ആഷസ് 2023ന് കഴിഞ്ഞ ദിവസം തുടക്കമായിരുന്നു. ചരിത്രപ്രാധാന്യമര്‍ഹിക്കുന്ന ആഷസിന്റെ 73ാം എഡിഷനാണ് ഇംഗ്ലണ്ട് വേദിയാകുന്നത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളിലെ ആദ്യ മത്സരം എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.
എഡ്ജ്ബാസ്റ്റണിലാണ് ആദ്യ ടെസ്റ്റ് അരങ്ങേറുന്നത്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടെസ്റ്റ് ഫോര്‍മാറ്റിന്റെ കണ്‍വെന്‍ഷണല്‍ രീതികളെ അടിച്ച് തകര്‍ക്കുന്ന ഇംഗ്ലണ്ട് ആദ്യ പന്ത് മുതല്‍ തന്നെ നയം വ്യക്തമാക്കിയിരുന്നു.
ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സെറിഞ്ഞ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയാണ് ഇംഗ്ലണ്ട് തുടങ്ങിയത്. തുടര്‍ന്നും ഇതേ അറ്റാക്കിങ് ക്രിക്കറ്റ് തന്നെയാണ് ആരാധകര്‍ കണ്ടത്.
ഓപ്പണര്‍ സാക്ക് ക്രോളി അടിത്തറയിട്ട ഇന്നിങ്‌സ് പിന്നാലെ വന്നവര്‍ കെട്ടിപ്പൊക്കി. 73 പന്തില്‍ നിന്നും ഏഴ് ബൗണ്ടറിയുടെ അകമ്പടിയോടെ 61 റണ്‍സ് നേടിയാണ് ക്രോളി പുറത്തായത്.
സെഞ്ച്വറി നേടിയ ജോ റൂട്ടിന്റെ ഇന്നിങ്‌സ് തന്നെയായിരുന്നു ആദ്യ ദിവസത്തെ ഹൈലൈറ്റ്. 152 പന്തില്‍ നിന്നും ഏഴ് ബൗണ്ടറിയും നാല് സിക്‌സറും അടക്കം പുറത്താകാതെ 118 റണ്‍സാണ് ഫാബ് ഫോറിലെ കരുത്തന്‍ നേടിയത്. റൂട്ടിന്റെ ക്ലാസിക് റിവേഴ്‌സ് സ്കൂപ് സിക്‌സറും ഇന്നിങ്‌സിന് മാറ്റുകൂട്ടി.
78 പന്തില്‍ നിന്നും നൂറ് എന്ന സ്‌ട്രൈക്ക് റേറ്റുമായി 78 റണ്‍സ് നേടിയ ജോണി ബെയര്‍സ്‌റ്റോയും 31 റണ്‍സ് നേടിയ ഒലി പോപ്പും 32 റണ്‍സ് നേടിയ ഹാരി ബ്രൂക്കും ഇംഗ്ലണ്ട് ഇന്നിങ്‌സിന് കരുത്തായി.
ഒടുവില്‍ 78ാം ഓവറില്‍ 393 റണ്‍സിന് എട്ട് വിക്കറ്റ് എന്ന നിലയില്‍, ജോ റൂട്ട് ക്രീസില്‍ നില്‍ക്കവെ ഇംഗ്ലണ്ട് നായകന്‍ വീണ്ടും ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. ആദ്യ ദിവസം തന്നെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്താണ് സ്‌റ്റോക്‌സ് ടെസ്റ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ തീരുമാനങ്ങളിലൊന്ന് കൈക്കൊണ്ടത്.
ബാസ്‌ബോള്‍ ശൈലി ടെസ്റ്റിന്റെ പാരമ്പര്യ രീതികളെ ഒരിക്കല്‍ക്കൂടി മാറ്റി മറിച്ചതാണ് ക്രിക്കറ്റ് ലോകം കണ്ടത്. റൂട്ട് അടക്കമുള്ള ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ റണ്ണടിച്ചുകൂട്ടുമ്പോള്‍ ശാന്തനായി കളി കണ്ടുകൊണ്ടിരുന്ന ബ്രണ്ടന്‍ മക്കെല്ലത്തിനാണ് ഈ ക്രെഡിറ്റ് മുഴുവനും പോകുന്നത്.
▪️ First ball 4
▪️ That ramp shot
▪️ Dropped catches
▪️ Freak dismissals
▪️ Broady vs Warner
▪️ Joe Root’s 30th 100
▪️ Scoring at 5 an over
▪️ First day declaration
▪️ Moeen Ali smashing Lyon
▪️ The Hollies in full voice
കങ്കാരുക്കള്‍ക്കായി നഥാന്‍ ലയണ്‍ ആണ് ബൗളിങില്‍ തിളങ്ങിയത്. ഒലി പോപ്പ്, ഹാരി ബ്രൂക്ക്, ജോണി ബെയര്‍സ്‌റ്റോ, മോയിന്‍ അലി എന്നിങ്ങനെ നാല് നിര്‍ണായക ഇംഗ്ലണ്ട് വിക്കറ്റുകളാണ് ലയണ്‍ വീഴ്ത്തിയത്. നാല് വിക്കറ്റ് വീഴ്ത്തിയെങ്കിലും 149 റണ്‍സ് താരത്തിന് വഴങ്ങേണ്ടി വന്നിരുന്നു.
ലയണിന് പുറമെ ജോഷ് ഹെയസല്‍വുഡ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സ്‌കോട് ബോളണ്ട്, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നാല് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 14 റണ്‍സ് എന്ന നിലയിലാണ്. 13 പന്തില്‍ നിന്നും എട്ട് റണ്‍സുമായി ഡേവിഡ് വാര്‍ണറും 12 പന്തില്‍ നിന്നും നാല് റണ്‍സുമായി ഉസ്മാന്‍ ഖവാജയുമാണ് ക്രീസില്‍.
Content highlight: England declares innings on 1st fay after scoring 393