ടി-20 ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ വിജയ നായകനായത് ബെന്‍ സ്റ്റോക്‌സായിരുന്നു. ഒരറ്റത്ത് പാക് ബൗളര്‍മാര്‍ ഇംഗ്ലണ്ട് ബാറ്റര്‍മാരെ ഒന്നൊഴിയാതെ പരീക്ഷിച്ചുകൊണ്ടിരുന്നപ്പോഴും മറുവശത്ത് നിന്നും സ്‌റ്റോക്‌സ് ഇന്നിങ്‌സ് പടുത്തുയര്‍ത്തി.
ഒടുവില്‍ ഇംഗ്ലണ്ടിനെ വിജയതീരത്തെത്തിച്ചാണ് സ്റ്റോക്‌സ് ശ്വാസം നേരെ വിട്ടത്. ഇത് 2022ലെ ടി-20 ലോകകപ്പില്‍ മാത്രമായിരുന്നില്ല, 2019ലെ ഏകദിന ലോകകപ്പിലും സ്റ്റോക്‌സ് തന്നെയായിരുന്നു ഇംഗ്ലണ്ടിന്റെ ഹീറോ.
ഒരേസമയം ഏകദിന ലോകകപ്പും ടി-20 ലോകകപ്പും സ്വന്തമാക്കാന്‍ ഇംഗ്ലണ്ട് പറന്നുയര്‍ന്നത് സ്റ്റോക്‌സിന്റെ ചിറകിലായിരുന്നു.
കഴിഞ്ഞ സമ്മറില്‍ താരം ഏകദിന ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചിരുന്നു. സ്‌റ്റോക്‌സിന്റെ വിരമിക്കലിന് ശേഷം നടക്കുന്ന ആദ്യ ഏകദിന ലോകകപ്പായിരിക്കും ഇന്ത്യയിലേത്.
എന്നാല്‍ ഇംഗ്ലണ്ടിന്റെ മനസില്‍ മറ്റു ചില പദ്ധതികളും ഉടലെടുക്കുന്നുണ്ടെന്നാണ് സൂചനകള്‍. ഇംഗ്ലണ്ടിന്റെ ആ തന്ത്രങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചാല്‍ അടുത്ത വര്‍ഷം ഇന്ത്യയിലേക്ക് പറക്കുന്ന ഇംഗ്ലീഷ് സ്‌ക്വാഡില്‍ സ്‌റ്റോക്‌സും ഉണ്ടായേക്കും.
ഇംഗ്ലണ്ടിന്റെ ലിമിറ്റഡ് ഓവര്‍ കോച്ചായ മാത്യു മോട്ടാണ് ഏകദിനത്തില്‍ സ്‌റ്റോക്‌സിന്റെ ഭാവിയെ കുറിച്ചുള്ള അപ്‌ഡേറ്റ് നല്‍കിയിരിക്കുന്നത്.
‘അവന്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്ന കാര്യം എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ ആദ്യം തന്നെ പറഞ്ഞത് അവന്റെ ഏതൊരു തീരുമാനത്തേയും ഞാന്‍ പിന്തുണക്കുമെന്നാണ്. എന്നാലും ഞാന്‍ അവനോട് വിരമിക്കേണ്ട കാര്യമുണ്ടോ, കുറച്ചു കാലത്തേക്ക് ഏകദിന ഫോര്‍മാറ്റില്‍ നിന്നും മാറി നിന്നാല്‍ പോരേ എന്നും ചോദിച്ചിരുന്നു.
വിരമിച്ച തീരുമാനം എപ്പോള്‍ വേണമെങ്കിലും തിരുത്താമെന്നും ഏകദിനത്തിലേക്ക് മടങ്ങിയെത്താം എന്നും ഞാന്‍ അവനോട് പറഞ്ഞിരുന്നു. അതെല്ലാം അവന്റെ തീരുമാനമാണ്.
വരാനിരിക്കുന്നത് ലോകകപ്പാണ് അതുകൊണ്ടുതന്നെ ടീം അധികം ടി-20 മത്സരങ്ങള്‍ കളിക്കാന്‍ സാധ്യതയില്ല. എന്നിരുന്നാലും എല്ലാ തീരുമാനങ്ങളും കൈക്കൊള്ളേണ്ടത് അവന്‍ മാത്രമാണ്,’ അദ്ദേഹം പറഞ്ഞു.
ടെസ്റ്റ് ഫോര്‍മാറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ സ്‌റ്റോക്‌സ് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
105 ഏകദിന മത്സരങ്ങളിലാണ് സ്‌റ്റോക്‌സ് ഇംഗ്ലണ്ടിന് വേണ്ടി ഗ്രൗണ്ടിലിറങ്ങിത്. 38.99 ശരാശരിയില്‍ റണ്‍സ് നേടിയ സ്‌റ്റോക്‌സ് 74 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.