| Saturday, 9th July 2022, 4:23 pm

ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നര്‍ ഇവനാണ്; ഇന്ത്യന്‍ സൂപ്പര്‍ താരത്തെ പ്രശംസകൊണ്ടുമൂടി ഇംഗ്ലണ്ട് ഇതിഹാസം ഗ്രെയം സ്വാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച സ്പിന്‍ ബൗളര്‍ ഇന്ത്യയുടെ സൂപ്പര്‍ താരമായ യൂസ്വേന്ദ്ര ചഹലാണെന്ന് മുന്‍ ഇംഗ്ലണ്ട് താരവും ക്രിക്കറ്റ് ലെജന്‍ഡുമായ ഗ്രെയം സ്വാന്‍.

ഞാന്‍ എപ്പോഴും ഇക്കാര്യം പറയുമെന്നും ചഹല്‍ എല്ലാവരേക്കാളും എത്രയോ മുമ്പിലാണെന്നും ഇംഗ്ലണ്ടിന്റെ ഇതിഹാസ സ്പിന്നര്‍ പറയുന്നു.

‘നിലവില്‍ അവനാണ് ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നര്‍. അക്കാര്യം ഞാന്‍ എപ്പോഴും പറയും. ടി-20 ക്രിക്കറ്റില്‍ മറ്റുതാരങ്ങളെക്കാള്‍ എത്രയോ മുമ്പിലാണ് ചഹല്‍,’ സ്വാന്‍ പറയുന്നു.

സോണി സ്‌പോര്‍ട്‌സില്‍ നടന്ന ചര്‍ച്ചയ്ക്കിടെയായിരുന്നു സ്വാനിന്റെ പരാമര്‍ശം.

ഐ.പി.എല്ലില്‍ ചഹലിന്റെ പ്രകടനം കണ്ട് ആവേശഭരിതനാണെന്നും ചഹലിന്റെ നേട്ടങ്ങളില്‍ താന്‍ ഏറെ സന്തോഷിക്കുന്നുണ്ടെന്നും സ്വാന്‍ പറഞ്ഞു.

ഇന്ത്യ – ഇംഗ്ലണ്ട് ടി-20 പരമ്പരയിലെ സതാംപ്ടണില്‍ വെച്ച് നടന്ന മത്സരത്തില്‍ ഇന്ത്യ ആതിഥേയരെ പരാജയപ്പെടുത്തിയിരുന്നു. 50 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.

കളിയില്‍ നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റായിരുന്നു ചഹല്‍ നേടിയത്.

‘മഞ്ഞുമൂടിയ കാലാവസ്ഥയിലായിരുന്നു അവനത് ചെയ്ത് കാണിച്ചത്. ഐ.പി.എല്ലില്‍ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് ഞാന്‍ അദ്ദേഹത്തെ ആദ്യമായി കണ്ടത്. നനഞ്ഞ ഔട്ട്ഫീല്‍ഡായിരുന്നിട്ട് കൂടിയ തികഞ്ഞ നിയന്ത്രണത്തോടെയാണ് ചഹല്‍ പന്തെറിഞ്ഞത്,’ സ്വാന്‍ പറയുന്നു.

ഐ.പി.എല്‍ 2022ലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായിരുന്നു ചഹല്‍. രാജസ്ഥാന് വേണ്ടി 17 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ താരത്തിന്റെ മാന്ത്രിക പ്രകടനത്തിനായിരുന്നു ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്.

‘കുത്തിത്തിരിപ്പിന്റെ’ ആശാനായ ചഹല്‍ 17 മത്സരത്തില്‍ നിന്നും 68 ഓവര്‍ എറിഞ്ഞ് 27 വിക്കറ്റാണ് നേടിയത്. 40 റണ്‍സ് വഴങ്ങി 5 വിക്കറ്റ് നേടിയതായിരുന്നു സീസണിലെ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം.

ഓരോ തവണ വീതം അഞ്ച് വിക്കറ്റ് നേട്ടവും നാല് വിക്കറ്റ് നേട്ടവും കൊയ്ത ചഹല്‍ തന്നെയായിരുന്നു പര്‍പ്പിള്‍ ക്യാപ്പ് വിന്നര്‍.

Content highlight:  England Legend Graeme Swann says Yuzvendra Chahal is the best spinner today

We use cookies to give you the best possible experience. Learn more