| Wednesday, 26th October 2022, 3:20 pm

ഇന്ത്യയെ ചതിച്ചില്ല, ചതിച്ചത് ഇംഗ്ലണ്ടിനെ; നിയമം വില്ലനായി, ജയമുറപ്പിച്ച കളി തോറ്റ് ഇംഗ്ലണ്ട്

സ്പോര്‍ട്സ് ഡെസ്‌ക്

മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ മഴ കളിച്ചതോടെ ഇംഗ്ലണ്ടിന് തോല്‍വി. അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ജയത്തിലേക്ക് കുതിക്കവെയാണ് മഴ നിയമം ഇംഗ്ലണ്ടിനെ ചതിച്ചത്.

ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ജോസ് ബട്‌ലര്‍ ഇത്തരമൊരു തിരിച്ചടി സ്വപ്‌നത്തില്‍ പോലും കരുതിക്കാണില്ല.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡിന് സൂപ്പര്‍ താരം പോള്‍ സ്‌റ്റെര്‍ലിങ്ങിനെ തുടക്കത്തിലേ നഷ്ടമായിരുന്നു. എട്ട് പന്തില്‍ നിന്നും 14 റണ്‍സെടുത്ത് നില്‍ക്കവെയാണ് സ്‌റ്റെര്‍ലിങ്ങിനെ ഐറിഷ് പടക്ക് നഷ്ടമായത്.

എന്നാല്‍ ക്യാപ്റ്റന്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണിയുടെയും വണ്‍ ഡൗണ്‍ ബാറ്റര്‍ ലോര്‍കന്‍ ടക്കറിന്റെയും ഇന്നിങ്‌സില്‍ അയര്‍ലന്‍ഡ് സ്‌കോര്‍ പടുത്തുയര്‍ത്തി.

ബാല്‍ബിര്‍ണി 47 പന്തില്‍ നിന്നും 62ഉം ടക്കര്‍ 27 പന്തില്‍ നിന്നും 34 റണ്‍സും നേടി പുറത്തായി. പിന്നാലെയെത്തിയ താരങ്ങള്‍ക്കൊന്നും കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ വന്നതോടെ അയര്‍ലന്‍ഡ് 157 റണ്‍സിന് ഓള്‍ ഔട്ടായി.

ആദ്യ പത്ത് ഓവറില്‍ 92 റണ്‍സിന് ഒറ്റ വിക്കറ്റ് എന്ന നിലയില്‍ നിന്നും ബാറ്റിങ് തകര്‍ച്ച നേരിട്ട് 19.2 ഓവറില്‍ 157 റണ്‍സിന് ഓള്‍ ഔട്ടാവാനായിരുന്നു ഐറിഷ് പടയുടെ വിധി.

മൂന്ന് ഓവറില്‍ 17 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ലിയാം ലിവിങ്‌സ്റ്റണാണ് ഐറിഷ് പടയുടെ നടുവൊടിച്ചത്. ലിവിങ്സ്റ്റണ് പുറമെ 34 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ മാര്‍ക് വുഡും 31 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തിയ സാം കറനുമാണ് ഇംഗ്ലണ്ട് നിരയില്‍ തിളങ്ങിയത്.

എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ഓപ്പണിങ് തകര്‍ച്ചയായിരുന്നു. ആദ്യ ഓവറിന്റെ രണ്ടാം പന്തില്‍ തന്നെ ക്യാപ്റ്റന്‍ ജോസ് ബട്‌ലറിന് നഷ്ടമായ ഇംഗ്ലണ്ടിന് സ്‌കോര്‍ ബോര്‍ഡില്‍ 14 റണ്‍സ് ചേര്‍ത്തപ്പോഴേക്കും അലക്‌സ് ഹേല്‍സിനെയും നഷ്ടമായി.

എന്നാല്‍ ഡേവിഡ് മലന്‍ 37 പന്തില്‍ 35 റണ്‍സ് നേടി ഇംഗ്ലണ്ടിന് ഇന്നിങ്‌സ് മുന്നോട്ട് നയിച്ചു. അഞ്ചാമനായി എത്തിയ ഹാരി ബ്രൂക് 18 റണ്‍സ് നേടി പുറത്തായി.

എന്നാല്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ മോയിന്‍ അലിയുടെ വെടിക്കെട്ട് ഇംഗ്ലണ്ടിന് ജയപ്രതീക്ഷ നല്‍കി. 12 പന്തില്‍ നിന്നും മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറുമടക്കം 24 റണ്‍സാണ് താരം സ്വന്തമാക്കിയത്. എന്നാല്‍ ആ വെടിക്കെട്ട് പൂര്‍ത്തിയാക്കാന്‍ മഴ അനുവദിച്ചില്ല.

ഇംഗ്ലണ്ട് സ്‌കോര്‍ 14.3 ഓവറില്‍ 105 റണ്‍സില്‍ നില്‍ക്കവെ മഴയെത്തുകയും ഇതോടെ ഡക്ക് വര്‍ത്ത് ലൂയീസ് നിയമ പ്രകാരം ഇംഗ്ലണ്ട് അഞ്ച് റണ്‍സിന് തോല്‍ക്കുകയുമായിരുന്നു.

മൂന്ന് ഓവറില്‍ 16 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ജോഷ്വാ ലിറ്റിലാണ് ഐറിഷ് നിരയില്‍ ബൗളിങ് ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത്.

അഫ്ഗാനിസ്ഥാനെതിരെയാണ് അയര്‍ലാന്‍ഡിന്റെ അടുത്ത മത്സരം. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് ഒക്ടോബര്‍ 29നാണ് മത്സരം.

അഫ്ഗാനിസ്ഥാനെതിരായണ് അയര്‍ലാന്‍ഡിന്റെ അടുത്ത മത്സരം. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് ഒക്ടോബര്‍ 29നാണ് മത്സരം.

നേരത്തെ മെല്‍ബണില്‍ വെച്ച് നടന്ന ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിന് മഴ ഭീഷണിയുണ്ടായിരുന്നെങ്കിലും മഴ പെയ്തിരുന്നില്ല. ക്രിക്കറ്റ് ലോകം കണ്ട മോസ്റ്റ് ത്രില്ലിങ് മാച്ചുകള്‍ക്കൊന്നായിരുന്നു മെല്‍ബണ്‍ അന്ന് സാക്ഷ്യം വഹിച്ചത്.

Content Highlight: England lost to Ireland in Duckworth Lewis Law

We use cookies to give you the best possible experience. Learn more