| Wednesday, 11th July 2018, 11:50 pm

ചരിത്രമെഴുതി ക്രൊയേഷ്യന്‍ പട; ഇംഗ്ലണ്ടിനെ തകര്‍ത്ത് ഫൈനലില്‍ -വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

മോസ്‌കോ: ലോകകപ്പിലെ രണ്ടാം സെമിയില്‍ ഇംഗ്ലീഷ് പടയെ കെട്ടുകെട്ടിച്ച് ക്രൊയേഷ്യ കലാശപ്പോരില്‍ യോഗ്യത നേടി. രണ്ടിനെതിരെ ഒരു ഗോളിനാണ് ഹാരികെയിനിനെയും സംഘത്തെയും തകര്‍ത്ത് റഷ്യന്‍ മണ്ണില്‍ ക്രൊയേഷ്യ ചരിത്രം കുറിച്ചത്. 109 ാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ നെഞ്ച് തകര്‍ത്ത മാന്‍സൂക്കിച്ചിന്റെ തകര്‍പ്പന്‍ ഗോളിലൂടെയാണ് ക്രൊയേഷ്യ വിജയം സ്വന്തമാക്കിയത്. ഇവാന്‍ പെരിസിച്ചിന്റെ പാസില്‍ നിന്നാണ് മാന്‍സൂക്കിച്ചിന്റെ തകര്‍പ്പന്‍ ക്ലോസ്‌റേഞ്ചര്‍ പിറന്നത്.

നിശ്ചിത സമയത്ത് മത്സരം സമനിലയില്‍ കലാശിച്ചതോടെ എക്‌സ്ട്രാ ടൈമിലേക്ക് നീളുകയായിരുന്നു. ഇരു ടീമുകളും നിറഞ്ഞ് കളിച്ച മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ ട്രിപ്പിയറിലൂടെ മുന്നിലെത്തിയ ഇംഗ്ലണ്ടിനെ 68-ാം മിനിറ്റില്‍ പെരിസിച്ചിലൂടെ ക്രൊയേഷ്യ ഒപ്പം പിടിക്കുകയായിരുന്നു.

മനോഹരമായൊരു ഫ്രീ കിക്കിലൂടെയാണ് ട്രിപ്പിയര്‍ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചത്. ലിന്‍ഗാര്‍ഡിനെ മോഡ്രിച്ച് ഫൗള്‍ ചെയ്തതിനെ തുടര്‍ന്നാണ് റഫറി ഇംഗ്ലണ്ടിന് അനുകൂലമായ ഫ്രീ കിക്ക് നല്‍കിയത്. ബോക്‌സിന്റെ തൊട്ടുപുറത്ത് നിന്നെടുത്ത ഫ്രീ കിക്ക് ഗോള്‍കീപ്പറുട തലയ്ക്ക് മുകളിലൂടെ വലയിലെത്തിക്കുകയായിരുന്നു.

2006ല്‍ ഇക്വഡോറിനെതിരെ ഡേവിഡ് ബെക്കാം ഫ്രീ കിക്കിലൂടെ ഗോള്‍ നേടിയതിന് ശേഷം ആദ്യമായാണ് ഒരു ഇംഗ്ലീഷ് താരം വീണ്ടും ആ നേട്ടം ആവര്‍ത്തിക്കുന്നത്.

68-ാം മിനിറ്റില്‍ സാഹസികമായൊരു ഷോട്ടിലൂടെയായിരുന്നു പെരിസിച്ചിന്റെ ഗോള്‍. ഇടതു വിങ്ങില്‍ നിന്ന് ബോക്‌സിലേക്ക് വ്രസാല്‍ക്കോ ഉയര്‍ത്തി നല്‍കിയ പന്ത് ഇംഗ്ലീഷ് താരം വാള്‍ക്കറുടെ തലയ്ക്ക് മുകളിലേക്ക് കാലുയയര്‍ത്തി അടിക്കുകയായിരുന്നു പെരിസിച്ച്.

1966ന് ശേഷം ആദ്യ ഫൈനലനില്‍ കടക്കാന്‍ വേണ്ടിയാണ് ഇംഗ്ലണ്ട് ഇറങ്ങിയതെങ്കില്‍ ആദ്യ കിരീടത്തോട് ഒരുപടി അടുക്കാനാണ് ക്രൊയേഷ്യ മൈതാനത്തിറങ്ങിയത്.

കലാശപ്പോരില്‍ 15 ന് ക്രൊയേഷ്യ ഫ്രാന്‍സിനെ നേരിടും.

https://twitter.com/Futbol_Matrix/status/1017128778810707968

https://twitter.com/WorIdCupUpdates/status/1017107953399320576

We use cookies to give you the best possible experience. Learn more