ആ കറുത്ത ആം ബാന്‍ഡ് എന്തിന് വേണ്ടി; ഫൈനല്‍ മത്സരത്തിന് മുമ്പേ കരഞ്ഞ് ഇംഗ്ലണ്ട് ക്രിക്കറ്റ്
Sports News
ആ കറുത്ത ആം ബാന്‍ഡ് എന്തിന് വേണ്ടി; ഫൈനല്‍ മത്സരത്തിന് മുമ്പേ കരഞ്ഞ് ഇംഗ്ലണ്ട് ക്രിക്കറ്റ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 13th November 2022, 3:30 pm

ടി-20 ലോകകപ്പ് ഫൈനലിനാണ് മെല്‍ബണ്‍ സാക്ഷ്യം വഹിക്കുന്നത്. ഇന്ത്യയെ തോല്‍പിച്ച് ഇംഗ്ലണ്ടും കിവീസിനെ നിലംപരിശാക്കി പാകിസ്ഥാനും ഫൈനലില്‍ പ്രവേശിച്ചതോടെ വമ്പന്‍ മത്സരത്തിനാണ് കളമൊരുങ്ങിയത്.

1992 ലോകകപ്പിന്റെ റീ മാച്ച് എന്ന നിലയിലാണ് ഈ മത്സരം വിലയിരുത്തപ്പെടുന്നത്.

ഫൈനലില്‍ ടോസ് ഭാഗ്യം തുണച്ച ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ടോസിനായെത്തിയ ജോസ് ബട്‌ലറിന്റെ ഇടതുകൈയിലേക്കാണ് ആരാധകരുടെ ശ്രദ്ധ ആദ്യം ചെന്നെത്തിയിത്. കറുത്ത ആം ബാന്‍ഡ് ധരിച്ചായിരുന്നു താരം ഗ്രൗണ്ടിലെത്തിയത്. ബട്‌ലര്‍ മാത്രമല്ല, ഇംഗ്ലണ്ട് ടീമിലെ താരങ്ങളെല്ലാവരും ആ കറുത്ത ആം ബാന്‍ഡ് ധരിച്ചിരുന്നു.

ഇംഗ്ലണ്ട് ക്രിക്കറ്റിലെ അതികായരിലൊരാളായ ഡേവിഡ് ഇംഗ്ലീഷിനുള്ള ട്രിബ്യൂട്ടായാണ് ഇംഗ്ലണ്ട് താരങ്ങള്‍ ആ ബാന്‍ഡ് ധരിച്ചത്.

കഴിഞ്ഞ ദിവസം, അതായത് നവംബര്‍ 12ന് ഫൈനല്‍ മത്സരം കാണാന്‍ കാത്തുനില്‍ക്കാതെ ഡേവിഡ് ഇംഗ്ലീഷ് വിടപറഞ്ഞിരുന്നു. ഇംഗ്ലണ്ടില്‍ ക്രിക്കറ്റ് താരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഡേവിഡ് ഇംഗ്ലീഷിന്റെ മരണം ക്യാപ്റ്റന്‍ ജോസ് ബട്‌ലറിനെ അടക്കം സങ്കടത്തിലാഴ്ത്തിയിട്ടുണ്ട്.

‘ഡേവിഡ് ഇംഗ്ലീഷിന്റെ മരണ വാര്‍ത്ത ഏറെ ദുഃഖത്തോടെയാണ് അറിഞ്ഞത്. ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും മികച്ച വ്യക്തിത്വങ്ങളില്‍ ഒരാള്‍. അദ്ദേഹത്തിനൊപ്പം സമയം ചെലവഴിക്കുന്നത് തന്നെ ഏറെ രസകരമായിരുന്നു. ബണ്‍ബറി ഫെസ്റ്റിവലിലൂടെ ഇംഗ്ലണ്ടിലെ ഒട്ടേറെ മികച്ച താരങ്ങളെ വാര്‍ത്തെടുക്കുകയും ചെയ്ത ആളായിരുന്നു അദ്ദേഹം. ആര്‍.ഐ.പി,’ എന്നായിരുന്നു ബട്‌ലര്‍ ട്വീറ്റ് ചെയ്തത്.

ക്രിസ് വോക്‌സും താരത്തിന് അനുശോചനങ്ങള്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് അത്ര മികച്ച തുടക്കമായിരുന്നില്ല. 15 റണ്‍സെടുത്ത് നില്‍ക്കവെ മുഹമ്മദ് റിസ്വാനെ നഷ്ടമായ പാകിസ്ഥാന് നേരത്തെ തന്നെ അടി പതറിയിരുന്നു.

32 റണ്‍സെടുത്ത ബാബര്‍ അസവും 38 റണ്‍സെടുത്ത ഷാന്‍ മസൂദും സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് കരുതിയെങ്കിലും ഇംഗ്ലണ്ട് ബൗളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയതോടെ പാക് നിര പരുങ്ങി.

ഒടുവില്‍ നിശ്ചിത ഓവറില്‍ 137ന് എട്ട് എന്ന നിലയില്‍ പാകിസ്ഥാന്‍ പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു.

നാല് ഓവര്‍ പന്തെറിഞ്ഞ് വെറും 12 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴത്തിയ സാം കറനായിരുന്നു പാകിസ്ഥാനെ എറിഞ്ഞിട്ടത്. കറന് പുറമെ ആദില്‍ റഷീദും ക്രിസ് ജോര്‍ദനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

 

Content highlight: England pays tribute to David English during World Cup Final