വെസ്റ്റ് ഇന്‍ഡീസിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ മൂന്നാം ടെസ്റ്റില്‍ ആതിഥേയര്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ പത്ത് വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയിച്ചുകയറിയത്. വീന്‍ഡീസ് ഉയര്‍ത്തിയ 82 റണ്‍സിന്റെ വിജയലക്ഷ്യം 7.2 ഓവറില്‍ സ്വന്തമാക്കിയാണ് ഇംഗ്ലണ്ട് വിജയിച്ചുകയറിയത്.
ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 3-0ന് ക്ലീന്‍ സ്വീപ് ചെയ്യാനും ഇംഗ്ലണ്ടിനായി.
സ്‌കോര്‍
വെസ്റ്റ് ഇന്‍ഡീസ്: 282 & 175
ഇംഗ്ലണ്ട്: 376 & 87/0 (T:82)
ഇതോടെ മറ്റൊരു നേട്ടവും ഇംഗ്ലണ്ടിനെ തേടിയെത്തിയിരിക്കുകയാണ്. എഡ്ജ്ബാസ്റ്റണില്‍ പത്ത് വിക്കറ്റിന് ടെസ്റ്റ് വിജയിക്കുന്ന ടീമെന്ന നേട്ടമാണ് ഇംഗ്ലണ്ട് ഒരിക്കല്‍ക്കൂടി സ്വന്തമാക്കിയത്. ഒരു നൂറ്റാണ്ടിനപ്പുറം 1909ലാണ് ഒരു ടീം ആദ്യമായി എഡ്ജ്ബാസ്റ്റണില്‍ പത്ത് വിക്കറ്റിന് ടെസ്റ്റ് മത്സരം വിജയിക്കുന്നത്. ശേഷം 2024ലാണ് ഈ നേട്ടം പിറവിയെടുത്തത്.
1909ല്‍ നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയായിരുന്നു ഇംഗ്ലണ്ടിന്റെ എതിരാളികള്‍. മെയ് 27ന് ആരംഭിച്ച മത്സരം 29ന് അവസാനിച്ചു.
മത്സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ ഓസീസ് 74ന് പുറത്തായി. 24 റണ്‍സ് നേടിയ ഡബ്ല്യൂ.ഡബ്ല്യൂ. ആംസ്‌ട്രോങ്ങായിരുന്നു ടോപ് സ്‌കോറര്‍. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനും തിളങ്ങാന്‍ സാധിച്ചില്ല. 121ന് ടീം പുറത്തായി.
ആദ്യ ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയ ഓസീസ് രണ്ടാം ഇന്നിങ്‌സില്‍ 151 റണ്‍സ് നേടി. 43 റണ്‍സ് വീതം നേടിയ എസ്.എ. ഗ്രിഗറിയും വി.എസ്. റാന്‍സ്‌ഫോര്‍ഡുമാണ് ഇന്നിങ്‌സില്‍ തുണയായത്.
ഓസീസ് ഉയര്‍ത്തിയ 105 റണ്‍സിന്റെ വിജയലക്ഷ്യം ഓപ്പണര്‍ ജെ.ബി. ഹോബ്‌സിന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു.
സ്‌കോര്‍
ഓസ്‌ട്രേലിയ: 74 & 151
ഇംഗ്ലണ്ട്: 121 & 105/0 (T:105)
അതേസമയം, ഇപ്പോള്‍ അവസാനിച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 282 റണ്‍സിന് പുറത്തായിരുന്നു. ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാതൈ്വറ്റിന്റെയും സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡറിന്റെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് വിന്‍ഡീസ് മോശമല്ലാത്ത ആദ്യ ഇന്നിങ്സ് സ്‌കോര്‍ സ്വന്തമാക്കിയത്.
ബ്രാതൈ്വറ്റ് 86 പന്തില്‍ 61 റണ്‍സ് നേടിയപ്പോള്‍ 112 പന്ത് നേരിട്ട് 59 റണ്‍സാണ് ഹോള്‍ഡര്‍ ടോട്ടലിലേക്ക് കൂട്ടിച്ചേര്‍ത്തത്. 99 പന്ത് നേരിട്ട് 49 റണ്‍സ് നേടിയ ജോഷ്വ ഡ സില്‍വയുടെ ഇന്നിങ്സും വിന്‍ഡീസിന് തുണയായി.
ഇംഗ്ലണ്ടിനായി ഗസ് ആറ്റ്കിന്‍സണ്‍ നാല് വിക്കറ്റ് നേടി. ക്രിസ് വോക്സ് മൂന്ന് കരീബിയന്‍ താരങ്ങളെ മടക്കിയപ്പോള്‍ ആന്‍ഡേഴ്സണ് പകരക്കാരനായെത്തിയ മാര്‍ക് വുഡ് രണ്ട് വിക്കറ്റും നേടി. ഷോയ്ബ് ബഷീറാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.
ആദ്യ ഇന്നിങ്സിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലേ പിഴച്ചു. സ്‌കോര്‍ ബോര്‍ഡില്‍ 54 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും അഞ്ച് മുന്‍നിര താരങ്ങള്‍ കൂടാരം കയറി.
