'ഓറഞ്ചില്‍' ഇറങ്ങിയ ഇന്ത്യക്ക് കളിക്കളത്തില്‍ തിരിച്ചടി; ടീമിലുള്ളത് മൂന്ന് വിക്കറ്റ് കീപ്പര്‍മാര്‍; ഇംഗ്ലണ്ടിന് ഉജ്ജ്വല തുടക്കം
ICC WORLD CUP 2019
'ഓറഞ്ചില്‍' ഇറങ്ങിയ ഇന്ത്യക്ക് കളിക്കളത്തില്‍ തിരിച്ചടി; ടീമിലുള്ളത് മൂന്ന് വിക്കറ്റ് കീപ്പര്‍മാര്‍; ഇംഗ്ലണ്ടിന് ഉജ്ജ്വല തുടക്കം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 30th June 2019, 4:38 pm

ബിര്‍മിങ്ഹാം: ചരിത്രത്തിലാദ്യമായി ഓറഞ്ച് ജേഴ്‌സിയില്‍ കളിക്കാനിറങ്ങിയ ഇന്ത്യന്‍ ടീമിന് കളിക്കളത്തില്‍ തിരിച്ചടി. ആതിഥേയരായ ഇംഗ്ലണ്ടുമായി ലോകകപ്പിലെ തങ്ങളുടെ ഏഴാം മത്സരത്തിനിറങ്ങിയ ഇന്ത്യയെ നിലംതൊടീക്കാന്‍ അനുവദിക്കാതെ ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ കളം നിറഞ്ഞാടുകയാണ്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് മത്സരം 21 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടമില്ലാതെ 155 റണ്‍സ് എടുത്തിട്ടുണ്ട്. 74 പന്തില്‍ 87 റണ്‍സെടുത്ത ജോണി ബെയര്‍സ്‌റ്റോ, 52 പന്തില്‍ 63 റണ്‍സെടുത്ത ജേസണ്‍ റോയ് എന്നിവരാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോറിലേക്കു നയിക്കുന്നത്.

ബെയര്‍സ്‌റ്റോ ഏഴ് ഫോറും ആറ് സിക്‌സറും നേടിയപ്പോള്‍, റോയ് ഏഴ് ഫോറും രണ്ട് സിക്‌സറും അടിച്ചുകൂട്ടി.

ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ട ബൗളിങ് പ്രകടനം കാഴ്ചവെച്ചത്. യുസ്‌വേന്ദ്ര ചാഹല്‍, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവര്‍ ആറ് റണ്‍സിനു മുകളിലാണ് ഓരോ ഓവറിലും വഴങ്ങിയത്.

കഴിഞ്ഞ മത്സരങ്ങളില്‍ മോശം പ്രകടനം കാഴ്ചവെച്ച് ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയ വിജയ് ശങ്കറെ മാറ്റി വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇന്നിറങ്ങിയത്. ധോനിയും രാഹുലും പന്തും അടക്കം ഈ മത്സരത്തിലുള്ളത് മൂന്ന് വിക്കറ്റ് കീപ്പര്‍മാരാണ് എന്ന പ്രത്യേകതയുമുണ്ട്.

ആറു മത്സരങ്ങളില്‍ നിന്ന് അഞ്ച് വിജയവും ഒരു സമനിലയുമായി ഇന്ത്യയിപ്പോള്‍ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്താണ്. ഇംഗ്ലണ്ടാകട്ടെ, ഏഴ് മത്സരങ്ങളില്‍ നിന്ന് നാലു ജയവും മൂന്നു തോല്‍വിയുമായി അഞ്ചാം സ്ഥാനത്താണ്. സെമി പ്രതീക്ഷ നിലനിര്‍ത്തണമെങ്കില്‍ അവര്‍ക്ക് ഈ മത്സരം വിജയിക്കണം.

നേരത്തേ ഒട്ടേറെ വിവാദങ്ങള്‍ക്കൊടുവിലാണ് ഇന്ത്യ ഓറഞ്ച് ജേഴ്‌സി ധരിക്കാന്‍ തീരുമാനിച്ചത്. വെള്ളിയാഴ്ചയാണ് ഔദ്യോഗികമായി ഈ ജേഴ്‌സി കിറ്റ് സ്‌പോണ്‍സര്‍മാരായ നൈക്കി പുറത്തിറക്കിയത്. പുതിയ ജേഴ്‌സിക്ക് പത്തില്‍ എട്ട് മാര്‍ക്ക് നല്‍കുന്നുവെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി വ്യക്തമാക്കുകയും ചെയ്തു. ജേഴ്‌സിയെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ജീവനക്കാരുടെ യൂണിഫോമുമായാണ് സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകര്‍ ഉപമിക്കുന്നത്.