| Wednesday, 24th January 2024, 6:12 pm

അപ്രതീക്ഷിത അരങ്ങേറ്റം, ഇന്ത്യയുടെ തന്ത്രം തിരിച്ചുപയറ്റാന്‍ ഇംഗ്ലണ്ട്; ടീമില്‍ ഒറ്റ ഫാസ്റ്റ് ബൗളര്‍ മാത്രം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യക്കെതിരായ ആദ്യ മത്സരത്തില്‍ യുവതാരം ടോം ഹാര്‍ട്‌ലിക്ക് പ്ലെയിങ് ഇലവനില്‍ ഇടം നല്‍കി ഇംഗ്ലണ്ട്. സ്പിന്നര്‍മാരെ തുണയ്ക്കുന്ന രീതിയില്‍ പിച്ചൊരുക്കുന്ന ഇന്ത്യക്കെതിരെ മികച്ച സ്പിന്‍ നിരയെ കളത്തിലറക്കാന്‍ തന്നെയാണ് ഇംഗ്ലണ്ട് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായാണ് ഹാര്‍ട്‌ലി ടീമിന്റെ ഭാഗമായിരിക്കുന്നത്.

ഹാര്‍ട്‌ലിയും ടീമിന്റെ ഭാഗമാകുന്നതോടെ മൂന്ന് സ്പിന്നര്‍മാരായിരിക്കും ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് കളത്തിലിറക്കുക. ജാക്ക് ലീച്ച്, രെഹന്‍ അഹമ്മദ് എന്നിവരാണ് മറ്റ് സ്പിന്‍ ഓപ്ഷനുകള്‍. ഇതിന് പുറമെ ജോ റൂട്ട് അടക്കമുള്ള പാര്‍ട് ടൈം സ്പിന്നര്‍മാരുടെയും സേവനം ഇംഗ്ലണ്ടിനുണ്ടാകും.

ജെയിംസ് ആന്‍ഡേഴ്‌സണ് ആദ്യ ടെസ്റ്റില്‍ ഇടമില്ലാത്തതിനാല്‍ മാര്‍ക് വുഡ് എന്ന ഒറ്റ പേസറുമായാണ് ഇംഗ്ലണ്ട് ഹൈദരാബാദില്‍ ഇറങ്ങുന്നത്.

ടോം ഹാര്‍ട്‌ലിയെന്ന ഇടം കയ്യന്‍ ഓര്‍ത്തഡോക്‌സ് സ്പിന്നറുടെ അന്താരാഷ്ട്ര അരങ്ങേറ്റത്തിന് കൂടിയാണ് ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ മത്സരം സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നത്.

ആഭ്യന്തര തലത്തില്‍ കാര്യമായ റെക്കോഡുകളൊന്നുമില്ലാത്ത ഹാര്‍ട്‌ലിയുടെ ഇന്‍ക്ലൂഷന്‍ ആരാധകരെ സംബന്ധിച്ച് അല്‍പം ഞെട്ടലുണ്ടാക്കിയിരുന്നു. ലങ്കാഷെയറിന്റെ താരമായ ഹാര്‍ട്‌ലി ഇതുവരെ 20 ഫസ്റ്റ് ക്ലാസ് മത്സരമാണ് കളിച്ചിട്ടുള്ളത്.

പന്തെറിഞ്ഞ 32 ഇന്നിങ്‌സില്‍ നിന്നും 40 വിക്കറ്റാണ് താരത്തിന്റെ സമ്പാദ്യം. ഒരു തവണ അഞ്ച് വിക്കറ്റ് നേട്ടവും നാല് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയ ഹാര്‍ട്‌ലിയുടെ ഒരു ഇന്നിങ്‌സിലെ ഏറ്റവും മികച്ച ബൗളിങ് ഫിഗര്‍ 5/52 ആണ്.

ലിസ്റ്റ് എയിലെ നാല് ഇന്നിങ്‌സില്‍ നിന്നും ഒരു വിക്കറ്റും താരം നേടിയിട്ടുണ്ട്.

ലെഗ് ബ്രേക്കറായി രെഹന്‍ അഹമ്മദും ഇടം കയ്യന്‍ ഓര്‍ത്തഡോക്‌സ് ബൗളറായി ജാക്ക് ലീച്ചും ഉള്‍പ്പെടുന്ന ടീമില്‍ ഓര്‍ത്തഡോക്‌സ് ബൗളറായ ഹാര്‍ട്‌ലിയുടെ സേവനം ഇംഗ്ലണ്ടിനെ തുണച്ചേക്കും.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ്, ബെന്‍ ഫോക്സ്, രെഹന്‍ അഹമ്മദ്, ടോം ഹാര്‍ട്ലി. ജാക്ക് ലീച്ച്, മാര്‍ക് വുഡ്.

ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്:

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍, രജത് പാടിദാര്‍, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), ആവേശ് ഖാന്‍.

Content Highlight: England included Tom Hartley against 1st test against India

We use cookies to give you the best possible experience. Learn more