| Sunday, 5th November 2023, 12:14 am

നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് തിരിച്ച് വീട്ടില്‍ പോവാം

സ്പോര്‍ട്സ് ഡെസ്‌ക്

നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ഓസ്‌ട്രേലിയ – ഇംഗ്ലണ്ട് മത്സരത്തില്‍ ഇംഗ്ലണ്ടിന് തോല്‍വി. ഇതോടെ 2023 ലോകകപ്പില്‍ നിന്നും പുറത്താകുന്ന ആദ്യ ടീമായി മാറുകയാണ് ഇംഗ്ലണ്ട്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഓസീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 49.3 ഓവറില്‍ 286 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ഓസീസിന് വേണ്ടി മാര്‍നസ് ലബുഷാന്‍ 71 (83) റണ്‍സും കാമറോണ്‍ ഗ്രീന്‍ 47 (52) റണ്‍സും സ്റ്റീവ് സ്മിത്ത് 44 (52) റണ്‍സുമെടുത്ത് മികച്ച പ്രകടനമാണ് നടത്തിയത്. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്‌സ് നാല് വിക്കറ്റ് നേടിപ്പോള്‍ ആദില്‍ റഷീദും മാര്‍ക്ക് വുഡും രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തില്‍ ജോണി ബേര്‍സ്‌റ്റോയെ പൂജ്യത്തിന് നഷ്ടപ്പെടുകയായിരുന്നു. പിന്നീട് വന്ന ബെന്‍ സ്റ്റോക്‌സ് 64 (90) റണ്‍സും ഡേവിഡ് മലാന്‍ 50 (64) റണ്‍സും മൊയീന്‍ അലി 42 (43) റണ്‍സുമെടുത്തെങ്കിലും നിര്‍ണായക മത്സരത്തില്‍ 33 റണ്‍സിന് പരാജയപ്പെടുകയായിരുന്നു.

ഓസീസ് സ്പിന്‍ മാന്ത്രികന്‍ ആദം സാംപയാണ് ഇംഗ്ലണ്ടിന്റെ ശക്തമായ മധ്യനിരയെ തകര്‍ത്തത്. ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്ട്‌ലര്‍, മൊയീന്‍ അലി എന്നിവരുടെ നിര്‍ണായക വിക്കറ്റുകളാണ് സാംപ സ്വന്തമാക്കിയത്. കളിയിലെ താരവും സാംപ തന്നെയാണ്. മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍ വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും നേടി.

ഇതോടെ 2023 ലോകകപ്പ് ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും മോശം ടൂര്‍ണമെന്റായി മാറിയിരിക്കുകയാണ്. ബംഗ്ലാദേശിനെതിരായ ഒരു ജയം മാത്രമാണ് നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് നേടാന്‍ കഴിഞ്ഞത്. തുടര്‍ച്ചയായ വന്‍ തോല്‍വികളില്‍ നിരവധി വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. ഒടുക്കം നിര്‍ണായക മത്സരത്തില്‍ പൊരുതി നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ തലതാഴ്ത്തുകയായിരുന്നു.

ഇതോടെ തുടര്‍ച്ചയായ അഞ്ച് വിജയവുമായി ഓസ്‌ട്രേലിയ പോയിന്റ് ടേബിളില്‍ മൂന്നാമത് എത്തിയിരിക്കുകയാണ്. തുടര്‍ച്ചയായ വന്‍ തോല്‍വിയില്‍ നിന്നും വന്‍ തിരിച്ചുവരവായിരുന്നു ഓസീസ് കാഴ്ചവെച്ചത്. നവംബര്‍ ഏഴിന് വാംഖഡെ സ്‌റ്റേഡിയത്തിലാണ് ഓസീസിന്റെ അടുത്ത മത്സരം. അഫ്ഗാനിസ്ഥാനാണ് എതിരാളികള്‍.

Content Highlight: England Knocked Out Of  ICC World Cup 2023

We use cookies to give you the best possible experience. Learn more