ലണ്ടന്‍: ഇതുപോലൊരു പോരിന് ലോകം സാക്ഷിയായിട്ടുണ്ടാവില്ല. ലോകകപ്പ് ഫൈനലിന്റെ ആവേശം പൂര്‍ണമായി കളിക്കളത്തിലിറങ്ങിയ പോരാട്ടം. ചരിത്രത്തിലാദ്യമായി സൂപ്പര്‍ ഓവറിലേക്ക് നീണ്ട ലോകകപ്പ് ഫൈനല്‍. പക്ഷേ അതിലും ഫലം കാണാതെ വന്നപ്പോള്‍ ബൗണ്ടറിക്കണക്കില്‍ ലോകക്രിക്കറ്റിന്റെ വിജയിയെ തീരുമാനിക്കുക. ചരിത്രരേഖകളില്‍ എല്ലാക്കാലത്തും രേഖപ്പെടുത്തിയിട്ടുണ്ടാകും സ്വന്തം മണ്ണിലെ ഇംഗ്ലണ്ടിന്റെ ഈ വിജയം.
സൂപ്പര്‍ ഓവറില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 16 റണ്‍സെന്ന ലക്ഷ്യത്തെ സധൈര്യം നേരിട്ട ന്യൂസിലന്‍ഡിന് അവസാന പന്തില്‍ റണ്‍ ഔട്ടിന്റെ രൂപത്തില്‍ ലോര്‍ഡ്‌സിലെ ഭൂതം പിടികൂടുമെന്ന് ആരും വിചാരിച്ചുകാണില്ല. അവസാന ഓവറെറിഞ്ഞ ജോഫ്ര ആര്‍ച്ചറും തോല്‍വിയിലേക്കു നീങ്ങിയ ടീമിനെ ഒറ്റയ്ക്കു തോളില്‍ ചുമന്ന് വിജയത്തിലേക്കു നയിച്ച ബെന്‍ സ്‌റ്റോക്‌സും കണ്ണുനീരൊഴുക്കിയായിരുന്നു ആ ലോകകപ്പ് വിജയത്തെ സ്വീകരിച്ചത്.
ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 242 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ആതിഥേയരായ ഇംഗ്ലണ്ടിന് അവസാന പന്തില്‍ ജയിക്കാന്‍ ആവശ്യമായ രണ്ട് റണ്‍സ് നേടാനായില്ല. മിഡ് ഓണിലേക്ക് പതുക്കെ തട്ടിയിട്ട പന്തില്‍ ബെന്‍ സ്റ്റോക്ക്സിന് ഒരു റണ്‍ ഓടിയെടുക്കാനേ സാധിച്ചുള്ളൂ. നോണ്‍ സ്ട്രൈക്ക് എന്‍ഡിലുള്ള മാര്‍ക്ക് വുഡ്ഡ് റണ്‍ ഔട്ടാവുകയായിരുന്നു. അതോടെ മത്സരം ടൈ ആവുകയും ഏകദിന ക്രിക്കറ്റില്‍ ലോകകപ്പ് ഫൈനലിനു മാത്രമുള്ള സൂപ്പര്‍ ഓവര്‍ നിയമത്തില്‍ മത്സരം അതിലേക്കു നീങ്ങുകയായിരുന്നു. അതിനൊടുവിലാണ് ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടിയ ടീമിനെ വിജയിയായി പ്രഖ്യാപിച്ചത്.