| Tuesday, 20th June 2023, 4:37 pm

പന്ത് ചുരണ്ടല്‍ പിടിച്ചപ്പോള്‍ നീ കരഞ്ഞത് ഞങ്ങളെല്ലാവരും കണ്ടതാ... സ്മിത്തിനെതിരെ ഫാന്‍സ്, ചിരിയടക്കാനാകാതെ റോബിന്‍സണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ആഷസ് 2023ലെ ആദ്യ മത്സരം അവസാനത്തോട് അടുക്കുകയാണ്. അഞ്ചാം ദിവസം ഓസീസിന് വിജയിക്കാന്‍ 90 ഓവറില്‍ 174 റണ്‍സ് ആവശ്യമുള്ളപ്പോള്‍ ഏഴ് വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് വിജയിക്കാന്‍ വേണ്ടത്.

പല നാടകീയ സംഭവങ്ങള്‍ക്കും ആദ്യ ടെസ്റ്റ് സാക്ഷ്യം വഹിച്ചിരുന്നു. മത്സരത്തിന്റെ ആദ്യ ദിവസം തന്നെ ഇംഗ്ലണ്ട് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തതും, കോഡ് ഓഫ് കണ്ടക്ട് തെറ്റിച്ചതിന് ഇംഗ്ലണ്ട് സൂപ്പര്‍ താരം മോയിന്‍ അലിക്ക് പിഴ വിധിച്ചതും, ഉസ്മാന്‍ ഖവാജയെ പുറത്താക്കിയതിന് പിന്നാലെയുള്ള ഒലി റോബിന്‍സണിന്റെ അതിരുകടന്നുള്ള ആവേശവുമെല്ലാം ആദ്യ ടെസ്റ്റിന്റെ ഹൈലൈറ്റായിരുന്നു.

മത്സരത്തിന്റെ നാലാം ദിവസവും ഇത്തരത്തില്‍ രസകരമായ ഒരു സംഭവത്തിന് എഡ്ജ്ബാസ്റ്റണ്‍ സാക്ഷിയായിരുന്നു. മുന്‍ ഇംഗ്ലണ്ട് നായകന്‍ സ്റ്റീവ് സ്മിത്തിനെതിരെയുള്ള ഇംഗ്ലണ്ട് ആരാധകരുടെ ക്രിയേറ്റീവ് ഫാന്‍ ചാന്റുകളായിരുന്നു അത്.

ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സിനിടെയായിരുന്നു സംഭവം. സ്റ്റീവ് സ്മിത്തിനെതിരെ ബാര്‍മി ആര്‍മിയുടെ ചാന്റുകള്‍ കേട്ട് ചിരിക്കുന്ന ഒലി റോബിന്‍സണായിരുന്നു നാലാം ദിവസത്തെ പ്രധാന കാഴ്ചകളിലൊന്ന്.

‘നീ കരുന്നത് ഞങ്ങള്‍ ടി.വിയില്‍ കണ്ടിരുന്നു’ (വീ സോ യൂ ക്രൈ ഓണ്‍ ടെലി) എന്നാണ് ഇംഗ്ലണ്ട് ആരാധകര്‍ ചാന്റ് ചെയ്തത്.

2018ലെ ബോള്‍ ടാംപറിങ് വിവാദത്തില്‍ 12 മാസം വിലക്ക് ലഭിച്ചതിന് പിന്നാലെ പ്രസ് കോണ്‍ഫറന്‍സിനിടെ സ്റ്റീവ് സ്മിത്ത് പൊട്ടിക്കരഞ്ഞിരുന്നു. ഇതിനെക്കുറിച്ചാണ് ആരാധകര്‍ ചാന്റ് ചെയ്തത്.

സംഭവത്തിന്റെ വീഡിയോ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.

അതേസമയം, ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മഴ കാരണം മത്സരം തടസ്സപ്പെട്ടതിനാലാണ് ഇത്.

നാലാം ദിവസം കളിയവസാനിപ്പിക്കുമ്പോള്‍ 107 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് ഓസീസ്. 81 പന്തില്‍ നിന്നും 34 റണ്‍സുമായി ഉസ്മാന്‍ ഖവാജയും 19 പന്തില്‍ നിന്നും 13 റണ്‍സുമായി സ്‌കോട് ബോളണ്ടുമാണ് ക്രീസില്‍.

ഏഴ് റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇംഗ്ലണ്ട് 273 റണ്‍സിന് പുറത്തായി. ആദ്യ ഇന്നിങ്‌സില്‍ പുറത്തെടുത്ത അതേ പ്രകടനം പുറത്തെടുക്കാന്‍ ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ക്ക് സാധിക്കാതെ വന്നതോടെയാണ് 281 റണ്‍സിന്റെ വിജയലക്ഷ്യം ഇംഗ്ലണ്ട് ഓസീസിന് മുമ്പില്‍ വെച്ചത്.

ഇംഗ്ലണ്ടിനായി ജോ റൂട്ടും ഹാരി ബ്രൂക്കും 46 റണ്‍സ് വീതം നേടി.

രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് വീതം വീഴ്ത്തിയ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും നഥാന്‍ ലയണുമാണ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്. ഇവര്‍ക്ക് പുറമെ സ്‌കോട് ബോളണ്ടും ജോഷ് ഹെയ്‌സല്‍വുഡും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Content Highlight: England fans trolls Steve Smith

We use cookies to give you the best possible experience. Learn more