കൊല്‍ക്കത്ത: അണ്ടര്‍ 17 ലോകകപ്പിലെ ആദ്യ സെമിഫൈനലില്‍ ബ്രസീലിനെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് ഫൈനലില്‍. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു ഇംഗ്ലീഷ് പടയുടെ ജയം.
ഇംഗ്ലണ്ടിനായി റയാന്‍ ബ്രൂസ്റ്റര്‍ ഹാട്രിക്ക് നേടിയപ്പോള്‍ ബ്രസീലിന് മറുപടിയുണ്ടായിരുന്നില്ല. ജര്‍മ്മനിക്കെതിരെ കാണിച്ച പോരാട്ടവീര്യം ഇംഗ്ലണ്ടിന് മുന്നില്‍ പുറത്തെടുക്കാന്‍ കഴിയാതെ വന്ന മഞ്ഞപ്പടയുടെ ആശ്വാസ ഗോള്‍ വെസ്‌ലിയുടെ വകയായിരുന്നു.
ഹഡ്‌സണ്‍ ഒഡായിയുടെ ക്രോസില്‍ നിന്നും പന്ത് ലഭിച്ച ബ്രൂസ്റ്ററിന്റെ ആദ്യ ശ്രമം ഗോളി ബ്രേസാവോ തടഞ്ഞിട്ടെങ്കിലും രണ്ടാം ശ്രമത്തില്‍ ബ്രൂസ്റ്റര്‍ പന്ത് ലക്ഷ്യത്തിലെത്തിച്ചു. എന്നാല്‍ പത്ത് മിനിറ്റിനകം ബ്രസീല്‍ ഗോള്‍ മടക്കി. ഇംഗ്ലണ്ടിന്റെ പെനാല്‍റ്റി ബോക്‌സിനുള്ളിലെ ചെറിയൊരു കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ബ്രസീലിന്റെ ആദ്യ ഷോട്ട് ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ തടുത്തിട്ടു.
Also Read: ‘ഇത് ഇളയ ദളപതി സ്റ്റൈല്‍’; മെരസല്‍ വിവാദത്തില്‍ ചുട്ട മറുപടിയുമായി വിജയ്
രണ്ടാം ശ്രമത്തില്‍ വെസ്ലി പന്ത് വലയിലെത്തിച്ചു. എന്നാല്‍ ആദ്യ പകുതിക്ക് മുന്‍പ് തന്നെ ഇംഗ്ലണ്ട് ലീഡ് സ്വന്തമാക്കി. 77 ാം മിനിറ്റില്‍ മൂന്നാം ഗോളും നേടി ബ്രൂസ്റ്റര്‍ ടൂര്‍ണ്ണമെന്റിലെ രണ്ടാം ഹാട്രിക്കും സ്വന്തമാക്കി.
ക്വാര്‍ട്ടറില്‍ അമേരിക്കയ്ക്കെതിരെയും ബ്രൂസ്റ്റര്‍ ഹാട്രിക് നേടിയിരുന്നു.ബ്രസീലിനെതിരായ ഹാട്രിക്കോടെ റയാന്‍ ബ്രൂസ്റ്ററിന്റെ ടൂര്‍ണമെന്റിലെ ഗോള്‍നേട്ടം ഏഴായി ഉയര്‍ന്നു. ഇന്ന് നടക്കുന്ന സ്പെയിന്‍-മാലി സെമിയിലെ ജേതാക്കളാണ് ഫൈനലില്‍ ഇംഗ്ലണ്ടുമായി കലാശ പോരിന് ഇറങ്ങുക.