21ാം നൂറ്റാണ്ടില്‍ ഒരിക്കലും പോലും ജയിച്ചിട്ടില്ല; എന്നാലും ഇംഗ്ലണ്ടേ...
icc world cup
21ാം നൂറ്റാണ്ടില്‍ ഒരിക്കലും പോലും ജയിച്ചിട്ടില്ല; എന്നാലും ഇംഗ്ലണ്ടേ...
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 26th October 2023, 8:11 pm

2023 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ശനിദശ തുടരുന്നു. ശ്രീലങ്കക്കെതിരായ മത്സരത്തിലും പരാജയപ്പെട്ടാണ് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ പോയിന്റ് പട്ടികയുടെ ‘അടിവാരത്ത്’ തുടരുന്നത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് അടിമുടി പിഴച്ചു. തെറ്റില്ലാത്ത തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ സാധിക്കാതെ വന്നതാണ് ത്രീ ലയണ്‍സിന് വിനയായത്.

മോഡേണ്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരവും ഫ്യൂച്ചര്‍ ലെജന്‍ഡുമായ ജോ റൂട്ട്, ക്യാപ്റ്റന്‍ ജോസ് ബ്ടലര്‍, വെടിക്കെട്ട് വീരന്‍ ലിയാം ലിവിങ്‌സ്റ്റണ്‍ എന്നിവരടക്കമുള്ളവര്‍ ഒറ്റയക്കത്തിന് പുറത്തായി. 73 പന്തില്‍ 43 റണ്‍സടിച്ച ബെന്‍ സ്റ്റോക്‌സാണ് ഇംഗ്ലണ്ടിനായി ഏറ്റവുമധികം റണ്‍സ് നേടിയത്.

ഇംഗ്ലണ്ട് ഉയര്‍ത്തിയ 157 റണ്‍സിന്റെ വിജയലക്ഷ്യം ശ്രീലങ്ക രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടക്കുകയായിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ പാതും നിസംഗയും സധീര സമരവിക്രമയുമാണ് ലങ്കയെ വിജയത്തിലേക്കെത്തിച്ചത്.

ഇതോടെ ഈ നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിനോട് ഒരിക്കല്‍പ്പോലും ലോകകപ്പ് മത്സരങ്ങളില്‍ തോറ്റിട്ടില്ല എന്ന റെക്കോഡ് നിലനിര്‍ത്താനും ശ്രീലങ്കക്കായി. 2003 ലോകകപ്പില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നിരുന്നില്ല. എന്നാല്‍ 2007 ലോകകപ്പ് മുതല്‍ ഇതുവരെ ബിഗ് ഇവന്റില്‍ കളിച്ച എല്ലാ മത്സരത്തിലും ലങ്കയാണ് വിജയിച്ചത്.

2007 ലോകകപ്പിലെ സൂപ്പര്‍ 8ലാണ് ഇരുവരും ഏറ്റുമുട്ടിയത്. അന്ന് രണ്ട് റണ്‍സിനായിരുന്നു ലങ്കന്‍ ലയണ്‍സിന്റെ വിജയം. ലങ്ക ഉയര്‍ത്തിയ 236 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

2011 ലോകകപ്പില്‍ പത്ത് വിക്കറ്റിനായിരുന്നു ലങ്കയുടെ വിജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 230 റണ്‍സിന്റെ വിജയലക്ഷ്യം ഓപ്പണര്‍മാരായ ഉപുല്‍ തരംഗയും തിലകരത്‌നെ ദില്‍ഷനും ചേര്‍ന്ന് അടിച്ചെടുക്കുകയായിരുന്നു. ഇരുവരും സെഞ്ച്വറി തികച്ചാണ് ലങ്കന്‍ നിരയില്‍ തരംഗമായത്.

2015ല്‍ ജോ റൂട്ടിന്റെ സെഞ്ച്വറി കരുത്തില്‍ 309 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. എന്നാല്‍ സംഗക്കാരയുടെയും ലാഹിരു തിരിമനെയുടെയും സെഞ്ച്വറിയിലൂടെയാണ് ലങ്ക ഇംഗ്ലണ്ടിന് മറുപടി നല്‍കിയത്. ഒടുവില്‍ ഒമ്പത് വിക്കറ്റും 16 പന്തും ബാക്കി നില്‍ക്കെ ലങ്കന്‍ ലയണ്‍സ് വിജയിച്ചുകയറുകയായിരുന്നു.

2019 ലോകകപ്പില്‍ 20 റണ്‍സിനും ഇംഗ്ലണ്ട് പരാജയപ്പെട്ടിരുന്നു. ലങ്ക ഉയര്‍ത്തിയ 233 റണ്‍സിന്റെ ടാര്‍ഗെറ്റ് ചെയ്‌സ് ചെയ്തിറങ്ങിയ ഇംഗ്ലണ്ട് 212ന് ഓള്‍ ഔട്ടാവുകയായിരുന്നു.

 

ഇപ്പോള്‍ 2023ലും ഇംഗ്ലണ്ട് ലങ്കയോട് പരാജയപ്പെട്ടിരിക്കുകയാണ്. ഈ തോല്‍വിക്ക് പിന്നാലെ ഒമ്പതാം സ്ഥാനത്തേക്കാണ് ഇംഗ്ലണ്ട് വീണത്. അഞ്ച് മത്സരത്തില്‍ നിന്നും ഒരു വിജയം മാത്രം നേടി രണ്ട് പോയിന്റാണ് ഇംഗ്ലണ്ടിനുള്ളത്.

 

 

Content highlight: England never won a world cup match against Sri Lanka in 21st century