| Tuesday, 5th July 2022, 2:19 pm

ആദ്യം ബുംറ, ദേ ഇപ്പോള്‍ അമ്പയറും; എന്റെ പൊന്നു ബ്രോഡേ നിനക്കിനിയും മതിയായില്ലേ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – ഇംഗ്ലണ്ട് എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ പഞ്ഞിക്കിട്ടതിന് പിന്നാലെ ബ്രോഡിന് വീണ്ടും ശനിദശ. ബുംറയുടെ ബാറ്റിങ്ങിന്റെ ചൂടറിഞ്ഞ ബ്രോഡ് ഇത്തവണ ഫീല്‍ഡ് അമ്പയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബെറോയുടെ ‘ചൂടാണറിഞ്ഞത്’.

ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സിനിടെ ബാറ്റ് ചെയ്യവെയാണ് ബ്രോഡിന് കാറ്റില്‍ബെറോ താക്കീത് നല്‍കിയത്. അമ്പയര്‍മാരുടെ ജോലി നിര്‍വഹിക്കാന്‍ തങ്ങള്‍ക്കറിയാമെന്നും താരത്തിനോട് മിണ്ടാതിരുന്ന് പോയി ബാറ്റ് ചെയ്യാനുമായിരുന്നു കെറ്റില്‍ബെറോ ആവശ്യപ്പെട്ടത്.

ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് താരം വീണ്ടും എയറിലായത്.

‘അമ്പയറിങ്ങിന്റെ കാര്യം നോക്കാന്‍ ഞങ്ങള്‍ക്കറിയാം. നീ തത്കാലം പോയി ബാറ്റ് ചെയ്താല്‍ മതി. അതല്ലായെങ്കില്‍ നീ വീണ്ടും കുഴപ്പത്തിലാവും. ഇത് ഓവറിലെ ഒന്നാമത്തെ വാണിങ്ങാണ്,’ എന്നായിരുന്നു കെറ്റില്‍ബെറോ പറഞ്ഞത്.

എന്നാല്‍ തന്റെ വാക്കുകള്‍ കേട്ടിട്ടും വീണ്ടും സഹതാരമായ സാം ബില്ലിങ്‌സിനോട് ബ്രോഡ് പിറുപിറുക്കുന്നത് കണ്ടപ്പോള്‍ കെറ്റില്‍ബെറോ വീണ്ടും പ്രകോപിതനാവുകയും ചെയ്തു.

‘ബ്രോഡി നീ മിണ്ടാതെ പോയി ബാറ്റ് ചെയ്’ എന്നായിരുന്നു അമ്പയറിന്റെ അടുത്ത ശകാരം. ഇതോടെ ബ്രോഡ് വീണ്ടും ബാറ്റിങ് എന്‍ഡിലേക്ക് നടക്കുകയായിരുന്നു.

എന്നാല്‍ അധികം വൈകാതെ മുഹമ്മദ് സിറാജിന്റെ പന്തില്‍ ബ്രോഡ് പുറത്താവുകയും ചെയ്തു.

അതേസമയം, നാലം ദിനം കളിയവസാനിപ്പിക്കുമ്പോള്‍ ഇംഗ്ലണ്ടിനാണ് മത്സരത്തില്‍ മേല്‍ക്കൈ. തുടക്കം മുതല്‍ തന്നെ ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ ആക്രമിച്ചു കളിക്കാന്‍ തുടങ്ങിയിരുന്നു. 107 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു ഓപ്പണര്‍മാരായ ക്രോളിയും ലീസും ചേര്‍ന്ന് കെട്ടിപ്പൊക്കിയത്. സാക്ക് ക്രോളിയെ ക്ലീന്‍ ബൗള്‍ഡാക്കി ബുംറയാണ് കൂട്ടുകെട്ട് പൊളിച്ചത്.

പിന്നാലെയെത്തിയ ഓലി പോപ്പിനെ മൂന്നാം പന്തില്‍ തന്നെ പന്തിന്റെ കൈകളിലെത്തിക്കുകയും വളരെ പെട്ടെന്നുതന്നെ ലീസ് റണ്‍ ഔട്ടാവുകയും ചെയ്തതോടെ ഇന്ത്യ മത്സരത്തിലേക്ക് മടങ്ങിയെത്തി എന്നായിരുന്നു കരുതിയത്.

വിക്കറ്റ് നഷ്ടപ്പെടാതെ 107 എന്ന നിലയില്‍ നിന്നും മൂന്ന് വിക്കറ്റിന് 109 എന്ന നിലയിലേക്ക് വളരെ പെട്ടെന്നായിരുന്നു ഇംഗ്ലണ്ട് എത്തിയത്.

എന്നാല്‍, ടെസ്റ്റിലെ രാജകുമാരനായ ജോ റൂട്ടും, വമ്പനടിവീരന്‍ ബെയര്‍‌സ്റ്റോയും ചേര്‍ന്ന് ഇന്നിങ്‌സ് കെട്ടിപ്പൊക്കുകയായിരുന്നു. 112 പന്തില്‍ നിന്നും 76 റണ്‍സുമായി റൂട്ടും 87 പന്തില്‍ നിന്നും 72 റണ്‍സുമായി ബെയര്‍‌സ്റ്റോയുമാണ് നാലാം ദിനം കളിയവസാനിപ്പിക്കുമ്പോള്‍ ക്രീസില്‍.

Content Highlight: England – India 5th Test, Umpire Richard Kettleborough scolds Stuart Broad

We use cookies to give you the best possible experience. Learn more