ലോര്‍ഡ്‌സ് ടെസ്റ്റ് അതിന്റെ അന്ത്യനിമിഷങ്ങളിലേയ്ക്ക് കടക്കുകയായിരുന്നു. ഇന്ത്യയ്‌ക്കെതിരെ സമനില പിടിച്ചെടുക്കാന്‍ ഇംഗ്ലണ്ടിന് 10 ഓവറുകള്‍ അതിജീവിച്ചാല്‍ മതിയായിരുന്നു. ജോസ് ബട്‌ലറും ഓലി റോബിന്‍സണും പാറ പോലെ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇന്ത്യയുടെ തന്ത്രങ്ങളൊന്നും ഫലിക്കാത്ത അവസ്ഥ.
ഇന്ത്യന്‍ സ്‌കിപ്പര്‍ വിരാട് കോഹ്‌ലി തന്റെ വിശ്വസ്തനായ പോരാളിയെ വിളിച്ചു. ജസ്പ്രീത് ബുംറ പന്തെറിയാനെത്തി. കൂടയില്‍നിന്ന് പലനിറമുള്ള മുയലുകളെ പുറത്തെടുക്കുന്ന മജീഷ്യനെപ്പോലെയായിരുന്നു ബുംറ!
ആദ്യം ബുംറ റൗണ്ട് ദ വിക്കറ്റ് ശൈലിയിലേക്ക് മാറി. ബൗണ്‍സര്‍ എറിഞ്ഞ് റോബിന്‍സണെ ബാക്ക്ഫൂട്ടിലേക്ക് തള്ളി. പിന്നാലെ ഒരു സ്ലോബോളും. അത്രയേറെ കൗശലങ്ങളെ മറികടക്കാനുള്ള ശേഷി ഇംഗ്ലണ്ടിന്റെ ലോവര്‍ ഓര്‍ഡര്‍ ബാറ്റ്‌സ്മാനുണ്ടായിരുന്നില്ല. റോബിന്‍സണ്‍ വിക്കറ്റിനുമുമ്പില്‍ കുടുങ്ങി!
അടുത്ത ഊഴം മൊഹമ്മദ് സിറാജിന്റേതായിരുന്നു. ആദ്യം ബട്‌ലറെ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. അവശേഷിച്ച ഒരേയൊരു പ്രതിബന്ധം ജിമ്മി ആന്‍ഡേഴ്‌സനായിരുന്നു. ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് വരെ ബുംറയുടെ രക്തത്തിനുവേണ്ടി ദാഹിച്ചിരുന്ന ആന്‍ഡേഴ്‌സന്‍!
മിനുട്ടുകള്‍ക്കകം സിറാജിന്റെ പന്തില്‍ ആന്‍ഡേഴ്‌സന്റെ ഓഫ്സ്റ്റംമ്പ് ഇളകി. ആ സ്റ്റംമ്പ് ഊരിയെടുത്ത് സിറാജ് കുതിച്ചുപാഞ്ഞു. ഇന്ത്യയ്ക്ക് 151 റണ്‍സിന്റെ അഭിമാനജയം!
ആന്‍ഡേഴ്‌സന്‍ നിരാശയോടെ തലകുനിച്ചുനില്‍ക്കുമ്പോള്‍ ഡീപ് ഫൈന്‍ലെഗ്ഗില്‍ ബുംറ തലയും കരങ്ങളും ഉയര്‍ത്തി ആഹ്ലാദിക്കുന്നുണ്ടായിരുന്നു. ഇന്ത്യന്‍ ആരാധകര്‍ക്ക് കാലാകാലങ്ങളോളം സൂക്ഷിച്ചുവെയ്ക്കാനുള്ള ഫ്രെയിം!
ലോകം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് കടന്നുവെങ്കിലും ഇംഗ്ലീഷ് വരേണ്യബോധത്തിന്റെ വേരുകള്‍ അറ്റുപോയിട്ടില്ല. അതുകൊണ്ടാണ് ഇംഗ്ലീഷ് കാണികള്‍ ഇന്ത്യന്‍ ഓപ്പണറായ കെ.എല്‍ രാഹുലിനുനേരെ ബിയര്‍ ബോട്ടിലിന്റെ കോര്‍ക്കുകള്‍ എറിഞ്ഞത്.
ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സില്‍ ആന്‍ഡേഴ്‌സന്‍ ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ പൊതുവെ ശാന്തനായ ബുംറ ഷോര്‍ട്ട്‌ബോളുകള്‍ കൊണ്ട് ആക്രമിച്ചിരുന്നു. ഇന്ത്യ അത്തരമൊരു തന്ത്രം അവലംബിച്ചത് കാണികളുടെ പ്രകോപനം മൂലമാകാം.
വൈരാഗ്യം ഗ്രൗണ്ടിനുപുറത്തേയ്ക്ക് കൊണ്ടുപോകാന്‍ ബുംറ ആഗ്രഹിച്ചിരുന്നില്ല. തീപാറിയ ആ സ്‌പെല്ലിനുശേഷം ആന്‍ഡേഴ്‌സന്റെ പുറത്തുതട്ടി ആശ്വസിപ്പിക്കാനാണ് ബുംറ ശ്രമിച്ചത്. പക്ഷേ ആന്‍ഡേഴ്‌സന്‍ ബുംറയുടെ പിന്നാലെ നടന്ന് പരുഷമായ വാക്കുകള്‍ ചൊരിഞ്ഞുകൊണ്ടിരുന്നു.
ടെസ്റ്റിന്റെ അഞ്ചാം ദിവസം ബുംറയെ കൈകാര്യം ചെയ്യാം എന്ന പ്രതീക്ഷയിലായിരുന്നു റൂട്ടും സംഘവും. ഋഷഭ് പുറത്താവുമ്പോള്‍ ഇന്ത്യയുടെ ലീഡ് കഷ്ടിച്ച് 150 കടന്നിട്ടേ ഉണ്ടായിരുന്നുള്ളൂ. എത്രയും വേഗം ഇന്ത്യന്‍ ഇന്നിങ്‌സ് ചുരുട്ടിക്കെട്ടി ജയിക്കാമെന്ന് ഇംഗ്ലണ്ട് കിനാവുകണ്ടിരുന്നു.
അവര്‍ക്ക് മറ്റൊരു മോഹം കൂടിയുണ്ടായിരുന്നു-ബുംറയുടെ മനസ്സിലും ശരീരത്തിലും കുറെയേറെ മുറിവുകള്‍ സൃഷ്ടിക്കുക!
ബുംറ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ മാര്‍ക്ക് വുഡിന്റെ പന്തുകള്‍ 150 കിലോമീറ്ററിനടുത്ത് വേഗതയില്‍ ചീറിപ്പാഞ്ഞെത്തി. ചിലതെല്ലാം ബുംറയുടെ ഹെല്‍മറ്റിലിടിച്ചു. ടീം ഫിസിയോയ്ക്ക് പലതവണ ഗ്രൗണ്ടിലിറങ്ങേണ്ടിവന്നു. പന്ത് ബുംറയുടെ തലയില്‍ കൊണ്ടപ്പോഴെല്ലാം ഇംഗ്ലീഷ് കാണികള്‍ കൊലവിളി നടത്തി!
അതിനുപുറമെ വുഡും ആന്‍ഡേഴ്‌സനും ബട്‌ലറുമെല്ലാം ചേര്‍ന്ന് ബുംറയെ ചീത്തവിളിക്കുകയും ചെയ്തു. ഇതെല്ലാം ബുംറയെ കൂടുതല്‍ കരുത്തനാക്കുകയാണ് ചെയ്തത്! മൊഹമ്മദ് ഷമിയോടൊപ്പം അയാള്‍ അവിശ്വസനീയമായ ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
കൂട്ടുകാരന് വേണ്ടി ജീവന്‍ നല്‍കും എന്ന മട്ടിലായിരുന്നു ഷമിയുടെ ബാറ്റിങ്ങ്. മോയിന്‍ അലിയെ സ്റ്റെപ്പൗട്ട് ചെയ്ത് സിക്‌സറടിച്ചാണ് ഷമി അര്‍ദ്ധസെഞ്ച്വറി തികച്ചത്. പ്രഗല്ഭനായ ബോക്‌സറുടെ പെര്‍ഫെക്റ്റ് പഞ്ച് പോലെ ഒരെണ്ണം. അതോടെ ഇംഗ്ലണ്ട് റിങ്ങിനുപുറത്തേക്ക് തെറിച്ചു.
