|

17 വര്‍ഷത്തിന് ശേഷം അവര്‍ പാക് മണ്ണില്‍ കാലുകുത്തി; തിരിച്ചടിക്കാനുള്ള അവസരത്തിനായി പാകിസ്ഥാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

17 വര്‍ഷത്തിന് ശേഷം ആദ്യമായി പാകിസ്ഥാനിലേക്ക് പര്യടനം നടത്തി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. അവസാനമായി 2005ല്‍ പര്യടനം നടത്തിയതിന് ശേഷം ഇതാദ്യമായാണ് ത്രീ ലയണ്‍സ് പാക് മണ്ണില്‍ പരമ്പര കളിക്കാനെത്തുന്നത്.

ഗുരുതര സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാല്‍ പല ടീമുകളും പാകിസ്ഥാനില്‍ പര്യടനത്തിനെത്താറില്ല. കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡ് ടീം പര്യടനത്തിനായി പാകിസ്ഥാനിലെത്തിയെങ്കിലും സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി തിരികെ മടങ്ങുകയായിരുന്നു.

മൂന്ന് ഒ.ഡി.ഐയും അഞ്ച് ടി-20 മത്സരങ്ങളുമാണ് ന്യൂസിലാന്‍ഡിന്റെ പാക് പര്യടനത്തില്‍ ഉണ്ടായിരുന്നത്. പരമ്പരയിലെ ഒന്നാം ഏകദിനം റാവല്‍പിണ്ടിയില്‍ വെച്ച് നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ മത്സരത്തിന് ഗ്രൗണ്ടിലേക്കിറങ്ങാന്‍ ന്യൂസിലാന്‍ഡ് താരങ്ങള്‍ വിസമ്മതിക്കുകയായിരുന്നു.

18 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായിട്ടായിരുന്നു 2021ല്‍ ന്യൂസിലാന്‍ഡ് പാകിസ്ഥാന്‍ മണ്ണില്‍ പര്യടനത്തിനെത്തിയത്. 2003ല്‍ ആണ് ഇരുവരും പാകിസ്ഥാനില്‍ വെച്ച് ഏറ്റുമുട്ടിയത്. അന്ന് 5-0ന് പാകിസ്ഥാന്‍ പരമ്പര സ്വന്തമാക്കുകയായിരുന്നു.

2003 ല്‍ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിനരികില്‍ വെച്ച് പര്യടനത്തിനെത്തിയ ശ്രീലങ്കന്‍ ടീമിന്റെ ബാറ്റിങ് കോച്ച് തിലന്‍ സമരവീരക്ക് വെടിയേറ്റ ശേഷം മിക്ക അന്താരാഷ്ട്ര ടീമുകളും പാക്കിസ്ഥാനിലെത്തിയിരുന്നില്ല. യു.എ.ഇ പോലെയുള്ള നിക്ഷ്പക്ഷ വേദികളിലായിരുന്നു മത്സരങ്ങള്‍ നടത്തി വന്നിരുന്നത്.

ഈയിടെ പാക് ലെജന്‍ഡും മുന്‍ പാക് പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന് വെടിയേല്‍ക്കുകയും ചെയ്തതോടെ ക്രിക്കറ്റ് ടീമുകളെല്ലാം തന്നെ പേടിയോടെ തന്നെയായിരുന്നു പാകിസ്ഥാന്‍ മണ്ണിലെ പര്യടനത്തെ നോക്കിക്കണ്ടത്.

എന്നാല്‍ തങ്ങള്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചുകൊണ്ടാണ് പാകിസ്ഥാനില്‍ പര്യടനത്തിലെത്തുന്നതെന്നാണ് ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് പറഞ്ഞത്.

‘ഇംഗ്ലണ്ട് പാകിസ്ഥാനില്‍ ടെസ്റ്റ് മത്സരം കളിച്ചിട്ട് നാളേറെയായിരിക്കുന്നു. അടുത്തിടെ ഇമ്രാന്‍ ഖാന് സംഭവിച്ച കാര്യത്തെ കുറിച്ച് ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. പക്ഷേ ഞങ്ങള്‍ക്കൊപ്പം ഏറെ നാള്‍ ഇംഗ്ലണ്ടിന്റെ സുരക്ഷാ ചുമതലയുള്ള റെഗ് ഡിക്‌സണുണ്ട്. ബാക്കിയെല്ലാം അദ്ദേഹത്തിന് വിടുകയാണ്. പര്യടനത്തിന്റെ കാര്യമെടുക്കുകയാണെങ്കില്‍ ഞങ്ങള്‍ അതുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്,’ വെള്ളിയാഴ്ച അബുദാബിയില്‍ വെച്ച് സ്‌റ്റോക്‌സ് പറഞ്ഞു.

ടി-20 ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു ഇംഗ്ലണ്ട് ലോകകിരീടം ചൂടിയത്. ഫൈനലിലെ തോല്‍വിക്ക് സ്വന്തം മണ്ണില്‍ വെച്ച് നടക്കുന്ന പരമ്പരയില്‍ തിരിച്ചടി നല്‍കാന്‍ തന്നെയാവും ബാബറും സംഘവും ഒരുങ്ങുന്നത്.

മൂന്ന് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരക്കാണ് ഇംഗ്ലണ്ട് പാകിസ്ഥാനിലെത്തുന്നത്. ഡിസംബര്‍ ഒന്നിനാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. റാവല്‍ പിണ്ടിയിലെ പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയമാണ് ആദ്യ ടെസ്റ്റിന് വേദിയാവുക.

രണ്ടാം ടെസ്റ്റ് മുള്‍ട്ടാന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലും മൂന്നാം ടെസ്റ്റ് കറാച്ചിയിലെ എന്‍.എസ്.കെ ക്രിക്കറ്റ് അരീനയിലും വെച്ച് നടക്കും.

ഇംഗ്ലണ്ട് സ്‌ക്വാഡ്

ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജെയിംസ് ആന്‍ഡേഴ്‌സണ്‍, ഹാരി ബ്രൂക്ക്, സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ബെന്‍ ഫോക്‌സ്, വില്‍ ജാക്ക്‌സ്, കീറ്റണ്‍ ജെന്നിങ്‌സ്, ജാക്ക് ലീച്ച്, ലിയാം ലിവിംഗ്സ്റ്റണ്‍, ജെയ്മി ഓവര്‍ട്ടണ്‍, ഒലി പോപ്പ്, ഒല്ലി റോബിന്‍സണ്‍, ജോ റൂട്ട്, മാര്‍ക് വുഡ്, റെഹാന്‍ അഹ്‌മദ്

പാകിസ്ഥാന്‍ സ്‌ക്വാഡ്

അബ്ദുള്ള ഷെഫീഖ്, അസര്‍ അലി, ബാബര്‍ അസം, ഇമാം ഉള്‍ ഹഖ്, ഷാന്‍ മസൂദ്, ആഘാ സല്‍മാന്‍, ഫഹീം അഷ്‌റഫ്, മുഹമ്മദ് നവാസ്, സഊദ് ഷകീല്‍, മുഹമ്മദ് റിസ്വാന്‍, സര്‍ഫറാസ് അഹമ്മദ്, അബ്രാര്‍ അഹമ്മദ്, ഹാരിസ് റൗഫ്, മുഹമ്മദ് അലി, മുഹമ്മദ് വസീം, നസീം ഷാ, നൗമാന്‍ അലി, സാഹിദ് മഹമൂദ്

Content Highlight: England cricketers arrive in Pakistan for the first Test series after 17 years