പേടിയോ...ഏകദിനത്തിലെ മൂന്ന് ഡബിള്‍ സെഞ്ച്വറി പോക്കറ്റിലുള്ള രോഹിത്തിനോ, ചുമ്മാ ഓരോന്ന് പറയല്ലേ: ഇംഗ്ലണ്ട് മുന്‍ സൂപ്പര്‍താരം
Sports
പേടിയോ...ഏകദിനത്തിലെ മൂന്ന് ഡബിള്‍ സെഞ്ച്വറി പോക്കറ്റിലുള്ള രോഹിത്തിനോ, ചുമ്മാ ഓരോന്ന് പറയല്ലേ: ഇംഗ്ലണ്ട് മുന്‍ സൂപ്പര്‍താരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 18th November 2022, 6:58 pm

ടി-20 ലോകകപ്പിലെ പ്രകടനത്തിന് പിന്നാലെ ചെറുതല്ലാത്ത വിമര്‍ശനമാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് നേരെ ഉയര്‍ന്നിട്ടുള്ളത്. റണ്‍വേട്ടക്കാരില്‍ മുന്‍പന്തിയിലുള്ള രോഹിത്തിന് ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി കാര്യമായൊന്നും ചെയ്യാനായില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

ലോകത്തെ ഏറ്റവും ശക്തരായ ഓപ്പണിങ് ട്രയോ ഉള്ള ടീമായാണ് ഇന്ത്യയെ ക്രിക്കറ്റ് ലോകം കാണുന്നത്, രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, വിരാട് കോഹ്‌ലി. എന്നാല്‍ ടി-20യില്‍ വിരാട് കോഹ്‌ലി റണ്‍വേട്ടയില്‍ കുതിച്ചോടിയെങ്കിലും രാഹുലും രോഹിത്തും നിന്ന് കിതക്കുന്ന കാഴ്ചയാണ് ലോകകപ്പില്‍ ഉടനീളം കണ്ടത്.

പാകിസ്ഥാനുമായുള്ള ഐക്കോണിക് മാച്ച് പോലെ കോഹ്‌ലിക്ക് ഒറ്റക്ക് നിന്ന് ടീമിനെ കര കയറ്റേണ്ട അവസ്ഥ വരെയുണ്ടായി. രോഹിത്തും രാഹുലും ഒരുപോലെ നിരാശപ്പെടുത്തിയപ്പോള്‍ ഫൈനല്‍ കാണാതെ ഇന്ത്യക്ക് നാട്ടിലേക്ക് വണ്ടി കയറേണ്ടിയും വന്നു.

രോഹിത്തിന്റെ പെര്‍ഫോമന്‍സില്ലായ്മയെ കുറിച്ച് ഇന്ത്യക്കാര്‍ മാത്രമല്ല അങ്ങ് ഇംഗ്ലണ്ടിലുള്ളവര്‍ വരെ കൂലങ്കുഷമായ ചര്‍ച്ചകളിലാണ്. അക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റുന്നത് ഇംഗ്ലണ്ടിന്റെ രണ്ട് മുന്‍ നായകര്‍ തമ്മിലുള്ള വാദപ്രതിവാദങ്ങളാണ്.

മുന്‍ ക്യാപ്റ്റന്‍മാരായ നാസര്‍ ഹുസൈനും മൈക്കിള്‍ അതേര്‍ട്ടണും തമ്മിലാണ് വാക്‌പോര് നടക്കുന്നത്.

ഇയോണ്‍ മോര്‍ഗനെ പോലെയുള്ള ക്യാപ്റ്റന്മാരാണ് ഇന്ത്യക്ക് ആവശ്യമെന്നും അപ്പോള്‍ ബാറ്റിങ് ഓര്‍ഡറിലെ സ്ഥാനത്തെ കുറിച്ചുള്ള ആശങ്കകളില്ലാതെ രോഹിത്തിനും രാഹുലിനും ഏത് ബോളും നേരിടാനാകുമെന്നുമായിരുന്നു നാസര്‍ ഹുസൈന്‍ പറഞ്ഞത്. തൊട്ടു പിന്നാലെ മറുപടിയുമായി അതേര്‍ട്ടണ്‍ എത്തി.

രാഹുലിനും രോഹിത്തിനും പേടി കൂടാതെ കളിക്കാനാകില്ലെന്നും അതിന് പല കാരണങ്ങളുമുണ്ടെന്നായിരുന്നു അതേര്‍ട്ടണ്‍ പറഞ്ഞത്.

‘ഇംഗ്ലണ്ടില്‍ മോര്‍ഗന്‍ ഉണ്ടാക്കിയ ഇംപാക്ടിനെ കുറിച്ചാണ് നിങ്ങള്‍ പറഞ്ഞത്. അത് ശരിയുമാണ്. പക്ഷെ ഇന്ത്യയില്‍ കാര്യങ്ങള്‍ അങ്ങനെ എളുപ്പമാകില്ല, അതിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്.

