| Wednesday, 8th November 2023, 9:41 pm

സ്റ്റോക്‌സിന്റെ തിരിച്ചുവരവ് വെറുതെയായില്ല; ഇംഗ്ലണ്ടിന് മുമ്പില്‍ പുതിയ വാതില്‍ തുറക്കുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

2023 ലോകകപ്പിന്റെ 40ാം മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ പടുകൂറ്റന്‍ വിജയവുമായി ഇംഗ്ലണ്ട്. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 160 റണ്‍സിനാണ് ത്രീ ലയണ്‍സ് ഡച്ച് ആര്‍മിയെ പരാജയപ്പെടുത്തിയത്.

ഇംഗ്ലണ്ട് ഉയര്‍ത്തിയ 340 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ നെതര്‍ലന്‍ഡ്‌സ് 37.2 ഓവറില്‍ 179ന് ഓള്‍ ഔട്ടാവുകയായിരുന്നു.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ബെന്‍ സ്‌റ്റോക്‌സിന്റെ സെഞ്ച്വറിയുടെയും ഡേവിഡ് മലന്‍, ക്രിസ് വോക്‌സ് എന്നിവരുടെ അര്‍ധ സെഞ്ച്വറിയുടെും കരുത്തിലാണ് വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

സ്റ്റോക്‌സ് 84 പന്തില്‍ 108 റണ്‍സ് നേടിയാണ് മടങ്ങിയത്. ആറ് വീതം സിക്‌സറും ബൗണ്ടറിയുമാണ് സ്റ്റോക്‌സിന്റെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്.

ഡേവിഡ് മലന്‍ 74 പന്തില്‍ 87 റണ്‍സ് നേടിയപ്പോള്‍ 45 പന്തില്‍ 51 റണ്‍സാണ് വോക്‌സ് നേടിയത്. ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 339 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട് ഇന്നിങ്‌സ് അവസാനിപ്പിച്ചത്.

നെതര്‍ലന്‍ഡ്സിനായി ബാസ് ഡി ലീഡ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആര്യന്‍ ദത്ത്, ലോഗന്‍ വാന്‍ ബീക് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. പോള്‍ വാന്‍ മീകരെനാണ് ശേഷിക്കുന്ന വിക്കറ്റ് വീഴ്ത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലന്‍ഡ്‌സിന് തുടക്കത്തിലേ പിഴച്ചിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 20 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിന് മുമ്പ് തന്നെ രണ്ട് മുന്‍നിര വിക്കറ്റുകള്‍ ഡച്ച് പടക്ക് നഷ്ടമായിരുന്നു.

ടോപ് ഓര്‍ഡറിലും മിഡില്‍ ഓര്‍ഡറിലും ചില താരങ്ങള്‍ ചെറുത്തുനിന്നെങ്കിലും വിജയിക്കാന്‍ അതൊന്നും പോരാതെ വരികയായിരുന്നു.

നെതര്‍ലന്‍ഡ്‌സിനായി തേജ നിദാമനുരു 34 പന്തില്‍ 41 റണ്‍സ് നേടി പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ സ്‌കോട് എഡ്വാര്‍ഡ്‌സ് 38 റണ്‍സ് നേടിയപ്പോള്‍ വെസ്‌ലി ബറാസി 37 റണ്‍സും നേടി. 33 റണ്‍സാണ് സൂപ്പര്‍ താരം സൈബ്രന്‍ഡ് എന്‍ഗല്‍ബ്രക്ട് ടോട്ടലിലേക്ക് സംഭാവന ചെയ്തത്.

ഇംഗ്ലണ്ടിനായി മോയിന്‍ അലിയും ആദില്‍ റഷീദും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഡേവിഡ് വില്ലി രണ്ടും ക്രിസ് വോക്‌സ് ഒരു വിക്കറ്റ് നേടി.

ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് കയറിയിരിക്കുകയാണ് ഇംഗ്ലണ്ട്.

ഇതോടെ ഇംഗ്ലണ്ടിന് മുമ്പില്‍ 2025ലെ ചാമ്പ്യന്‍സ് ട്രോഫി കളിക്കാനുള്ള വഴികളും തെളിഞ്ഞിരിക്കുകയാണ്. പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഈ ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന എട്ട് ടീമുകള്‍ക്കാണ് പങ്കെടുക്കാന്‍ സാധിക്കുക.

ആതിഥേയ രാജ്യമായതിനാല്‍ പാകിസ്ഥാന് നേരിട്ട് യോഗ്യത ലഭിക്കും. ഏഴ് ടീമുകളാണ് നിലവില്‍ യോഗ്യത തെളിയിക്കേണ്ടതുള്ളത്.

പാകിസ്ഥാന്‍ അടക്കം ആറ് ടീമുകള്‍ ഇതിനോടകം തന്നെ യോഗ്യത നേടിയിട്ടുണ്ട്. അടുത്ത മത്സരവും ജയിച്ച് ചാമ്പ്യന്‍സ് ട്രോഫിയിലെ തങ്ങളുടെ സാന്നിധ്യമുറപ്പാക്കാനാണ് ഇംഗ്ലണ്ട് ശ്രമിക്കുന്നത്.

നവംബര്‍ 11നാണ് ഇംഗ്ലണ്ടിന്റെ അവസാന മത്സരം. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാനാണ് എതിരാളികള്‍.

Content Highlight: England defeated Netherlands

Latest Stories

We use cookies to give you the best possible experience. Learn more