ഇതിലും മികച്ച രീതിയില്‍ ഒരാള്‍ക്ക് എങ്ങനെ കരിയര്‍ ആരംഭിക്കാനാകും; ആദ്യ പരമ്പരയില്‍ തന്നെ ഐ.സി.സിയുടെ തകര്‍പ്പന്‍ അംഗീകാരം
Sports News
ഇതിലും മികച്ച രീതിയില്‍ ഒരാള്‍ക്ക് എങ്ങനെ കരിയര്‍ ആരംഭിക്കാനാകും; ആദ്യ പരമ്പരയില്‍ തന്നെ ഐ.സി.സിയുടെ തകര്‍പ്പന്‍ അംഗീകാരം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 12th August 2024, 4:50 pm

ജൂലൈ മാസത്തിലെ ഐ.സി.സി പ്ലെയര്‍ ഓഫ് ദി മന്ത് (Player Of The Month) പുരസ്‌കാരം സ്വന്തമാക്കി ഇംഗ്ലണ്ട് യുവ പേസര്‍ ഗസ് ആറ്റ്കിന്‍സണ്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് ആറ്റ്കിന്‍സണെ പുരസ്‌കാരം തേടിയെത്തിയത്. ചമാരി അത്തപ്പത്തുവാണ് വനിതാ വിഭാഗത്തില്‍ ഈ നേട്ടം സ്വന്തമാക്കിയത്.

 

 

ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍, ഏകദിന ഫോര്‍മാറ്റില്‍ അരങ്ങേറ്റക്കാരന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്ത സ്‌കോട്ടിഷ് യുവതാരം ചാര്‍ളി കാസെല്‍ എന്നിവരെ പിന്തള്ളിയാണ് ആറ്റ്കിന്‍സണ്‍ പുരസ്‌കാരം കൈപ്പിടിയിലൊതുക്കിയത്.

വെസ്റ്റ് ഇന്‍ഡീസിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ മികച്ച പ്രകടനമാണ് ആറ്റ്കിന്‍സണെ ആ പുരസ്‌കാര നേട്ടത്തിന് അര്‍ഹനാക്കിയത്. അരങ്ങേറ്റ പരമ്പരയില്‍ തന്നെ പുരസ്‌കാര നേട്ടവുമായാണ് ആറ്റ്കിന്‍സണ്‍ വരവറിയിച്ചിരിക്കുന്നത്.

ഇതിഹാസ താരം ജെയിംസ് ആന്‍ഡേഴ്‌സണിന്റെ അവസാന മത്സരം എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട് – വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ ലോര്‍ഡ്‌സ് ടെസ്റ്റ് ചര്‍ച്ച ചെയ്യപ്പെട്ടത്. എന്നാല്‍ മത്സരം അവസാനിച്ചതിന് പിന്നാലെ ആ ടെസ്റ്റ് ആറ്റ്കിന്‍സണിന്റേതായി മാറുകയായിരുന്നു.

മൂന്നാം ദിവസത്തിന്റെ ആദ്യ സെഷനില്‍ തന്നെ ഇംഗ്ലണ്ട് ലോര്‍ഡ്‌സ് ടെസ്റ്റ് വിജയിച്ചിട്ടുണ്ടെങ്കില്‍ അതിന് കാരണം ആറ്റ്കിന്‍സണ്‍ മാത്രമായിരുന്നു.

മത്സരത്തിലെ ആദ്യ ഇന്നിങ്‌സിലും രണ്ടാം ഇന്നിങ്‌സിലും ഫൈഫര്‍ നേടിയാണ് ആറ്റ്കിന്‍സണ്‍ തിളങ്ങിയത്.

ആദ്യ ഇന്നിങ്‌സില്‍ 12.0 ഓവര്‍ പന്തെറിഞ്ഞ് ഏഴ് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. 45 റണ്‍സ് മാത്രം വഴങ്ങി മികച്ച രീതിയില്‍ പന്തെറിഞ്ഞ താരത്തിന്റെ എക്കോണമി 3.75 ആയിരുന്നു.

ആറ്റ്കിന്‍സണിന്റെ ബൗളിങ് കരുത്തില്‍ വിന്‍ഡീസ് വെറും 121 റണ്‍സിന് പുറത്തായി. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 371 റണ്‍സ് അടിച്ചെടുത്തു.

250 റണ്‍സിന്റെ കടവുമായി ഇറങ്ങിയ വിന്‍ഡീസ് 136ന് പുറത്തായി. ഇത്തവണയും പന്തുകൊണ്ട് ആറ്റ്കിന്‍സണ്‍ മാജിക് പുറത്തെടുത്തു. സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡറിന്റേതടക്കം അഞ്ച് വിക്കറ്റാണ് താരം സ്വന്തമാക്കിയത്.

ഇംഗ്ലണ്ട് ഇന്നിങ്‌സിനും 114 റണ്‍സിനും വിജയിച്ച മത്സരത്തില്‍ 12 വിക്കറ്റ് നേടി കളിയിലെ താരമായതും ആറ്റ്കിന്‍സണ്‍ തന്നെയായിരുന്നു.

 

പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരത്തില്‍ നിന്നും പത്ത് വിക്കറ്റ് കൂടി നേടി 22 വിക്കറ്റുമായാണ് ആറ്റ്കിന്‍സണ്‍ അരങ്ങേറ്റം കളറാക്കിയത്. പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും ആറ്റ്കിന്‍സണായിരുന്നു.

ആഗസ്റ്റ് 21ന് ആരംഭിക്കുന്ന ശ്രീലങ്കയുടെ ഇംഗ്ലണ്ട് പര്യടനമാണ് ഇനി ആറ്റ്കിന്‍സണ് മുമ്പിലുള്ളത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സ്റ്റാന്‍ഡിങ്‌സില്‍ മുന്നേറാനൊരുങ്ങുന്ന ഇംഗ്ലണ്ടിന് ശ്രീലങ്കക്കെതിരെയും മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് അനിവാര്യമാണ്.

 

Content highlight: England’s Gus Atkinson wins Player of the Month award