അവരുടെ നാട്ടിലുള്ള ക്രിക്കറ്റര്‍മാരുടെ എണ്ണം തന്നെയാണ് അതിന് കാരണം. ടീമില്‍ ഒരു സ്ഥാനം കിട്ടാന്‍ വമ്പന്‍ മത്സരമാണ് അവിടെ ഓരോരുത്തര്‍ക്കും നേരിടേണ്ടി വരുന്നത്.

നിങ്ങളുടെ ഇപ്പോഴുള്ള സ്‌പോട്ട് നഷ്ടപ്പെടുകയും അവിടേക്ക് വേറെയാരെങ്കിലും വരികയും ചെയ്താല്‍ പിന്നീടൊരിക്കലും ആ സ്ഥാനം കിട്ടിയില്ലെങ്കിലോ എന്ന് ആരായാലും ചിന്തിച്ച് പോകില്ലേ.

വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍ തുടങ്ങിയവരുടെ പേരില്‍ വരുന്ന വമ്പന്‍ സ്‌പോണ്‍സര്‍ഷിപ്പിന്റെ കാര്യത്തിലും ഇംഗ്ലണ്ടിനേക്കാള്‍ വളരെ വ്യത്യസ്തമാണ് ഇന്ത്യയുടെ കാര്യം. ഇത് രണ്ടും കൂടിയാകുമ്പോള്‍ നിങ്ങള്‍ പറഞ്ഞതു പോലെയുള്ള തീരുമാനങ്ങളെടുക്കാന്‍ ഇന്ത്യക്ക് കഴിയുമെന്ന് തോന്നുന്നുണ്ടോ,’ അതേര്‍ട്ടണ്‍ ചോദിച്ചു.

ഇതിന് രോഹിത്തിന്റെ കരിയറിലെ വിജയങ്ങള്‍ നിരത്തി കാണിച്ചുകൊണ്ടായിരുന്നു ഹുസൈന്റെ മറുപടി. ഏകദിനത്തില്‍ മൂന്ന് ഡബിള്‍ സെഞ്ച്വറികളും ടി-20 ക്രിക്കറ്റില്‍ നാല് സെഞ്ച്വറികളുമുള്ള രോഹിത്തിന് സ്ഥാനം നഷ്ടപ്പെടുമെന്ന പേടിയൊന്നും ഉണ്ടാകില്ലെന്നാണ് ഹുസൈന്‍ പറഞ്ഞത്.

‘നിങ്ങള്‍ വെറുതെ കാര്യങ്ങളെ സങ്കീര്‍ണമാക്കാന്‍ നില്‍ക്കണ്ട. അവര്‍ അതിഗംഭീരമായ കഴിവുള്ള ക്രിക്കറ്റര്‍മാരാണ്. ടീമിലും ബാറ്റിങ് ടോപ് ഓര്‍ഡറിലുമൊക്കെ ഒരു സ്ഥാനത്തിന് വേണ്ടി കാത്തിരിക്കുന്നവരല്ല ഇപ്പറഞ്ഞവര്‍.

രോഹിത് ശര്‍മയെ കുറിച്ചാണ് നിങ്ങള്‍ പറയുന്നതെന്ന് മറക്കല്ലേ. ഏകദിനത്തില്‍ മൂന്ന് ഡബിള്‍ സെഞ്ച്വറി അവന്റെ പോക്കറ്റിലുണ്ട്. അതുകൊണ്ട് ഏത് പന്തും അവന്‍ പറത്തും. ഇനി രാഹുലിന്റെ കാര്യമാണെങ്കില്‍ അവന്‍ കളിക്കുന്നത് പോയി കാണൂ എന്നേ പറയാനുള്ളു. അതാകും ശരിക്കുള്ള പേടി,’ ഹുസൈന്‍ മറുപടി നല്‍കി.

ഇങ്ങനെ ഇന്ത്യന്‍ താരങ്ങള്‍ക്ക് വേണ്ടി ശക്തിയുക്തം പോരാടുകയാണ് ഇംഗ്ലണ്ട് നായകര്‍. അതേസമയം ന്യൂസിലാന്‍ഡ് സീരിസില്‍ നിന്നും രോഹിത്തിനും രാഹുലിനും കോഹ്‌ലിക്കും വിശ്രമം നല്‍കിയിരിക്കുകയാണ്. ഹര്‍ദിക് പാണ്ഡ്യയും ശിഖര്‍ ധവാനുമാണ് യഥാക്രമം ടി-20യിലും ഏകദിനത്തിലും ഇന്ത്യയെ നയിക്കുന്നത്.

Content Highlight: England Captains about Rohit Sharma’s skills and records