ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക പരമ്പരയില്‍ ദക്ഷിണാഫ്രിക്കക്ക് ആവേശകരമായ വിജയം. അവസാന മത്സരത്തില്‍ ജയിക്കുന്ന ടീമിന് പരമ്പര എന്ന സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്ക 90 റണ്‍സിന് ജയിക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 191 റണ്‍സ് നേടിയപ്പോള്‍ 101 റണ്‍സെടുത്ത് ഇംഗ്ലണ്ട് ഓള്‍ ഔട്ടാകുകയായിരുന്നു. ദക്ഷിണാഫ്രിക്കക്കായി സ്പിന്നര്‍ ഷംസി 24 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടി. ഇതോടെ പുതിയ ക്യാപ്റ്റന്‍ ജോസ് ബട്‌ലറിന്റെ കീഴില്‍ തുടര്‍ച്ചയായി മൂന്നാം പരമ്പര തോല്‍വിയാണ് ഇംഗ്ലണ്ട് നേരിട്ടത്. നേരത്തെ ഇന്ത്യക്കെതിരെ ട്വന്റി-20 പരമ്പരയും ഏകദിന പരമ്പരയും ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു.
ടീമിനെ ലോകകപ്പ് ജേതാക്കളാക്കിയ നായകന്‍ ഇയോന്‍ മോര്‍ഗന്റെ വിടവാങ്ങലിന് ശേഷം ടീം ഒരു വൈറ്റ് ബോള്‍ പരമ്പര പോലും വിജയിച്ചിട്ടില്ല. രണ്ട് മാസം മുമ്പ് വരെ ആര്‍ക്കും തോല്‍പ്പിക്കാന്‍ സാധിക്കില്ല എന്ന് കരുതിയിരുന്ന ടീമാണ് ഇംഗ്ലണ്ടെങ്കില്‍ ഇന്ന് എല്ലാവര്‍ക്കും വന്ന് തട്ടിയിട്ട് പോകാന്‍ സാധിക്കുന്ന ചെണ്ടകളായി ഇംഗ്ലണ്ട് മാറുന്നു.
ഇംഗ്ലണ്ടിന്റെ അറ്റാക്കിങ് സ്‌റ്റൈല്‍ ഓഫ് പ്ലെയിങ് തന്നെയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും അവര്‍ക്കെതിരെ ഉപയോഗിച്ചത്. ഇങ്ങനെയുള്ള മത്സരങ്ങള്‍ക്ക് പേരുകേട്ട ഇംഗ്ലണ്ടിന് പക്ഷെ എവിടെയൊക്കെയോ പാളിപോകുകയായിരുന്നു.
അതേസമയം പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് വിജയിച്ചിരുന്നു. 234 അടിച്ചെടുത്ത ഇംഗ്ലണ്ടിന് ദക്ഷിണാഫ്രിക്കയെ 193 റണ്‍സിന് ഒതുക്കാനും സാധിച്ചിരുന്നു. എന്നാല്‍ പിന്നീടുള്ള രണ്ട് മത്സരത്തിലും ഇംഗ്ലണ്ട് ബാറ്റിങ് നിര തകരുകയായിരുന്നു. രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 208 റണ്‍സിന്റെ ടാര്‍ഗറ്റിന് മുന്നില്‍ 149ല്‍ ഓള്‍ ഔട്ടാകുകയായിരുന്നു ഇംഗ്ലണ്ട്.
പരമ്പരക്ക് ശേഷം മാധ്യമങ്ങളെ കണ്ട ജോസ് ബട്‌ലര്‍ ടീമിനെ മൊത്തത്തില്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ബാറ്റ് ഉപയോഗിച്ച് തങ്ങളുടെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ആര്‍ക്കും സാധിച്ചില്ലായെന്നും ടീം പേടിച്ചാണ് കളിച്ചതെന്നും അദ്ദേഹം പറഞ്ഞു.
‘ബാറ്റിങ്ങില്‍ ഞങ്ങള്‍ ഒരിക്കലും സ്വയം ഉത്തരവാദിത്തം ഏറ്റെടുത്തില്ല. എതിര്‍ ടീമിനെ സമര്‍ദത്തിലാക്കാന്‍ ഒരിക്കല്‍ പോലും ഞങ്ങള്‍ക്ക് സാധിച്ചില്ല. അല്‍പ്പം ഭീരുത്വം ഒരുപക്ഷെ നമ്മളെ ഏറ്റവും കൂടുതല്‍ നിരാശരാക്കുന്ന കാര്യമാണെന്നാണ് ഞാന്‍ കരുതുന്നത്. ബ്രേവ് ആയിട്ടുള്ള റിസ്‌ക് എടുക്കാന്‍ ഇഷ്ടപ്പെടുന്ന ടീമായിട്ടാണ് ഞങ്ങള്‍ അറിയപ്പെട്ടിരുന്നത് അങ്ങനെ അറിയപ്പെടാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതും,” ബട്‌ലര്‍ പറഞ്ഞു.
ഇന്ത്യക്കെതിരെയും ഇംഗ്ലണ്ട് ബാറ്റിങ് തകര്‍ന്നിരുന്നു. ഇന്ത്യക്കെതിരെ ആദ്യ രണ്ട് ട്വന്റി-20 മത്സരവും തോറ്റ ഇംഗ്ലണ്ട് മൂന്നാം മത്സരത്തില്‍ ആശ്വാസ ജയം സ്വന്തമാക്കുകയായിരുന്നു. ഏകദിനത്തില്‍ ആദ്യ മത്സരത്തില്‍ തോറ്റതിന് ശേഷം രണ്ടാം മത്സരത്തില്‍ മികച്ച വിജയം സ്വന്തമാക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചിരുന്നു. എന്നാല്‍ മൂന്നാം മത്സരത്തില്‍ റിഷബ് പന്തിന്റെ മികച്ച ബാറ്റിങ്ങിന് മുന്നില്‍ ഇംഗ്ലണ്ട് തകരുകയായിരുന്നു.