| Thursday, 15th September 2022, 7:18 pm

ഇതാണ് ക്രിക്കറ്റ് സ്പിരിറ്റ്; തകര്‍ന്നുകിടക്കുന്ന പാകിസ്ഥാനെ സാമ്പത്തികമായി സഹായിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ്; കയ്യടിച്ച് കായിക ലോകം

സ്പോര്‍ട്സ് ഡെസ്‌ക്

വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന പാകിസ്ഥാനെ സാമ്പത്തികമായി സഹായിക്കാനൊരുങ്ങി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. ഈ മാസം 20ന് ഇരുവരും തമ്മില്‍ പാകിസ്ഥാനില്‍ വെച്ച് പരമ്പര നടക്കാനിരിക്കെയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഇത്തരമൊരു നടപടിക്കൊരുങ്ങുന്നത്.

‘പാകിസ്ഥാനിലെ ആളുകള്‍ പ്രളയത്തെ അഭിമുഖീകരിക്കുന്ന സമയമാണ്. ഒരു ടീം എന്ന നിലയില്‍ ഞങ്ങള്‍ (ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ്) ചേര്‍ന്ന് ഇപ്പോള്‍ ഒരു ഡൊണേഷന്‍ നല്‍കുകയാണ്.

അതുപോലെ നിങ്ങളും സാമ്പത്തികമായും മറ്റും സഹായമാവശ്യമുള്ളവരെ സഹായിക്കാന്‍ ചെറിയ ശ്രമം നടത്തുകയും ചെയ്യുക. ചില ക്രിക്കറ്റ് മത്സരങ്ങള്‍ കളി എന്നതിലുപരി, പലര്‍ക്കും ഉയര്‍ത്തെഴുന്നേല്‍പിനുള്ള ഒരു മരുന്ന് ആകുമെന്നാണ് ഞാന്‍ കരുതുന്നത്,’ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ പറയുന്നു.

പാകിസ്ഥാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെള്ളപ്പൊക്കമായിരുന്നു ഓഗസ്റ്റിലുണ്ടായത്. 33 ദശലക്ഷത്തിലധികം ആളുകളെയാണ് പ്രളയം നേരിട്ട് ബാധിച്ചന്നത്.

ഇതിന് പുറമെ പാകിസ്ഥാന്റെ കാര്‍ഷിക മേഖലയെയും പ്രളയം സാരമായി ബാധിച്ചിട്ടുണ്ട്. രാജ്യത്തെ 70 ശതമാനത്തിലധികം വരുന്ന ഗോതമ്പ്, പരുത്തി മറ്റു വിളകള്‍ എന്നിവ നശിച്ചിട്ടുണ്ടെന്നാണ് കണക്ക്.

ഒരു ഘട്ടത്തില്‍ രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗവും വെള്ളത്തിനടിയിലായിരുന്നു.

അതേസമയം, നീണ്ട 17 വര്‍ശത്തിന് ശേഷമാണ് ഇംഗ്ലണ്ട് പാകിസ്ഥാനില്‍ പരമ്പര കളിക്കാന്‍ എത്തുന്നത്. ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലറിന് പരിക്കേറ്റ സാചര്യത്തില്‍ മോയിന്‍ അലിയാണ് ഇംഗ്ലണ്ടിനെ നയിക്കുക.

മൂന്ന് ടെസ്റ്റും ഏഴ് ടി-20യുമാണ് ഇംഗ്ലണ്ടിന്റെ പാക് പര്യടനത്തിലുള്ളത്. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ നീണ്ടുനില്‍ക്കുന്നതാണ് ഇംഗ്ലണ്ടിന്റെ പാകിസ്ഥാന്‍ ടൂര്‍.

നീണ്ട 17 വര്‍ഷത്തിന് ശേഷമാണ് ഇംഗ്ലണ്ട് പാകിസ്ഥാനില്‍ പര്യടനത്തിനിറങ്ങുന്നത് എന്ന പ്രത്യേകതയും ഈ സീരീസിനുണ്ട്. പരമ്പരയ്ക്കിടെ ടി-20 ലോകകപ്പും വരുന്നതിനാലാണ് പര്യടനം ഇത്രയും ദൈര്‍ഘ്യമേറുന്നത്.

ഏഴ് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയാണ് ആദ്യം നടക്കുന്നത്. ഒരുപക്ഷേ ചരിത്രത്തില്‍ തന്നെയാദ്യമായിരിക്കും ഒരു പര്യടനത്തില്‍ ഇത്രയധികം ടി-20 മത്സരങ്ങള്‍ ഉള്‍പ്പെടുത്തുന്നത്. ടി-20 ലോകകപ്പിന് മുമ്പ് ഇത്രയധികം ടി-20 മത്സരങ്ങള്‍ കളിക്കുന്നത് ഇരു ടീമിനും ഗുണം ചെയ്യും.

സെപ്റ്റംബര്‍ 20നാണ് പരമ്പരയിലെ ആദ്യ ടി-20. സെപ്റ്റംബര്‍ 22, സെപ്റ്റംബര്‍ 23, സെപ്റ്റംബര്‍ 25, സെപ്റ്റംബര്‍ 28, സെപ്റ്റംബര്‍ 30, ഒക്ടോബര്‍ 2 എന്നീ ദിവസങ്ങളിലാണ് ടി-20 പരമ്പര. കറാച്ചിയും ലാഹോറുമാണ് വേദി.

ഡിസംബര്‍ ഒന്നിനാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഡിസംബര്‍ ഒമ്പതിനും അവസാന ടെസ്റ്റ് 17നും നടക്കും. റാവല്‍പിണ്ടി, മുള്‍ട്ടാന്‍, കറാച്ചി എന്നിവിടങ്ങളില്‍ വെച്ചാണ് ടെസ്റ്റ് പരമ്പര നടക്കുക.

Content highlight: England players to help flood-hit Pakistan

We use cookies to give you the best possible experience. Learn more