സാക്ക് ക്രോളി (13 പന്തില്‍ 18), ബെന്‍ ഡക്കറ്റ് (12 പന്തില്‍ 3), മാര്‍ക് വുഡ് (8 പന്തില്‍ 0), ഒല്ലി പോപ്പ് (20 പന്തില്‍ 10), ഹാരി ബ്രൂക്ക് (3 പന്തില്‍ 2) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.
എന്നാല്‍ നായകന്‍ ബെന്‍ സ്റ്റോക്സിനെ ഒപ്പം കൂട്ടി ജോ റൂട്ട് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. മോഡേണ്‍ ക്രിക്കറ്റിലെ വണ്‍ ഓഫ് ദി ബെസ്റ്റ് എന്ന് എന്തുകൊണ്ടാണ് തന്നെ വിളിക്കുന്നതെന്ന് വ്യക്തമാക്കുന്ന ഇന്നിങ്സാണ് താരം പുറത്തെടുത്തത്. ഈ ഇന്നിങ്‌സിന് പിന്നാലെ ടെസ്റ്റ് ഫോര്‍മാറ്റിലെ 12,000 റണ്‍സ് മാര്‍ക് പിന്നിടാനും റൂട്ടിനായി. ജോ റൂട്ട് 87 റണ്‍സ് നേടിയപ്പോള്‍ 54 റണ്‍സടിച്ചാണ് സ്‌റ്റോക്‌സ് പുറത്തായത്.
വിക്കറ്റ് കീപ്പര്‍ ജെയ്മി സ്മിത് 109 പന്തില്‍ 95 റണ്‍സും ക്രിസ് വോക്‌സ് 78 പന്തില്‍ 62 റണ്‍സും നേടിയതോടെ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ 376ലെത്തി.
വിന്‍ഡീസിനായി അല്‍സാരി ജോസഫ് നാല് വിക്കറ്റ് നേടിയപ്പോള്‍ ജെയ്ഡന്‍ സീല്‍സ് മൂന്ന് വിക്കറ്റും സ്വന്തമാക്കി. രണ്ട് വിക്കറ്റ് നേടിയ ഷമര്‍ ജോസഫും ഒരു വിക്കറ്റ് സ്വന്തമാക്കിയ ഗുഡാകേഷ് മോട്ടിയുമാണ് ഇംഗ്ലണ്ടിനെ പുറത്താക്കിയത്.
ആദ്യ ഇന്നിങ്‌സ് ലീഡ് വഴങ്ങിയ വിന്‍ഡീസ് രണ്ടാം ഇന്നിങ്‌സില്‍ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും ഇംഗ്ലണ്ട് ബൗളര്‍മാരെ മറികടന്ന് റണ്‍സുയര്‍ത്താന്‍ അവര്‍ക്കായില്ല. അര്‍ധ സെഞ്ച്വറി നേടിയ മൈക്കില്‍ ലൂയീസും കവേം ഹോഡ്ജുമാണ് വിന്‍ഡീസിനെ വന്‍ നാണക്കേടില്‍ നിന്നും കരകയറ്റിയത്.
ലൂയീസ് 95 പന്തില്‍ 57 റണ്‍സ് നേടിയപ്പോള്‍ 76 പന്തില്‍ 55 റണ്‍സാണ് ഹോഡ്ജ് കൂട്ടിച്ചേര്‍ത്തത്. 12 റണ്‍സ് വീതം നേടിയ ജേസണ്‍ ഹോള്‍ഡറും അലിക് അത്തനാസുമാണ് വിന്‍ഡീസ് നിരയില്‍ രണ്ടക്കം കണ്ട മറ്റ് താരങ്ങള്‍
രണ്ടാം ഇന്നിങ്‌സില്‍ മാര്‍ക് വുഡ് ഫൈഫര്‍ നേടി. ഗസ് ആറ്റ്കിന്‍സണ്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ക്രിസ് വോക്‌സ്, ഷോയ്ബ് ബഷീര്‍, ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
മത്സരം വിജയിക്കാന്‍ 82 റണ്‍സായിരുന്നു ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ നേടേണ്ടിയിരുന്നത്. എന്നാല്‍ ഓപ്പണറുടെ റോളിലെത്തിയ ബെന്‍ സ്‌റ്റോക്‌സ് ബീസ്റ്റ് മോഡിലേക്ക് ഗിയര്‍ മാറ്റിയതോടെ ടി-20 കളിക്കുന്ന രീതിയില്‍ ഇംഗ്ലണ്ട് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.
സ്റ്റോക്‌സ് 28 പന്തില്‍ നിന്നും പുറത്താകാതെ 57 റണ്‍സ് നേടി. ഒമ്പത് ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെടെ 203.57 സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്. 24 പന്തില്‍ 50 തികച്ച സ്റ്റോക്‌സ് ടെസ്റ്റ് ചരിത്രത്തിലെ വേഗതയേറിയ സെഞ്ച്വറിയുടെ റെക്കോഡും തന്റെ പേരില്‍ കുറിച്ചു.
ബെന്‍ ഡക്കറ്റ് 16 പന്തില്‍ നാല് ഫോറിന്റെ അകമ്പടിയോടെ 25 റണ്‍സും നേടി. ഇതോടെ മൂന്നാം ദിവസത്തിന്റെ രണ്ടാം സെഷനില്‍ ഇംഗ്ലണ്ട് വിജയമുറപ്പിച്ചു.
Content Highlight: England’s 10 wicket win in Edgebaston