| Friday, 31st May 2024, 8:24 am

പാകിസ്ഥാനെ കൊന്ന് കൊലവിളിച്ച് സഞ്ജുവിന്റെ ജോസേട്ടന്‍; ലോകകപ്പ് നിലനിര്‍ത്തണം, അവര്‍ വലിയൊരു സിഗ്നല്‍ തന്നിട്ടുണ്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പിന് തൊട്ടുമുമ്പ് പാകിസ്ഥാനെതിരായ ടി-20 പരമ്പര ഏകപക്ഷീയമായി സ്വന്തമാക്കി ഇംഗ്ലണ്ട്. പാകിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ നാല് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ആതിഥേയര്‍ 2-0ന് സ്വന്തമാക്കിയത്. പരമ്പരയിലെ ആദ്യ മത്സരവും മൂന്നാം മത്സരവും ഒറ്റ പന്ത് പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു.

ആദ്യ മത്സരത്തിനൊപ്പം മൂന്നാം മത്സരവും ഉപേക്ഷിക്കപ്പെട്ടതോടെ പരമ്പരയില്‍ ഒപ്പമെത്താനായിരുന്നു പാകിസ്ഥാന്റെ ശ്രമം. ഓവലില്‍ നടന്ന മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ 1-1ന് പരമ്പര സമനിലയിലാക്കാനും ലോകകപ്പിന് മുമ്പ് വന്‍ നാണക്കേടില്‍ നിന്ന് രക്ഷപ്പെടാനും പാകിസ്ഥാന് സാധിക്കുമായിരുന്നു. എന്നാല്‍ തകര്‍പ്പന്‍ വിജയം നേടിയാണ് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയത്.

ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു. മികച്ച തുടക്കം ലഭിച്ചിട്ടും പാകിസ്ഥാന് 157 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.

ഓപ്പണര്‍മാരായ മുഹമ്മദ് റിസ്വാന്‍ 16 പന്തില്‍ 23 റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ കൂടിയായ ബാബര്‍ അസം 22 പന്തില്‍ 36 റണ്‍സ് നേടി. മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ ഉസ്മാന്‍ ഖാനാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 21 പന്ത് നേരിട്ട് രണ്ട് സിക്‌സറും മൂന്ന് ഫോറും അടക്കം 38 റണ്‍സാണ് താരം നേടിയത്.

മധ്യനിര പാടെ നിരാശപ്പെടുത്തിയ മത്സരത്തില്‍ ഇഫ്തിഖര്‍ അഹമ്മദ് ചെറുത്തുനിന്നു. 18 പന്തില്‍ 21 റണ്‍സാണ് താരം നേടിയത്. 18 പന്ത് നേരിട്ട് 16 റണ്‍സടിച്ച നസീം ഷായും സ്‌കോറിങ്ങില്‍ നിര്‍ണായകമായി.

ഒടുവില്‍ 19.5 ഓവറില്‍ പാകിസ്ഥാന്‍ 157ന് പുറത്തായി.

ഇംഗ്ലണ്ടിനായി ലിയാം ലിവിങ്സ്റ്റണ്‍, ആദില്‍ റഷീദ്, മാര്‍ക് വുഡ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ ക്രിസ് ജോര്‍ദന്‍, ജോഫ്രാ ആര്‍ച്ചര്‍, മോയിന്‍ അലി എന്നിവര്‍ ഓരോ പാക് താരങ്ങളെയും പവലിയനിലേക്ക് മടക്കിയയച്ചു. ഹാരിസ് റൗഫ് റണ്‍ ഔട്ടായി പുറത്താവുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഒട്ടും പ്രയാസപ്പെടാതെ വിജയം പിടിച്ചടക്കി. ഓപ്പണര്‍ ഫില്‍ സോള്‍ട്ട് 24 പന്തില്‍ 45 റണ്‍സടിച്ചപ്പോള്‍ ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ 21 പന്ത് നേരിട്ട് 39 റണ്‍സ് കൂട്ടിച്ചേര്‍ത്ത് മടങ്ങി.

ജോണി ബെയര്‍സ്‌റ്റോ (16 പന്തില്‍ പുറത്താകാതെ 28), വില്‍ ജാക്‌സ് (18 പന്തില്‍ 20), ഹാരി ബ്രൂക്ക് (14 പന്തില്‍ പുറത്താകാതെ 17) എന്നിവരും തിളങ്ങിയപ്പോള്‍ 27 പന്ത് ബാക്കി നില്‍ക്കെ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കി.

നാല് ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് നേടിയ ആദില്‍ റഷീദാണ് കളിയിലെ താരം.

പരമ്പരയില്‍ നടന്ന രണ്ട് മത്സരത്തിലും മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ച ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലറിനെയാണ് പരമ്പരയുടെ താരമായി തെരഞ്ഞെടുത്തത്.

ലോകകപ്പിന് മുമ്പ് പാകിസ്ഥാനെതിരെ നേടിയ ഈ പരമ്പര വിജയം ഇംഗ്ലണ്ടിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.

ഒരു ടീം എന്ന നിലയില്‍ ഇംഗ്ലണ്ടിന്റെ മികച്ച പ്രകടനം കൂടിയാണ് ഈ പരമ്പരയില്‍ ആരാധകര്‍ കണ്ടത്.

ഇനി മറ്റ് സന്നാഹ മത്സരങ്ങളൊന്നുമില്ലാതെ ഇംഗ്ലണ്ട് നേരിട്ട് ലോകകപ്പിനാണ് ഇറങ്ങുന്നത്. ജൂണ്‍ നാലിനാണ് ലോകകപ്പില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരുടെ ആദ്യ മത്സരം. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ നടക്കുന്ന മത്സരത്തില്‍ സ്‌കോട്‌ലാന്‍ഡാണ് എതിരാളികള്‍.

Content Highlight: England defeated Pakistan

Latest Stories

We use cookies to give you the best possible experience. Learn more