ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇത്തവണ അതീവ ആവേശകരമായ ഒന്നായിരുന്നു. ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ഫൈനലില്‍ ഏറ്റുമുട്ടി. ആദ്യ അമ്പത് ഓവര്‍ മത്സരം സമനിലയില്‍ കലാശിച്ചു. പിന്നീട് നടന്ന സൂപ്പര്‍ ഓവറും സമനിലയായി. ഒടുവില്‍ ഏറ്റവും കൂടൂതല്‍ ബൗണ്ടറി നേടിയ ടീമായ ഇംഗ്ലണ്ട് ജേതാവായി. അന്ന് മത്സരം കഴിഞ്ഞപ്പോള്‍ കളി ആരാധകര്‍ക്കിടയില്‍ ഒരു സംശയം ഉടലെടുത്തിരുന്നു. ബൗണ്ടറിയുടെ എണ്ണത്തിലും ഇരുവരും സമനിലയാണെങ്കില്‍ ആര് ജയിക്കും എന്നതായിരുന്നു ആ ചോദ്യം.
ഇക്കാര്യത്തില്‍ ഐ.സി.സി നിയമം പറയുന്നത് ഇങ്ങനെയാണ്. സൂപ്പര്‍ ഓവറും സമനിലയിലായാല്‍ മത്സരത്തില്‍ ആകെ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടിയിട്ടുള്ള ടീമിനെ വിജയിയായി പ്രഖ്യാപിക്കും. സൂപ്പര്‍ ഓവറില്‍ നേടിയ ബൗണ്ടറികളും പരിഗണിക്കും. ഇങ്ങനെയാണ് ഇംഗ്ലണ്ട് ജേതാവായത്.
അതേ സമയം 50 ഓവറിലെയും സൂപ്പര്‍ ഓവറിലെയും ആകെ ബൗണ്ടറികള്‍ സമനില ആണെങ്കില്‍ 50 ഓവറിലെ മാത്രം ബൗണ്ടറികള്‍ മാത്രം പരിഗണിക്കും. അതില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ടീം വിജയിക്കും.
അമ്പത് ഓവറിലും സൂപ്പര്‍ ഓവറിലും ബൗണ്ടറികള്‍ സമനിലയില്‍ ആയാല്‍ പിന്നെ നോക്കുക ഈ കണക്കാണ്. സൂപ്പര്‍ ഓവറിലെ അവസാന പന്തില്‍ ഏത് ടീമാണോ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് ആ ടീമായിരിക്കും വിജയിക്കുക. അതായത് ഇംഗ്ലണ്ട് അവസാന പന്തില്‍ ഫോറും ന്യൂസിലന്‍ഡ് സിക്‌സറും നേടുകയും ചെയ്താല്‍ ന്യൂസിസന്‍ഡ് വിജയിക്കും.