| Monday, 15th July 2019, 12:13 am

ഇതുപോലൊന്ന് ഇനിയുണ്ടാകുമോ ? ലോര്‍ഡ്‌സില്‍ പിറന്നത് ചരിത്രം

സ്പോര്‍ട്സ് ഡെസ്‌ക്

ലണ്ടന്‍: ഇതുപോലൊരു പോരിന് ലോകം സാക്ഷിയായിട്ടുണ്ടാവില്ല. ലോകകപ്പ് ഫൈനലിന്റെ ആവേശം പൂര്‍ണമായി കളിക്കളത്തിലിറങ്ങിയ പോരാട്ടം. ചരിത്രത്തിലാദ്യമായി സൂപ്പര്‍ ഓവറിലേക്ക് നീണ്ട ലോകകപ്പ് ഫൈനല്‍. പക്ഷേ അതിലും ഫലം കാണാതെ വന്നപ്പോള്‍ ബൗണ്ടറിക്കണക്കില്‍ ലോകക്രിക്കറ്റിന്റെ വിജയിയെ തീരുമാനിക്കുക. ചരിത്രരേഖകളില്‍ എല്ലാക്കാലത്തും രേഖപ്പെടുത്തിയിട്ടുണ്ടാകും സ്വന്തം മണ്ണിലെ ഇംഗ്ലണ്ടിന്റെ ഈ വിജയം.

സൂപ്പര്‍ ഓവറില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 16 റണ്‍സെന്ന ലക്ഷ്യത്തെ സധൈര്യം നേരിട്ട ന്യൂസിലന്‍ഡിന് അവസാന പന്തില്‍ റണ്‍ ഔട്ടിന്റെ രൂപത്തില്‍ ലോര്‍ഡ്‌സിലെ ഭൂതം പിടികൂടുമെന്ന് ആരും വിചാരിച്ചുകാണില്ല. അവസാന ഓവറെറിഞ്ഞ ജോഫ്ര ആര്‍ച്ചറും തോല്‍വിയിലേക്കു നീങ്ങിയ ടീമിനെ ഒറ്റയ്ക്കു തോളില്‍ ചുമന്ന് വിജയത്തിലേക്കു നയിച്ച ബെന്‍ സ്‌റ്റോക്‌സും കണ്ണുനീരൊഴുക്കിയായിരുന്നു ആ ലോകകപ്പ് വിജയത്തെ സ്വീകരിച്ചത്.

ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 242 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ആതിഥേയരായ ഇംഗ്ലണ്ടിന് അവസാന പന്തില്‍ ജയിക്കാന്‍ ആവശ്യമായ രണ്ട് റണ്‍സ് നേടാനായില്ല. മിഡ് ഓണിലേക്ക് പതുക്കെ തട്ടിയിട്ട പന്തില്‍ ബെന്‍ സ്റ്റോക്ക്സിന് ഒരു റണ്‍ ഓടിയെടുക്കാനേ സാധിച്ചുള്ളൂ. നോണ്‍ സ്ട്രൈക്ക് എന്‍ഡിലുള്ള മാര്‍ക്ക് വുഡ്ഡ് റണ്‍ ഔട്ടാവുകയായിരുന്നു. അതോടെ മത്സരം ടൈ ആവുകയും ഏകദിന ക്രിക്കറ്റില്‍ ലോകകപ്പ് ഫൈനലിനു മാത്രമുള്ള സൂപ്പര്‍ ഓവര്‍ നിയമത്തില്‍ മത്സരം അതിലേക്കു നീങ്ങുകയായിരുന്നു. അതിനൊടുവിലാണ് ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടിയ ടീമിനെ വിജയിയായി പ്രഖ്യാപിച്ചത്.

98 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്സറും അടക്കം 84 റണ്‍സ് നേടിയ സ്റ്റോക്ക്സാണ് തോല്‍വിയിലേക്കു നീങ്ങിയ ഇംഗ്ലണ്ടിനെ തിരികെ മത്സരത്തിലേക്കു കൊണ്ടുവന്നത്. ജോസ് ബട്ട്ലര്‍ (59), ജോണി ബെയര്‍സ്റ്റോ (36) എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു.

കിവീസിനു വേണ്ടി ലോക്കി ഫെര്‍ഗൂസണ്‍, ജെയിംസ് നീഷാം എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തേ ടോസ് നേടിയ കിവീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

കലാശപ്പോരില്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടപ്പെടുകയും ഒരു ഘട്ടത്തില്‍പ്പോലും റണ്‍നിരക്ക് വര്‍ധിപ്പിക്കാനും ആയില്ല. ഓപ്പണര്‍ ഹെന്റി നിക്കോള്‍സാണ് (55) ടോപ്‌സ്‌കോറര്‍.

ടോം ലാഥം (47), ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (30) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചപ്പോഴാണ് താരതമ്യേന ഭേദപ്പെട്ടത് എന്നുപറയാവുന്ന സ്‌കോറില്‍ കിവീസെത്തിയത്. അതിനിടെ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ക്യാപ്റ്റനെന്ന റെക്കോഡ് നേടാനും വില്യംസണായി.

മറുവശത്ത് ക്രിസ് വോക്ക്‌സ്, ലിയാം പ്ലങ്കറ്റ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഇംഗ്ലീഷ് ബൗളര്‍മാരില്‍ ബെന്‍ സ്റ്റോക്‌സ് മൂന്നോവറില്‍ 20 റണ്‍സ് വഴങ്ങിയതു മാറ്റിനിര്‍ത്തിയാല്‍ മറ്റൊരു ബൗളറും അഞ്ച് റണ്‍സിനു മുകളില്‍പ്പോലും ഒരൊവറില്‍ റണ്‍സ് നല്‍കിയില്ലെന്നതു ശ്രദ്ധേയമാണ്.

We use cookies to give you the best possible experience. Learn more