ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന ടെസ്റ്റില്‍ വെറ്ററന്‍ സൂപ്പര്‍ താരം ആര്‍. അശ്വിന്‍ ഇന്ത്യയെ നയിക്കുന്നത് കാണാന്‍ ആഗ്രഹമുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന നാലാം ടെസ്റ്റില്‍ ഇന്ത്യ വിജയിക്കുകയാണെങ്കില്‍ ധര്‍മശാലിയില്‍ നടക്കുന്ന അഞ്ചാം മത്സരത്തില്‍ രോഹിത് അശ്വിനെ നായകനാക്കാന്‍ അനുവദിക്കണമെന്നാണ് ഗവാസ്‌കര്‍ പറയുന്നത്.
ധര്‍മശാലയില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റ് അശ്വിനെ സംബന്ധിച്ചും ഏറെ സ്‌പെഷ്യലാണ്. താരത്തിന്റെ കരിയറിലെ 100ാം അന്താരാഷ്ട്ര ടെസ്റ്റാണ് ധര്‍മശാലയില്‍ അരങ്ങേറുക.
ഈ സാഹചര്യത്തില്‍ അശ്വിനെ ക്യാപ്റ്റന്‍സിയേല്‍പിക്കുന്നത് അദ്ദേഹത്തിനുള്ള ട്രിബ്യൂട്ടാകുമെന്നും ഗവാസ്‌കര്‍ പറയുന്നു.
നാലാം ടെസ്റ്റിന്റെ മൂന്നാം ദിവസത്തിന് ശേഷം ജിയോ സിനിമയില്‍ അശ്വിനോട് സംസാരിക്കവെയാണ് ഗവാസ്‌കര്‍ ഇക്കാര്യം പറഞ്ഞത്.
‘ഇന്ത്യ നാളെ ജയിച്ച് അടുത്ത മത്സരത്തിനായി ധര്‍മശാലയിലേക്ക് പോകും. അഞ്ചാം മത്സരത്തില്‍ രോഹിത് നിങ്ങളെ ക്യാപ്റ്റന്‍സിയേല്‍പിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന് നിങ്ങള്‍ നല്‍കിയ സംഭാവനകളെ ബഹുമാനിക്കുന്നതിനുള്ള മികച്ച പ്രവൃത്തിയായാണ് ഞാന്‍ കാണുന്നത്,’ ഗവാസ്‌കര്‍ പറഞ്ഞു.
ഇതിന് മറുപടിയായി താന്‍ ഇന്ത്യന്‍ ടീമിനൊപ്പമുള്ള ഓരോ നിമിഷവും ആസ്വദിക്കുകയാണെന്നായിരുന്നു അശ്വിന്റെ മറുപടി.
‘സണ്ണി ഭായ്, നിങ്ങളുടെ സ്‌നേഹപൂര്‍വമുള്ള പെരുമാറ്റത്തിന് ഏറെ നന്ദി. എന്നിരുന്നാലും ഈ കാര്യങ്ങളെ കുറിച്ചൊന്നും ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ല. അത്മാര്‍ത്ഥമായി പറഞ്ഞാല്‍ ഈ ടീമിനൊപ്പമുള്ള ഓരോ നിമിഷവും ഞാന്‍ ആസ്വദിക്കുകയാണ്. അത് എത്രകാലം നീളുന്നുവോ അത്രയും ഞാന്‍ സന്തോഷവാനായിരിക്കും,’ അശ്വിന്‍ പറഞ്ഞു.
അതേസമയം, അശ്വിന്റെ ബൗളിങ് പ്രകടനത്തിന് പിന്നാലെ നാലാം ടെസ്റ്റിലും ഇന്ത്യ വിജയത്തിനടുത്തെത്തിയിരിക്കുകയാണ്. മൂന്നാം ദിനം അവസാനിക്കുമ്പോള്‍ 152 റണ്‍സ് കൂടി കണ്ടെത്താന്‍ സാധിച്ചാല്‍ ഇന്ത്യക്ക് മത്സരവും പരമ്പരയും സ്വന്തമാക്കാന്‍ സാധിക്കും.
46 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുമായി കളത്തിലിറങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യന്‍ സ്പിന്‍ നിര ആക്രമിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. അശ്വിന്റെ ഫൈഫറും കുല്‍ദീപ് യാദവിന്റെ നാല് വിക്കറ്റ് നേട്ടവുമാണ് ഇന്ത്യക്ക് തുണയായത്.
ബെന്‍ ഡക്കറ്റ് , ഒലി പോപ്പ്, ജോ റൂട്ട്, ബെന്‍ ഫോക്‌സ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരെ അശ്വിന്‍ മടക്കിയപ്പോള്‍ സാക്ക് ക്രോളി, ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്, ടോം ഹാര്‍ട്‌ലി, ഒലി റോബിന്‍സണ്‍ എന്നിവരെ യാദവും പുറത്താക്കി. ജഡേജയാണ് ജോണി ബയര്‍സ്‌റ്റോയെ പുറത്താക്കിയത്.
അതേസമയം, രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 40 എന്ന നിലയിലാണ്. 27 പന്തില്‍ 24 റണ്‍സുമായി രോഹിത് ശര്‍മയും 21 പന്തില്‍ 16 റണ്‍സുമായി യശസ്വി ജെയ്‌സ്വാളുമാണ് ക്രീസില്‍.
Content highlight: England’s tour of India, Sunil Gavaskar wants R. Ashwin to lead India in 5th test