ഗള്ളി ക്രിക്കറ്റിലും കണ്ടം ക്രിക്കറ്റിലും പലപ്പോഴും സിക്‌സറടിച്ചാല്‍ ആ ബാറ്ററെ പുറത്താക്കുന്ന നിയമമുണ്ട്. അടുത്തുള്ള വീട്ടുകാരുടെ ജനല്‍ ചില്ലുകള്‍ പൊട്ടുമോ, കാട്ടിലേക്കടിച്ച് പന്ത് നഷ്ടപ്പെടുമോ എന്നെല്ലാമുള്ള ഭയമാണ് ഇതിന് കാരണവും.
എന്നാല്‍ ഇതേ നിയമം നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഒരു ക്രിക്കറ്റ് ക്ലബ്ബ് കൊണ്ടുവന്നാലോ, അതും ക്രിക്കറ്റിന്റെ ജന്മഭൂമിയായ ഇംഗ്ലണ്ടിലെ ഒരു ക്ലബ്ബ്! വിചിത്രമായി തോന്നിയേക്കാം അല്ലേ. എന്നാല്‍ സംഭവം സത്യമാണ്. ഈ നിയമം കൊണ്ടുവന്നതാകട്ടെ 1790ല്‍ സ്ഥാപിതമായ സൗത്ത്‌വിക് ആന്‍ഡ് സോര്‍ഹാം ക്രിക്കറ്റ് ക്ലബ്ബും.
ഗ്രൗണ്ടിന് സമീപത്തെ ആളുകളുടെ പരാതിക്ക് പിന്നാലെയാണ് ക്ലബ്ബിലെ ബാറ്റര്‍മാരെ ക്ലബ്ബ് സിക്‌സറടിക്കുന്നതില്‍ നിന്നും വിലക്കിയത്. ഇനി അഥവാ ഏതെങ്കിലും താരം സിക്‌സറടിക്കുകയാണെങ്കില്‍ അയാളെ ഔട്ടാക്കുകയും ചെയ്യും.
ക്ലബ്ബിന്റെ വിശദീകരണം
‘ടി-20 ഫോര്‍മാറ്റിന് പിന്നാലെ ബാറ്റര്‍മാര്‍ കൂടുതല്‍ അഗ്രസ്സീവാവുകയും സിക്‌സറുകള്‍ അടിക്കുകയും ചെയ്യുന്നുണ്ട്. സിക്‌സറടിക്കാന്‍ പാകത്തിലുള്ള വലിപ്പമൊന്നും ഈ ഗ്രൗണ്ടിനില്ല.
ഇതുകൊണ്ടുതന്നെ സമീപവാസികളുടെ ജനലുകളും കാറുകളുടെ വിന്‍ഡ്ഷീല്‍ഡുകളും തകരുന്നത് പതിവായിരിക്കുകയാണ്. നിയമനടപടികളും ഇന്‍ഷുറന്‍സ് ക്ലെയിമുകളും ഒഴിവാക്കുന്നതിനായി ഈ നിയമം നടപ്പിലാക്കുകയാണ്’ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മാച്ചിനിടെ ഒരു താരം സിക്‌സറടിക്കുകയാണെങ്കില്‍ അമ്പയര്‍ ആദ്യം ഒരു വാണിങ് നല്‍കും. സിക്‌സറടിച്ചതിന്റെ ആറ് റണ്‍സ് നല്‍കുകയുമില്ല. തുടര്‍ന്നും സിക്‌സറടിക്കുകയാണെങ്കില്‍ ആ താരത്തെ പുറത്താക്കുകയും ചെയ്യും. ബാറ്റര്‍മാര്‍ ക്ലബ്ബിന്റെ ഈ തീരുമാനത്തോട് കടുത്ത അതൃപ്തി പ്രകടപ്പിച്ചിട്ടുണ്ട്.
Content highlight: England’s Southwick and Shoreham Cricket Club introduced a rule to dismiss a batter who hits a six.