിരസിച്ചിരുന്നു.

We use cookies to give you the best possible experience. Learn more