|

വിരാടും ധോണിയും മോശമായാല്‍ പണി കിട്ടുന്നത് ഇന്ത്യക്കല്ല, ഇംഗ്ലണ്ടില്‍ പോലും അതിന്റെ ചലനമുണ്ടാകും; മുന്‍ ഇന്ത്യന്‍ നായകരുടെ പ്രകടനം മോശമായാലുള്ള പ്രത്യാഘാതത്തെ കുറിച്ച് മുന്‍ ഇംഗ്ലണ്ട് താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച നായകരാണ് എം.എസ്. ധോണിയും വിരാട് കോഹ്‌ലിയും. ഇന്ത്യക്കായി മൂന്ന് ഐ.സി.സി കിരീടം നേടിക്കൊടുത്ത നായകന്‍ എന്ന ഖ്യാതിയാണ് ധോണിക്കുള്ളതെങ്കില്‍ ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന പദവിയാണ് കോഹ്‌ലിക്കുള്ളത്.

കഴിഞ്ഞ കുറച്ച് കാലമായി വിരാട് കോഹ്‌ലി തന്റെ കരിയറിലെ തന്നെ മോശം അവസ്ഥയിലൂടെയായിരുന്നു കടന്ന് പൊയ്‌ക്കൊണ്ടിരുന്നത്. എന്നാല്‍ ഏഷ്യാ കപ്പിലൂടെ തന്റെ പ്രതാപ കാലത്തേക്ക് മടങ്ങിയെത്തിയ കോഹ്‌ലിയായിരുന്നു ക്രിക്കറ്റ് ലോകത്ത പ്രധാന ചര്‍ച്ചാ വിഷയം.

ഏഷ്യാ കപ്പില്‍ ഉടനീളം വെച്ചുപുലര്‍ത്തിയ മികച്ച ഫോം താരം ഇപ്പോഴും പിന്തുടരുന്നുണ്ട്. വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ വിരാടിന്റെ ഈ ഫോം ഇന്ത്യക്ക് മുതല്‍ക്കൂട്ടാവുമെന്നാണ് കരുതുന്നത്.

എന്നാലിപ്പോള്‍ വിരാട് കോഹ്‌ലിയുടെയും മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയുടെയും ഫോമിനെ കുറിച്ച് പറയുകയാണ് മുന്‍ ഇംഗ്ലണ്ട് താരമായ ജെയിംസ് സ്വാന്‍.

ഇന്ത്യന്‍ ടീമിന് മാത്രമല്ല, ബ്രോഡ്കാസ്‌റ്റേഴ്‌സിനും ഇവരുടെ ഫോം നിര്‍ണായകമാണെന്നാണ് സ്വാന്‍ പറയുന്നത്. ഇവര്‍ മികച്ച പ്രകടനം കാഴ്ചവെക്കാതിരിക്കുന്ന സമയങ്ങളില്‍ ഇംഗ്ലണ്ടില്‍ പോലും റേറ്റിങ്ങിനെ ബാധിക്കുന്നുണ്ടെന്നും സ്വാന്‍ പറയുന്നു.

ന്യൂസ് 18 ക്രിക്കറ്റ് നെക്‌സറ്റിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.

‘ഇന്ത്യക്കെപ്പോഴും വിരാടിന്റെ വെടിക്കെട്ട് പ്രകടനം ആവശ്യമാണ്, കാരണം ഇന്ത്യയെ സംബന്ധിച്ച് അത്യന്താപേക്ഷിതമാണ്. ധോണിയുടെ കാര്യത്തിലും അത് അങ്ങനെ തന്നെ.

ഇരുവരും മികച്ച സ്‌കോര്‍ നേടിയിട്ടില്ലെങ്കില്‍ ടി.വി റേറ്റിങ്ങുകളെ അത് സാരമായി തന്നെ ബാധിക്കും. ടി.വി റേറ്റിങ്ങുകളില്‍ ഇത് വമ്പന്‍ ഇടിവിന് കാരണമാവുകയും ആളുകള്‍ക്ക് കളിയോടുള്ള താത്പര്യം തന്നെ ഇല്ലാതാവുകയും ചെയ്യും.

വിരാട് ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കണമെന്നാണ് ഞാന്‍ എപ്പോഴും ആഗ്രഹിക്കുന്നത്. വിരാട് കളിക്കുന്നത് ഗ്രൗണ്ടില്‍ നിന്നായാലും ടി.വി സ്റ്റുഡിയോയില്‍ നിന്നായാലും കാണുന്നത് തന്നെ ഒരു പ്രത്യേക ഭംഗിയാണ്,’ സ്വാന്‍ പറയുന്നു.

അതേസമയം, ടി-20 ലോകകപ്പിനുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യയും കോഹ്‌ലിയും. ഓസീസില്‍ വെച്ച് നടക്കുന്ന ലോകകപ്പില്‍ നഷ്ടപ്പെട്ട കിരീടം ഒരിക്കല്‍ക്കൂടി വീണ്ടെുക്കാനാവും ഇന്ത്യയും കോഹ്‌ലിയും ഇറങ്ങുന്നത്.

Content highlight: England Legend James Swann about Virat Kohli and MS Dhoni