വിദേശ ക്രിക്കറ്റ് ലീഗുകളില്‍ കളിക്കുന്നതില്‍ നിന്നും ഇംഗ്ലണ്ട് താരങ്ങളെ വിലക്കി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) ഒഴികെയുള്ള വിദേശ ലീഗുകളില്‍ കളിക്കുന്നതില്‍ നിന്നുമാണ് ഇ.സി.ബി വിലക്കിയിരിക്കുന്നത്.
ഇതോടെ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് (പി.എസ്.എല്‍) അടക്കമുള്ള ലീഗുകളില്‍ കളിക്കുന്നതില്‍ നിന്നും ഇംഗ്ലീഷ് താരങ്ങള്‍ക്ക് പിന്മാറേണ്ടി വരും. കൗണ്ടി ക്രിക്കറ്റ് ഉള്‍പ്പെടെയുള്ള തങ്ങളുടെ ഡൊമസ്റ്റിക് സര്‍ക്യൂട്ടുകളെ സംരക്ഷിക്കുന്നതിനായാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്.
ഇംഗ്ലണ്ടിലെ ഡൊമസ്റ്റിക് ക്രിക്കറ്റ് സീസണിന് സമാന്തരമായി നടക്കുന്ന ഒരു വിദേശ ലീഗിലും കളിക്കാന്‍ താരങ്ങള്‍ക്ക് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍.ഒ.സി) നല്‍കില്ലെന്ന് ഇ.സി.ബി അധികൃതര്‍ അറിയിച്ചതായി ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ ഏപ്രില്‍ – മേയ് മാസങ്ങളില്‍ സംഘടിപ്പിക്കുന്ന പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് പങ്കെടുക്കാന്‍ സാധിക്കില്ല എന്ന കാര്യം ഉറപ്പായിരിക്കുകയാണ്.
ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുമായി സെന്‍ട്രല്‍ കോണ്‍ട്രാക്ടില്ലാത്ത താരങ്ങള്‍ക്കും വിലക്ക് ബാധകമാണ്. ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ സജീവമല്ലാത്ത താരങ്ങള്‍ക്ക് കൗണ്ടി ടീമുകളും എന്‍.ഒ.സി നല്‍കില്ല.
ഇതിനൊപ്പം അഴിമതി ആരോപണം നേരിടുന്ന ഒരു വിദേശ ക്രിക്കറ്റ് ലീഗിലും ഇംഗ്ലണ്ട് താരങ്ങള്‍ പങ്കെടുക്കരുത് എന്ന കര്‍ശന നിര്‍ദേശവുമുണ്ട്.
‘ഞങ്ങളുടെ ക്രിക്കറ്റിന്റെ അഖണ്ഡത സംരക്ഷിക്കാനും ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും ക്രിക്കറ്റിനെ ശക്തിപ്പെടുത്താനുമാണ് ഞങ്ങളുടെ ശ്രമം,’ ഇ.സി.ബി ഉദ്യോഗസ്ഥന്‍ ദി ടെലിഗ്രാഫിനോട് പറഞ്ഞു.
‘ഇതിലൂടെ കൗണ്ടിയിലുള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് എന്‍.ഒ.സി നല്‍കുന്നതുമായി ബന്ധപ്പെട്ട ഞങ്ങളഉടെ സമീപനത്തെ കുറിച്ച് വ്യക്തത നല്‍കുന്നു. അന്താരാഷ്ട്ര തലത്തില്‍ ക്രിക്കറ്റിന്റെ അഖണ്ഡത സംരക്ഷിക്കുന്നതിനൊപ്പം ഇ.സി.ബിയുടെ മത്സരങ്ങള്‍ക്ക് തുരങ്കം വെക്കുന്നില്ല എന്ന കാര്യവും ഉറപ്പാക്കണം.
കൂടുതല്‍ എക്‌സ്പീരിയന്‍സ് നേടാനും അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും ആഗ്രഹിക്കുന്ന താരങ്ങള്‍ക്കിടയില്‍ ബാലന്‍സ് സൃഷ്ടിക്കാനും ഇത് സഹായിക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതോടെ ഇംഗ്ലണ്ടിന്റെ സ്വന്തം ലീഗുകളായ വൈറ്റാലിറ്റി ബ്ലാസ്റ്റിലും ദി ഹണ്‍ഡ്രഡിലുമായി ഇംഗ്ലണ്ട് താരങ്ങളുടെ അവസരം ഒതുങ്ങും. ദേശീയ ടീമിലും ഐ.പി.എല്‍ ടീമുകളിലും ഇടം നേടാന്‍ സാധിക്കാത്ത താരങ്ങളെയായിരിക്കും ഇത് കാര്യമായി ബാധിക്കുക.
എന്നാല്‍ ഇംഗ്ലണ്ടിന്റെ ഡൊമസ്റ്റിക് സൈക്കിളുകളുമായി ക്ലാഷാകാത്ത മറ്റ് ലീഗുകളില്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് കളിക്കാന്‍ അവസരമൊരുങ്ങുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കരീബിയന്‍ പ്രീമിയര്‍ ലീഗ് (സി.പി.എല്‍), എസ്.എ20, ഐ.എല്‍ ടി-20 തുടങ്ങിയ ലീഗുകള്‍ ഇത്തരത്തില്‍ ഇംഗ്ലണ്ടിന്റെ ഡൊമസ്റ്റിക് കലണ്ടറിനൊപ്പമല്ല ടൂര്‍ണമെന്റ് നടത്തുന്നത്.
അടുത്ത വര്‍ഷം ജനുവരിയില്‍ ആരംഭിക്കുന്ന എസ്.എ 20യില്‍ ഇംഗ്ലണ്ട് താരങ്ങള്‍ പങ്കെടുക്കുകയാണെങ്കില്‍ ഇത് സംബന്ധിച്ച് ഏകദേശ ധാരണ ലഭിച്ചേക്കും.
Content Highlight: England Cricket Board set to ban its players from participating in other franchise leagues, IPL excluded