| Sunday, 14th July 2019, 7:31 pm

പുതിയ ചാമ്പ്യനാര് ? മേല്‍ക്കൈ നേടി ആതിഥേയര്‍; ലോര്‍ഡ്‌സില്‍ കപ്പുയര്‍ത്താന്‍ ഇംഗ്ലണ്ടിന് 242 റണ്‍സ് മതി

സ്പോര്‍ട്സ് ഡെസ്‌ക്

ലണ്ടന്‍: ക്രിക്കറ്റിലെ പുത്തന്‍ ചാമ്പ്യനെ തേടിയുള്ള പോരാട്ടത്തില്‍ ആതിഥേയരുടെ ബൗളിങ് കരുത്തിനെ നേരിടാനാവാതെ ന്യൂസിലന്‍ഡ്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കിവീസിന് 50 ഓവര്‍ പിന്നിട്ടപ്പോള്‍ എട്ട് വിക്കറ്റിന് 241 റണ്‍സെടുക്കാനേ സാധിച്ചിട്ടുള്ളൂ.

ലോര്‍ഡ്‌സില്‍ നടക്കുന്ന കലാശപ്പോരില്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടപ്പെടുകയും ഒരു ഘട്ടത്തില്‍പ്പോലും റണ്‍നിരക്ക് വര്‍ധിപ്പിക്കാനും ആയില്ല. ഓപ്പണര്‍ ഹെന്റി നിക്കോള്‍സാണ് (55) ടോപ്‌സ്‌കോറര്‍.

ടോം ലാഥം (47), ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (30) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചപ്പോഴാണ് താരതമ്യേന ഭേദപ്പെട്ടത് എന്നുപറയാവുന്ന സ്‌കോറില്‍ കിവീസെത്തിയത്. അതിനിടെ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ക്യാപ്റ്റനെന്ന റെക്കോഡ് നേടാനും വില്യംസണായി.

മറുവശത്ത് ക്രിസ് വോക്ക്‌സ്, ലിയാം പ്ലങ്കറ്റ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഇംഗ്ലീഷ് ബൗളര്‍മാരില്‍ ബെന്‍ സ്‌റ്റോക്‌സ് മൂന്നോവറില്‍ 20 റണ്‍സ് വഴങ്ങിയതു മാറ്റിനിര്‍ത്തിയാല്‍ മറ്റൊരു ബൗളറും അഞ്ച് റണ്‍സിനു മുകളില്‍പ്പോലും ഒരൊവറില്‍ റണ്‍സ് നല്‍കിയില്ലെന്നതു ശ്രദ്ധേയമാണ്.

We use cookies to give you the best possible experience. Learn more