ഈ വിജയത്തിന് ഒരുപാട് അവകാശികളുണ്ട്.
ആദ്യ ഇന്നിങ്‌സില്‍ ക്ലാസിക് ബാറ്റിംഗ് കാഴ്ച്ചവെച്ച രാഹുലും രോഹിതും… രണ്ടാം ഇന്നിംഗ്‌സില്‍ രക്ഷകരുടെ വേഷം കെട്ടിയ പുജാരയും രഹാനെയും…പ്രധാന വിക്കറ്റുകള്‍ വീഴ്ത്തിയ ഇഷാന്തും സിറാജും…ധീരമായ ഡിക്ലറേഷന്‍ നടത്തിയ വിരാട് എന്ന നായകന്‍…
അങ്ങനെ പലരും…
പക്ഷേ ബുംറയെ എറിഞ്ഞൊതുക്കാന്‍ ശ്രമിച്ച നിമിഷത്തിലാണ് ഇംഗ്ലണ്ടിന് കളി കൈവിട്ടുപോയത്. ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും ബുംറ അവരുടെ അന്തകനായി. ഇംഗ്ലണ്ടിന്റെ റണ്‍ചേസിലെ ആദ്യ ഓവറില്‍ തന്നെ വിക്കറ്റെടുത്ത് വഴി വെട്ടിയത് ബുംറയാണ്. അവരുടെ അത്താണിയായിരുന്ന ജോ റൂട്ടിനെ കടപുഴക്കിയതും ബുംറ തന്നെ.
ലോര്‍ഡ്‌സിന് കൊമ്പുണ്ട് എന്ന ഇംഗ്ലീഷ് അഹന്തയെ പണ്ട് സൗരവ് ഗാംഗുലി പരിഹസിച്ചിരുന്നു. നാറ്റ്വെസ്റ്റ് ട്രോഫി ജയിച്ചതിനുശേഷം ജഴ്‌സി ഊരി വീശിയ ദാദയെ ഇന്ത്യന്‍ ആരാധകര്‍ മറക്കില്ല. മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജെഫ്രി ബോയ്‌ക്കോട്ട് ഒരിക്കല്‍ ഗാംഗുലിയോട് ഇതിനെപ്പറ്റി സംസാരിക്കുകയുണ്ടായി-
ബോയ്‌കോട്ട്-”നിങ്ങള്‍ എന്തിനാണ് ലോര്‍ഡ്‌സില്‍ അത്തരമൊരു ആഹ്ലാദപ്രകടനം നടത്തിയത്?’
ഗാംഗുലി-”മുംബൈ വാംഖഡേയില്‍ ഒരു ഏകദിനം ജയിച്ചപ്പോള്‍ നിങ്ങളുടെ ടീമിലെ ആന്‍ഡ്രൂ ഫ്‌ലിന്റോഫ് ജഴ്‌സി ഊരി വീശിയല്ലോ…?’
ബോയ്‌ക്കോട്ട്-”അത് മുംബൈ. ഇത് ലോര്‍ഡ്‌സ്. ഹോം ഓഫ് ക്രിക്കറ്റ്…!”
ഗാംഗുലി-”ലോര്‍ഡ്‌സ് നിങ്ങളുടെ ഹോം ഓഫ് ക്രിക്കറ്റ് ആയിരിക്കും. ഞങ്ങള്‍ക്കത് വാംഖഡേ ആണ്…!”അതേ വാംഖഡേ മൈതാനത്തില്‍ കളിച്ചുതെളിഞ്ഞ ബുംറ ഇംഗ്ലീഷ് ഹുങ്കിനുമേല്‍ ഒരു ആണികൂടി അടിച്ചുകയറ്റിയിട്ടുണ്ട്. ആ പരിക്കില്‍ നിന്ന് രക്തം ഒഴുകുകയാണ്. ട്രെന്റ് നദിയിലെ തെളിനീരുപോലെ…!
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: England’s dangerous play to provoke India