| Sunday, 4th June 2023, 11:34 am

'ഇതുപോലെ ഒരു കോച്ചിനെ ഇന്ത്യക്ക് കിട്ടിയിരുന്നേല്‍ പൊളിച്ചേനേ...' ഡോമിനേഷന്‍ എന്ന് പറഞ്ഞാല്‍ ടോട്ടല്‍ ഡോമിനേഷന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ടെസ്റ്റ് ക്രിക്കറ്റിന് പുതിയ ഭാവുകത്വം നല്‍കിയാണ് ബ്രണ്ടന്‍ മക്കെല്ലം ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമിന്റെ പരിശീലകസ്ഥാനമേറ്റെടുക്കുന്നത്. ആക്രമണോത്സുക ടെസ്റ്റ് ക്രിക്കറ്റ് എന്ന ബാസ്‌ബോള്‍ ശൈലിയായിരുന്നു മക്കെല്ലത്തിന്റെ മുഖമുദ്ര. ടെസ്റ്റ് ഫോര്‍മാറ്റിന്റെ വിരസതയില്‍ നിന്നും പുതുതലമുറ ക്രിക്കറ്റ് ആരാധകരെ ലോങ്ങര്‍ ഫോര്‍മാറ്റിലേക്ക് കൂടുതല്‍ ആകര്‍ഷിക്കാനും മക്കെല്ലത്തിന് സാധിച്ചിരുന്നു.

എതിരെ നില്‍ക്കുന്ന ബൗളറെ അറ്റാക്ക് ചെയ്ത് റണ്‍സ് കണ്ടെത്തുക എന്നതായിരുന്നു മക്കെല്ലം തന്റെ കുട്ടികളെ പഠിപ്പിച്ചത്. നൂറില്‍ താഴെ സ്‌ട്രൈക്ക് റേറ്റുള്ള ബാറ്റര്‍മാരെ അദ്ദേഹം വഴക്ക് പറയുന്നുവെന്ന് തമാശയായി പലരും പറഞ്ഞുതുടങ്ങിയതും അതുകൊണ്ടാണ്.

മക്കെല്ലത്തിന് കീഴില്‍ ഇംഗ്ലണ്ട് വിജയങ്ങള്‍ ഓരോന്നോരോന്നായി നേടിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ടീമിനും ഇതുപോലെ ഒരു കോച്ച് വേണമെന്ന് ആരാധകര്‍ ആഗ്രഹിക്കുന്നുണ്ട്. ഇന്ത്യയുടെ അടുത്ത ട്രാന്‍സിഷന്‍ പിരിയഡിലെ താരങ്ങളുടെ പൊട്ടെന്‍ഷ്യല്‍ പൂര്‍ണമായി പുറത്തെടുക്കാന്‍ മക്കെല്ലത്തെ പോലെ ഒരാള്‍ക്ക് സാധിക്കുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്.

അതേസമയം, മക്കെല്ലത്തിന് കീഴില്‍ ഇംഗ്ലണ്ട് മറ്റൊരു ടെസ്റ്റ് വിജയം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. അയര്‍ലന്‍ഡിന്റെ ഇംഗ്ലണ്ട് പര്യടനത്തിലാണ് ത്രീ ലയണ്‍സ് വീണ്ടും വിജയം സ്വന്തമാക്കിയത്.

മത്സരത്തിന്റെ മൂന്നാം ദിവസം തന്നെ പത്ത് വിക്കറ്റിന്റെ വിജയമാണ് ഇംഗ്ലണ്ട് നേടിയിരിക്കുന്നത്. ആഷസിന് മുന്നോടിയായുള്ള ഈ വിജയം ടീമിന് നല്‍കുന്ന ആത്മവിശ്വാസവും ചെറുതല്ല.

സ്‌കോര്‍:

                                          അയര്‍ലന്‍ഡ്               ഇംഗ്ലണ്ട്

ആദ്യ ഇന്നിങ്‌സ്:       172                                       524/4d
രണ്ടാം ഇന്നിങ്‌സ്:     362                                       12/0 (ടാര്‍ഗെറ്റ് 11)

2022 ജൂണ്‍ മുതല്‍ 13 മത്സരങ്ങളാണ് ഇംഗ്ലണ്ട് മക്കെല്ലത്തിന് കീഴില്‍ കളിച്ചത്. ഇതില്‍ 11 മത്സരങ്ങള്‍ വിജയിച്ചപ്പോള്‍ രണ്ടെണ്ണത്തില്‍ മാത്രം പരാജയം രുചിച്ചു. കോച്ച് എന്ന നിലയില്‍ 78.57 ആണ് മക്കെല്ലത്തിന്റെ വിജയശതമാനം.

വരാനിരിക്കുന്ന ആഷസിലും ഇതേ ഡോമിനന്‍സ് തന്നെ പുറത്തെടുക്കാനാകും മക്കെല്ലവും ഇംഗ്ലണ്ടും ഒരുങ്ങുന്നത്. അങ്ങനെയെങ്കില്‍ മറ്റൊരു അധ്യായവും ഇംഗ്ലണ്ടിന്റെ ചരിത്രപുസ്തകത്തില്‍ എഴുതിച്ചേര്‍ക്കപ്പെടും.

ജൂണ്‍ 16നാണ് ചരിത്രപ്രസിദ്ധമായ ആഷസ് പരമ്പരയുടെ 73ാം സീരീസിന് തുടക്കമാകുന്നത്. എഡ്ജ്ബാസ്റ്റനാണ് ആദ്യ ടെസ്റ്റിന് വേദിയാകുന്നത്.

പരമ്പരയിലെ മറ്റു മത്സരങ്ങളും വേദികളും

രണ്ടാം ടെസ്റ്റ് – ജൂണ്‍ 28 മുതല്‍ ജുലായ് രണ്ട് വരെ – ലോര്‍ഡ്‌സ്.

മൂന്നാം ടെസ്റ്റ് – ജുലായ് ആറ് മുതല്‍ പത്ത് വരെ – യോര്‍ക് ഷെയര്‍ ക്രിക്കറ്റ് ഗ്രൗണ്ട്.

നാലാം ടെസ്റ്റ് – ജുലായ് 19 മുതല്‍ 23 വരെ – ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ട്.

അഞ്ചാം ടെസ്റ്റ് – ജുലായ് 27 മുതല്‍ ജുലായ് 31 വരെ – ദി ഓവല്‍.

Content Highlight: England’s Test wins under Brendon McCullum

We use cookies to give you the best possible experience. Learn more