കിവികളെ ഗ്രില്‍ ചെയ്ത് ഇംഗ്ലണ്ട്; ആദ്യ ഓവറില്‍ മൂന്ന് സിക്‌സറടിച്ചപ്പോള്‍ അതിന് പോന്നവര്‍ ഇവിടെയും ഉണ്ടെന്ന് ഓര്‍ത്തുകാണില്ല
Sports News
കിവികളെ ഗ്രില്‍ ചെയ്ത് ഇംഗ്ലണ്ട്; ആദ്യ ഓവറില്‍ മൂന്ന് സിക്‌സറടിച്ചപ്പോള്‍ അതിന് പോന്നവര്‍ ഇവിടെയും ഉണ്ടെന്ന് ഓര്‍ത്തുകാണില്ല
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 31st August 2023, 8:59 am

ന്യൂസിലാന്‍ഡിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ മത്സരത്തില്‍ പടുകൂറ്റന്‍ ജയവുമായി ആതിഥേയര്‍. റിവര്‍സൈഡില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റും 36 പന്തും ബാക്കി നില്‍ക്കെ ത്രീ ലയണ്‍സ് വിജയം പിടിച്ചടക്കുകയായിരുന്നു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡിന് വെടിക്കെട്ട് തുടക്കമാണ് ലഭിച്ചത്. അറ്റാക്കിങ് ക്രിക്കറ്റിന് പേരുകേട്ട ഇംഗ്ലണ്ടിനെ ഞെട്ടിച്ചാണ് ന്യൂസിലാന്‍ഡ് സ്‌കോര്‍ ബോര്‍ഡ് തുറന്നത്. ലൂക് വുഡ് എറിഞ്ഞ ആദ്യ ഓവറില്‍ മൂന്ന് സിക്‌സര്‍ പറത്തി ഫിന്‍ അലന്‍ ഇംഗ്ലണ്ടിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരുന്നു.

ആദ്യ ഓവറില്‍ ഞെട്ടിയെങ്കിലും പിന്നീട് ഇംഗ്ലണ്ട് മത്സരത്തില്‍ ആധിപത്യമുറപ്പിക്കുന്ന കാഴ്ചയായിരുന്നു ആരാധകര്‍ കണ്ടത്. നാലാം ഓവറിലെ മൂന്നാം പന്തില്‍ വമ്പനടി വീരന്‍ ഡെവോണ്‍ കോണ്‍വേയെ സന്ദര്‍ശകര്‍ക്ക് നഷ്ടമായി. എട്ട് പന്തില്‍ മൂന്ന് റണ്‍സായിരുന്നു കോണ്‍വേയുടെ സമ്പാദ്യം.

അഞ്ചാം ഓവറിലെ മൂന്നാം പന്തില്‍ ഫിന്‍ അലനെ പുറത്താക്കി ബ്രൈഡന്‍ കാര്‍സ് ഇംഗ്ലണ്ടിന് ബ്രേക് ത്രൂ നല്‍കി. ആദ്യ ഓവറില്‍ 18 റണ്‍സടിച്ച താരം പിന്നീടുള്ള ഒമ്പത് പന്തില്‍ മൂന്ന് റണ്‍സ് മാത്രമാണ് നേടിയത്. 15 പന്തില്‍ 21 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

ടിം സീഫെര്‍ട് ഒമ്പത് റണ്‍സിനും മാര്‍ക് ചാപ്മാന്‍ 11 റണ്‍സിനും പുറത്തായതോടെ ന്യൂസിലാന്‍ഡ് 49ന് നാല് എന്ന നിലയിലേക്ക് വീണു. എന്നാല്‍ നാലാം നമ്പറില്‍ ക്രീസിലെത്തിയ ഗ്ലെന്‍ ഫിലിപ്‌സ് ചെറുത്തുനിന്നു. 38 പന്തില്‍ 41 റണ്‍സായിരുന്നു താരം നേടിയത്.

ഗ്ലെന്‍ ഫിലിപ്‌സിന് പിന്തുണ നല്‍കാന്‍ മറ്റാര്‍ക്കും സാധിക്കാതെ വന്നതോടെ നിശ്ചിത ഓവറില്‍ 139ന് ഒമ്പത് എന്ന നിലയില്‍ ന്യൂസിലാന്‍ഡ് ഇന്നിങ്‌സ് അവസാനിപ്പിച്ചു.

ഇംഗ്ലണ്ടിനായി ബ്രൈഡന്‍ കാര്‍സും ലൂക് വുഡും മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മോയിന്‍ അലി, ആദില്‍ റഷീദ്, ലിയാം ലിവിങ്‌സ്റ്റണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റിരുന്നു. ഇന്നിങ്‌സിലെ ആദ്യ പന്ത് ബൗണ്ടറി കടത്തിയ ജോണി ബെയര്‍സ്‌റ്റോയെ രണ്ടാം പന്തില്‍ ഡാരില്‍ മിച്ചലിന്റെ കൈകളിലെത്തിച്ച് ടിം സൗത്തി പുറത്താക്കി.

എന്നാല്‍ വണ്‍ ഡൗണായി ഡേവിഡ് മലന്‍ ക്രീസിലെത്തിയതോടെ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചു. വില്‍ ജാക്‌സിനൊപ്പം ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 57 റണ്‍സിന്റെ കൂട്ടുകെട്ടാണ് മലന്‍ പടുത്തിയര്‍ത്തിയത്.

ടീം സ്‌കോര്‍ 62ല്‍ നില്‍ക്കവെ 12 പന്തില്‍ 22 റണ്‍സ് നേടിയ വില്‍ ജാക്‌സും പുറത്തായി. ഇഷ് സോധിയാണ് വിക്കറ്റ് നേടിയത്. വില്‍ ജാക്‌സിന് പിന്നാലെ വെടിക്കെട്ട് വീരന്‍ ഹാരി ബ്രൂക്ക് ക്രീസിലെത്തിയതോടെ ന്യൂസിലാന്‍ഡ് തോല്‍വി മണത്തിരുന്നു.

 

ഡേവിഡ് മലനൊപ്പം ചേര്‍ന്ന് വെടിക്കെട്ടിന് തിരികൊളുത്തിയ ബ്രൂക്ക് ഇംഗ്ലണ്ടിനെ അതിവേഗം വിജയത്തിലേക്കടുപ്പിച്ചു. ടീം സ്‌കോര്‍ 116ല്‍ നില്‍ക്കവെ 42 പന്തില്‍ 54 റണ്‍സ് നേടിയ മലനെ നഷ്ടമായെങ്കിലും ലിയാം ലിവിങ്‌സറ്റണെ കൂട്ടുപിടിച്ച് ബ്രൂക്ക് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചു.

ഹാരി ബ്രൂക്ക് 27 പന്തില്‍ നിന്നും 43 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ നാല് പന്തില്‍ പത്ത് റണ്‍സുമായി ലിയാം ലിവിങ്സ്റ്റണും ക്രീസില്‍ തുടര്‍ന്നു. ഒടുവില്‍ 14 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് വിജയം സ്വന്തമാക്കി.

ഇതോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ട് 1-0ന് മുമ്പിലാണ്.

സെപ്റ്റംബര്‍ ഒന്നിനാണ് പരമ്പരയിലെ അടുത്ത മത്സരം. ഓള്‍ഡ് ട്രാഫോര്‍ഡാണ് വേദി.

 

 

Content highlight: England defeated New Zealand