ഇംഗ്ലണ്ട് 2024 യൂറോകപ്പിന്റെ ഫൈനലില്‍. സിഗ്‌നല്‍ ഇഡ്യൂന പാര്‍ക്കില്‍ വെച്ച് നടന്ന മത്സരത്തില്‍ നെതര്‍ലാന്‍ഡ്‌സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഹാരി കെയ്‌നും കൂട്ടരും കലാശ പോരാട്ടത്തിലേക്ക് മുന്നേറിയത്.
യൂറോകപ്പിലെ ഇംഗ്ലണ്ടിന്റെ തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ ആണിത്. കഴിഞ്ഞ യൂറോ കപ്പില്‍ ഫൈനല്‍ വരെ മുന്നേറാന്‍ ഇംഗ്ലണ്ടിന് സാധിച്ചെങ്കിലും കിരീട പോരാട്ടത്തില്‍ ഇറ്റലിയോട് പരാജയപ്പെടുകയായിരുന്നു.
മറ്റൊരു യൂറോകപ്പിന്റെ ഫൈനല്‍ കൂടി മുന്നിലെത്തുമ്പോള്‍ നീണ്ടകാലത്തെ കിരീട വരച്ച അവസാനിപ്പിക്കാനുള്ള സുവർണാവസരമാണ് ഇംഗ്ലണ്ടിന്റെ മുന്നില്‍ എത്തി നില്‍ക്കുന്നത്.
ജൂലൈ 15ന് ബെർണിലെ ഒളിമ്പിയ സ്റ്റേഡിയത്തിൽ നടക്കുന്ന യൂറോ മാമാങ്കത്തിന്റെ ഫൈനല്‍ പോരാട്ടത്തില്‍ ഫ്രാന്‍സിനെ വീഴ്ത്തിയെത്തിയ സ്‌പെയ്‌നിനെയാണ് ഇംഗ്ലണ്ട് നേരിടുക. യൂറോകപ്പിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇംഗ്ലണ്ടും സ്‌പെയിനും ഫൈനലില്‍ നേര്‍ക്കുനേര്‍ എത്തുന്നത്.
അതേസമയം മത്സരം തുടങ്ങി ഏഴാം മിനിട്ടില്‍ തന്നെ സാവി സിമോണ്‍സിലൂടെ ഓറഞ്ച് പടയാണ് ആദ്യം ലീഡ് നേടിയത്. എന്നാല്‍ ഈ ഗോളിന് വെറും 11 മിനിട്ട് മാത്രമേ ആയുസ് ഉണ്ടായിരുന്നുള്ളൂ. 18 മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് ഹാരി കെയ്ന്‍ ഇംഗ്ലീഷ് പടയെ മത്സരത്തില്‍ ഒപ്പമെത്തിക്കുകയായിരുന്നു.
ഒടുവില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു. രണ്ടാം പകുതിയില്‍ ഇരുടീമുകളും വിജയ ഗോളിനായി മികച്ച നീക്കങ്ങളാണ് നടത്തിയത്. ഒടുവില്‍ മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ഒല്ലി വാറ്റ്കിന്‍സിലൂടെ ഇംഗ്ലണ്ട് വിജയഗോള്‍ നേടുകയായിരുന്നു.
മത്സരത്തില്‍ 59 ശതമാനം ബോള്‍ പൊസഷനും കെയ്‌നിന്റെയും കൂട്ടരുടെയും അടുത്തായിരുന്നു. ഒമ്പത് ഷോട്ടുകളാണ് എതിര്‍ ടീമിന്റെ പോസ്റ്റിലേക്ക് ഇംഗ്ലണ്ട് കുതിര്‍ത്തത് ഇതില്‍ അഞ്ചെണ്ണവും ലക്ഷ്യത്തിലേക്ക് ആയിരുന്നു. മറുഭാഗത്ത് ഏഴ് ഷോട്ടുകള്‍ ഇംഗ്ലണ്ടിന്റെ പോസ്റ്റിലേക്ക് ഉന്നം വെച്ച ഡച്ച് പടക്ക് രണ്ട് ഷോട്ട് മാത്രമേ ഓണ്‍ ടാര്‍ഗറ്റില്‍ എത്തിക്കാന്‍ സാധിച്ചത്.
Content Highlight: England Reach Euro Cup 2024 Final