ഇന്ത്യ ചാരം; ബട്‌ലര്‍ - ഹേല്‍സ് ഷോയില്‍ നാണംകെട്ട് ഇന്ത്യ
Sports News
ഇന്ത്യ ചാരം; ബട്‌ലര്‍ - ഹേല്‍സ് ഷോയില്‍ നാണംകെട്ട് ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 10th November 2022, 4:43 pm

ടി-20 ലോകകപ്പിലെ രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിന് ത്രസിപ്പിക്കുന്ന ജയം. ഇന്ത്യന്‍ ടീമിനെ ഒന്നാകെ നോക്കുകുത്തികളാക്കിയാണ് ഇംഗ്ലണ്ട് വിജയം പിടിച്ചടക്കിയത്. നാല് ഓവറും പത്ത് വിക്കറ്റും ബാക്കി നില്‍ക്കവെയാണ് ഇംഗ്ലണ്ടിന്റെ വിജയം.

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് വീണ്ടും പരാജയമായ മത്സരത്തില്‍ വിരാടും ഹര്‍ദിക്കും ചേര്‍ന്നാണ് ടീമിന് തരക്കേടില്ലാത്ത സ്‌കോര്‍ സമ്മാനിച്ചത്.

വിരാട് 40 പന്തില്‍ നിന്നും 50 റണ്‍സ് നേടിയപ്പോള്‍ 33 പന്തില്‍ നിന്നും 63 റണ്‍സാണ് ഹര്‍ദിക് പാണ്ഡ്യ അടിച്ചുകൂട്ടിയത്. നോക്കൗട്ട് ഘട്ടത്തില്‍ മുട്ടിടിക്കുന്ന പതിവ് സൂര്യകുമാര്‍ യാദവ് ഇവിടെയും തെറ്റിച്ചില്ല. പത്ത് പന്തില്‍ നിന്നും 14 റണ്‍സാണ് സ്‌കൈക്ക് നേടാന്‍ സാധിച്ചത്.

169 റണ്‍സ് ടാര്‍ഗെറ്റുമായി കളത്തിലിറങ്ങിയ ഇംഗ്ലണ്ടിനെ ഓപ്പണര്‍മാരായ അലക്‌സ് ഹേല്‍സും ക്യാപ്റ്റന്‍ ജോസ് ബട്‌ലറും ചേര്‍ന്ന് വിജയത്തിലേക്കെത്തിക്കുകയായിരുന്നു. എങ്ങനെയാവണം ടി-20 ഫോര്‍മാറ്റില്‍ ഓപ്പണിങ് കൂട്ടുകെട്ട് പടുത്തുയര്‍ത്തേണ്ടത് എന്ന് രോഹിത്തിനും രാഹുലിനും കാണിച്ചുകൊടുക്കുന്ന പ്രകടനമാണ് ഇരുവരും നടത്തിയത്.

ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ 49 പന്തില്‍ നിന്നും പുറത്താവാതെ 80 റണ്‍സ് നേടിയപ്പോള്‍ അലക്‌സ് ഹേല്‍സ് 47 പന്തില്‍ നിന്നും പുറത്താവാതെ 86 റണ്‍സ് നേടി.

മുന്നില്‍ കിട്ടിയ ഇന്ത്യന്‍ ബൗളര്‍മാരെയെല്ലാം തച്ചുതകര്‍ത്താണ് ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ അഴിഞ്ഞാടിയത്. നിര്‍ണായക മത്സരത്തില്‍ ടൂര്‍ണമെന്റിലെ ഏറ്റവും മോശം ബൗളിങ് പ്രകടനമായിരുന്നു ഇന്ത്യന്‍ ബൗളര്‍മാര്‍ നടത്തിയത്.

ഭുവനേശ്വറും ഷമിയും ഹര്‍ദിക്കും അക്‌സറുമെല്ലാം തന്നെ ബട്‌ലറിന്റെയും ഹേല്‍സിന്റെയും ബാറ്റിന്റെ ചൂടറിഞ്ഞു.

അഡ്‌ലെയ്ഡിലെ ബാറ്റിങ് പിച്ചിന്റെ ആനുകൂല്യം മുതലെടുക്കാന്‍ ഇന്ത്യക്ക് സാധിക്കാതെ വന്നപ്പോള്‍ ആ ആനുകൂല്യം പൂര്‍ണമായും മുതലാക്കിയാണ് ഇംഗ്ലണ്ട് വിജയത്തിലേക്കും ഒപ്പം ഫൈനലിലേക്കും നടന്നുകയറിയത്.

നവംബര്‍ 13നാണ് ഇംഗ്ലണ്ട് – പാകിസ്ഥാന്‍ ഫൈനല്‍ മത്സരം. മെല്‍ബണാണ് വേദി.

 

Content highlight: England defeats India in ICC T20 Semi Final Match