|

ക്രിക്കറ്റ് ലോകത്ത് ഇതുവരെ ആരും തൊടാത്ത റെക്കോഡ് റാഞ്ചി ജോസേട്ടന്റെ ഇംഗ്ലീഷ് പട!

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഒമാനിനെ പരാജയപ്പെടുത്തി ഇംഗ്ലണ്ട്. സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.

13.2 ഓവറില്‍ ഒമാനെ 47 റണ്‍സിന് ഓള്‍ ഔട്ട് ആക്കുകയായിരുന്നു ഇംഗ്ലണ്ട്. ഒമാനിനു വേണ്ടി ഷൊയ്ബ് ഖാന്‍ 11 റണ്‍സ് നേടി ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയപ്പോള്‍ കഷ്യപ് പ്രജാപതി ഒമ്പതു റണ്‍സും അഖീബ് ഇല്യാസ് എട്ട് റണ്‍സ് നേടി. മറ്റാര്‍ക്കും തന്നെ ടീമിനുവേണ്ടി മികച്ച സ്‌കോര്‍ നേടാന്‍ സാധിച്ചില്ല. ഇംഗ്ലണ്ട് ബൗളര്‍മാരുടെ ആക്രമണത്തിന് മുന്നില്‍ തലകുനിക്കാനല്ലാതെ ബാറ്റ് പൊക്കാന്‍ ഓമിനിന് സാധിച്ചില്ല.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് വെറും 19 ബോളിലാണ് ഒമാനിനെ അടിച്ചൊതുക്കി വിജയം സ്വന്തമാക്കിയത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും ഇംഗ്ലീഷ് പട സ്വന്തമാക്കിയിരിക്കുകയാണ്. ഐ.സി.സി ടി-20 ലോകകപ്പ് ചരിത്രത്തില്‍ 100+ ബോള്‍ ബാക്കി നില്‍ക്കെ മത്സരം വിജയിക്കുന്ന ആദ്യ ടീമാകാനാണ് ഇംഗ്ലണ്ടിന് സാധിച്ചത്. മറ്റൊരു ടീമിനും ഇത്തരത്തില്‍ ഒരു നേട്ടം സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല.

ഇംഗ്ലണ്ടിനു വേണ്ടി മികച്ച ബൗളിങ് പ്രകടനം കാഴ്ചവച്ചത് ആദില്‍ റഷീദ് ആണ്. നാലു ഓവറില്‍ 11 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. 2.75 എന്ന തകര്‍പ്പന്‍ എക്കണോമിയും താരത്തിനുണ്ട്. താരത്തിന് പുറമേ മാര്‍ക്ക് വുഡ്, ജോഫ്രാ ആര്‍ച്ചര്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് 12 റണ്‍സ് നേടിയ ഫില്‍ സാള്‍ട്ടിനെ ആദ്യം നഷ്ടപ്പെട്ടു. വില്‍ ജാക്‌സ് അഞ്ച് റണ്‍സും നേടി മടങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ ആണ് ടീമിനെ വിജയത്തിലെത്തിച്ചത്.

എട്ടു പന്തില്‍ 24 റണ്‍സ് നേടി മിന്നും പ്രകടനമാണ് ബട്‌ലര്‍ കാഴ്ചവച്ചത്. 300 സ്‌ട്രൈക്ക് റേറ്റിലാണ് ഒമാന്‍ ബൗളര്‍മാര്‍ക്കെതിരെ ജോസ് ബാറ്റ് വീശിയത്.

Content Highlight: England In Great Record Achievement In T20 World Cup