ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിനാണ് കളമൊരുങ്ങുന്നത്. വിശാഖപട്ടണത്തിലെ എ.സി.എ-വി.ഡി.സി.എ സ്റ്റേഡിയമാണ് രണ്ടാം ടെസ്റ്റിന് വേദിയാകുന്നത്.
പരമ്പരയിലെ ആദ്യ മത്സസരത്തില്‍ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയിരുന്നു. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 28 റണ്‍സിനാണ് ത്രീ ലയണ്‍സ് വിജയിച്ചുകയറിയത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ട് 1-0ന്റെ ലീഡ് നേടുകയും ചെയ്തു.
ഈ വിജയത്തിന് പിന്നാലെ മറ്റൊരു റെക്കോഡും ഇംഗ്ലണ്ടിനെ തേടിയെത്തിയിരുന്നു. ഇന്ത്യയിലെത്തി ഏറ്റവുമധികം ടെസ്റ്റ് വിജയങ്ങള്‍ സ്വന്തമാക്കിയ വിസിറ്റിങ് ടീം എന്ന നേട്ടമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. 15ാം തവണയാണ് ഇംഗ്ലണ്ട് ഇന്ത്യയിലെത്തി ഇന്ത്യയെ പരാജയപ്പെടുത്തിയത്.
ഹൈദരാബാദ് ടെസ്റ്റിന് മുമ്പ് 14 വിജയവുമായി ഓസ്‌ട്രേലിയക്കൊപ്പം രണ്ടാം സ്ഥാനം പങ്കിട്ട ഇംഗ്ലണ്ട് നിലവില്‍ വെസ്റ്റ് ഇന്‍ഡീസുമായി ഒന്നാം സ്ഥാനം പങ്കിടുകയാണ്.
ഇന്ത്യയില്‍ ഏറ്റവുമധികം ടെസ്റ്റ് വിജയം സ്വന്തമാക്കിയ വിസിറ്റിങ് ടീം
ഇംഗ്ലണ്ട് – 15*
വെസ്റ്റ് ഇന്‍ഡീസ് – 15
ഓസ്ട്രലിയ – 14
സൗത്ത് ആഫ്രിക്ക – 5
പാകിസ്ഥാന്‍ – 5
ഇപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെ മറികടന്ന് പട്ടികയില്‍ ഒറ്റയ്ക്ക് ഒന്നാം സ്ഥാനം നേടാനുള്ള അവസരമാണ് ഇംഗ്ലണ്ടിന് കൈവന്നിരിക്കുന്നത്. അതിന് രണ്ടാം ടെസ്റ്റില്‍ ആതിഥേയരെ പരാജയപ്പെടുത്തിയാല്‍ മാത്രം മതി.
ആദ്യ ടെസ്റ്റ് വിജയിച്ചതിന്റ ആത്മവിശ്വാസത്തില്‍ മികച്ച സ്‌ക്വാഡുമായി ഇംഗ്ലണ്ട് ഇറങ്ങുമ്പോള്‍ അത്രകണ്ട് സ്‌റ്റേബിളല്ലാത്ത സ്‌ക്വാഡാണ് രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടേത്. ആര്‍. അശ്വിനും രോഹിത് ശര്‍മയും ഒഴികെയുള്ള മറ്റ് താരങ്ങളെല്ലാം തന്നെ ടെസ്റ്റ് ഫോര്‍മാറ്റില്‍ വേണ്ടത്ര പരിചയ സമ്പത്ത് ഇല്ലാത്തവരും ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കാത്തവരുമാണ്.
അതേസമയം, പരിചയസമ്പത്ത് തന്നെയാണ് ഇംഗ്ലണ്ടിന്റെ കരുത്ത്. കരിയറിലെ 184ാം ടെസ്റ്റ് മത്സരം കളിക്കാനിറങ്ങുന്ന ഇതിഹാസ താരം ജെയിംസ് ആന്‍ഡേഴ്‌സണും മോഡേണ്‍ ഡേ ലെജന്‍ഡ് ജോ റൂട്ടും നായകന്‍ ബെന്‍ സ്‌റ്റോക്‌സും അടങ്ങുന്ന അനുഭവ സമ്പത്തുള്ള താരങ്ങള്‍ക്കൊപ്പം യുവതാരങ്ങളും ഉള്‍ക്കൊള്ളുന്ന പെര്‍ഫെക്ട് ബ്ലെന്‍ഡാണ് ഇംഗ്ലണ്ട് ടീം.