വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പാകിസ്ഥാനെ പുറത്താക്കി ഇംഗ്ലണ്ട്. ഇംഗ്ലണ്ടിന്റെ പാകിസ്ഥാന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിലും പരാജയപ്പെട്ടതോടെയാണ് പാക് പട ടൂര്‍ണമെന്റില്‍ നിന്നും പുറത്തായത്.
മുള്‍ട്ടാനില്‍ വെച്ച് നടന്ന രണ്ടാം ടെസ്റ്റില്‍ 26 റണ്‍സിനായിരുന്നു പാകിസ്ഥാന്റെ പരാജയം. 355 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ പാകിസ്ഥാന് 328 റണ്‍സ് മാത്രമാണ് നേടാനായത്.
ഇംഗ്ലണ്ടിന്റെ പര്യടനത്തിന് മുമ്പ് ശേഷിക്കുന്ന അഞ്ച് ടെസ്റ്റില്‍ നാലെണ്ണത്തില്‍ ജയിച്ചാല്‍ മാത്രമേ പാകിസ്ഥാന് ചാമ്പ്യന്‍ഷിപ്പില്‍ സാധ്യതയുണ്ടായിരുന്നുള്ളൂ. എന്നാല്‍ തുടര്‍ച്ചയായ രണ്ട് ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ പാകിസ്ഥാന്‍ തങ്ങളുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മോഹങ്ങള്‍ അടിയറ വെച്ചു.
മുള്‍ട്ടാന്‍ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 281 റണ്‍സായിരുന്നു നേടിയത്. ആദ്യ ഇന്നിങ്‌സില്‍ പാകിസ്ഥാന്‍ 202 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.
ആദ്യ ഇന്നിങ്‌സ് ലീഡുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ടിന് റാവല്‍പിണ്ടിയില്‍ കാഴ്ചവെച്ച പ്രകടനം ആവര്‍ത്തിക്കാനായില്ല. 275 റണ്‍സ് മാത്രമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് നേടിയത്. സെഞ്ച്വറി നേടിയ ഹാരി ബ്രൂക്കും 79 റണ്‍സടിച്ച ബെന്‍ ഡക്കറ്റുമാണ് ഇംഗ്ലണ്ട് നിരയില്‍ പൊരുതിയത്.
രണ്ടാം ഇന്നിങ്‌സില്‍ ഭേദപ്പെട്ട തുടക്കമായിരുന്നു പാകിസ്ഥാന് ലഭിച്ചത്. ഓപ്പണര്‍മാരായ അബ്ദുള്ള ഷഫീഖും മുഹമ്മദ് റിസ്വാനും തുടങ്ങിവെച്ച ചെറുത്ത് നില്‍പ് സൗദ് ഷക്കീല്‍ ഏറ്റെടുത്തതോടെ രണ്ടാം ടെസ്റ്റ് പാകിസ്ഥാന്‍ ജയിച്ചേക്കുമെന്ന് തോന്നിച്ചിരുന്നു.
മൂന്നാം ദിവസം കളിയവസാനിപ്പിക്കുമ്പോള്‍ 198ന് നാല് എന്ന നിലയിലായിരുന്നു പാകിസ്ഥാന്‍. ആറ് വിക്കറ്റ് കയ്യിലിരിക്കെ 157 റണ്‍സ് കൂട്ടിച്ചേര്‍ത്താല്‍ പാകിസ്ഥാന് വിജയിക്കാന്‍ സാധിക്കുമായിരുന്നു. സൗദ് ഷക്കീലിന്റെ ചിറകിലേറി പാകിസ്ഥാന്‍ ആ ലക്ഷ്യം ഭേദിക്കുമെന്നും ആരാധകര്‍ കരുതി.
ഷക്കീലിന് പിന്തുണയുമായി ഇമാം ഫള്‍ ഹഖും മുഹമ്മദ് നവാസും റണ്‍സ് ഉയര്‍ത്തിയപ്പോള്‍ പാകിസ്ഥാന്‍ വിജയിക്കുമെന്നുറപ്പായി. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ ഇരുവരെയും മടക്കി ഇംഗ്ലണ്ട് ബൗളര്‍മാര്‍ ടീമിന് വേണ്ട ബ്രേക്ക് ത്രൂ നല്‍കി.
എന്നാല്‍ സെഞ്ച്വറിക്ക് ആറ് റണ്‍സകലെ ഷക്കീല്‍ പുറത്തായപ്പോള്‍ പാകിസ്ഥാന്റെ വിധിയും തീരുമാനിക്കപ്പെട്ടു കഴിഞ്ഞിരുന്നു. ഒടുവില്‍ 328 റണ്‍സിന് പാകിസ്ഥാന്‍ ഓള്‍ ഔട്ടായപ്പോള്‍ ഇംഗ്ലണ്ട് 26 റണ്‍സിന്റെ വിജയമാഘോഷിച്ചു.
ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-0ന് സ്വന്തമാക്കാനും ഇംഗ്ലണ്ടിനായി.
അതേസമയം, ഡിസംബര്‍ 14ന് ഇന്ത്യ തങ്ങളുടെ ടെസ്റ്റ് പരമ്പരക്കായി ഇറങ്ങുകയാണ്. ബംഗ്ലാദേശാണ് എതിരാളികള്‍. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ജയിക്കാന്‍ സാധിച്ചാല്‍ ചാമ്പ്യന്‍ഷിപ്പിനായുള്ള ഓട്ടത്തില്‍ നേരിയ പ്രതീക്ഷ വെച്ചുപുലര്‍ത്താനും ഇന്ത്യക്കാവും.
Content Highlight: England eliminate Pakistan from world test championship