| Monday, 5th December 2022, 2:27 pm

ഇംഗ്ലണ്ടോ ഫ്രാൻസോ? ഇരു ടീമുകളും ലോകകപ്പിൽ ഇതിനുമുമ്പ് ഏറ്റുമുട്ടിയപ്പോൾ

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തർ ലോകകപ്പിന്റെ പ്രീ ക്വാർട്ടർ മത്സരങ്ങൾ ഒന്നൊന്നായി പൂർത്തിയായികൊണ്ടിരിക്കുമ്പോൾ ക്വാർട്ടറിലേക്ക് മികച്ച ടീമുകളാണ് യോഗ്യത നേടുന്നത്. ഇത് വരെ നടന്ന പ്രീ ക്വാർട്ടർ മത്സരങ്ങളിലൊന്നും മികച്ച രീതിയിൽ കളിക്കുന്ന ടീമുകളെ അട്ടിമറിച്ച് ഭാഗ്യം കൊണ്ട് മാത്രം ഒരു ടീമും ക്വാർട്ടർ ഫൈനൽ ഉറപ്പാക്കിയിട്ടില്ല.

ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിക്കാൻ പോരുന്ന ഒരു മത്സരം ഡിസംബർ 11ന് സംഭവിക്കും. യൂറോപ്യൻ വമ്പന്മാരായ ഇംഗ്ലണ്ടും-ഫ്രാൻസും തമ്മിലാണ് ഇന്ത്യൻ സമയം രാത്രി 12:30ന് അൽ-ബൈത്ത് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുക.

ഗ്രൂപ്പ്‌ ബി യിൽ നിന്നും ഇതുവരെ പാരാജയമൊന്നും അറിയാതെ എത്തുന്ന ഇംഗ്ലണ്ടും ഗ്രൂപ്പ്‌ ഡി യിൽ ടുണീഷ്യക്കെതിരെ അപ്രതീക്ഷിതമായ ഒരു പരാജയം ഏറ്റുവാങ്ങിയിട്ടും ഗ്രൂപ്പ്‌ ചാമ്പ്യൻമാരായ ഫ്രാൻസും പരസ്പരം ഏറ്റുമുട്ടുമ്പോൾ ആവേശകരമായ ഒരു മത്സരം തന്നെ ആരാധകർക്ക് പ്രതീക്ഷിക്കാം.

ഇതിന് മുമ്പ് ഇരു ടീമുകളും രണ്ട് തവണയാണ് ലോകകപ്പിൽ പരസ്പരം ഏറ്റുമുട്ടിയത്. അതിൽ രണ്ടിലും വിജയം ഇംഗ്ലീഷ് ടീമിനായിരുന്നു. 1966 ഇംഗ്ലണ്ട് ലോകകപ്പിലായിരുന്നു ഇരു ടീമുകളും ആദ്യമായി ലോകകപ്പ് വേദിയിൽ പരസ്പരം പോരാടിയത്. 2-0 ത്തിനായിരുന്നു അന്ന് ഇംഗ്ലണ്ട് ജയിച്ചു കയറിയത്. പിന്നീട് 1982 സ്പെയിൻ ലോകകപ്പിൽ 3-1 നാണ് ഇംഗ്ലണ്ട് ഫ്രാൻസിനെ തകർത്തത്.

ലോകകപ്പിന് പുറത്തും പരസ്പരം ഏറ്റുമുട്ടിയ കണക്കിൽ ഫ്രഞ്ച് ശക്തികൾക്ക് മേൽ ഇംഗ്ലീഷ് ടീമിന് വ്യക്തമായ ആധിപത്യമുണ്ട്.
31 മത്സരങ്ങളിൽ ഇരു ടീമുകളും മുഖാമുഖം ഏറ്റുമുട്ടിയപ്പോൾ ഫ്രാൻസിന് ഒമ്പത് തവണ മാത്രമാണ് വിജയിക്കാൻ സാധിച്ചത്. 17 മത്സരങ്ങൾ ഇംഗ്ലണ്ട് വിജയിച്ചപ്പോൾ അഞ്ച് മത്സരങ്ങൾ മാത്രമാണ് സമനിലയിൽ അവസാനിച്ചത്.

എന്നാൽ ഈ കണക്കുകളൊന്നും ഇംഗ്ലണ്ട് ടീമിന് സമാധാനിക്കാനുള്ള വക നൽകുന്നില്ല. അവസാനം ഇരു ടീമുകളും ഏറ്റുമുട്ടിയ പത്ത് മത്സരങ്ങൾ പരിശോധിച്ചാൽ അതിൽ അഞ്ചിലും വിജയിച്ചത് ഫ്രാൻ‌സാണ്. മൂന്ന് മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞപ്പോൾ രണ്ട് മത്സരങ്ങളിൽ മാത്രമാണ് ഇംഗ്ലണ്ടിന് വിജയിക്കാനായത്.

അതായത് ഇംഗ്ലണ്ടിനെതിരെയുള്ള ഫ്രാൻസിന്റെ മൊത്തം ഒമ്പത് വിജയങ്ങളിൽ അഞ്ചും സംഭവിച്ചത് ഇരു ടീമുകളും ഏറ്റുമുട്ടിയ അവസാന പത്ത് കളികളിൽ നിന്നാണ്.

ഖത്തർ ലോകകപ്പിൽ ഇതുവരെ ഒമ്പത് ഗോളുകൾ അടിച്ചുകൂട്ടിയ ഫ്രാൻസും 12 ഗോളുകൾ സ്കോർ ചെയ്ത ഇംഗ്ലണ്ടും ഏറ്റുമുട്ടുമ്പോൾ ഒരു ഗംഭീര മത്സരം തന്നെ ആരാധകർക്ക് പ്രതീക്ഷിക്കാം.

Content Highlights:England or France? The two teams have met before in the World Cup

We use cookies to give you the best possible experience. Learn more