കഴിഞ്ഞ ദിവസമായിരുന്നു ഇംഗ്ലണ്ട് – ഓസ്ട്രേലിയ ഏകദിന പരമ്പരക്ക് തുടക്കം കുറിച്ചത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയിച്ച് 1-0ന് മുമ്പിലെത്താനും ഓസീസിനായിരുന്നു.
ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, മൂന്നാമന്‍ സ്റ്റീവ് സ്മിത് എന്നിവര്‍ ആഞ്ഞടിച്ചതോടെയാണ് ഇംഗ്ലണ്ട് ഉയര്‍ത്തിയ വിജയലക്ഷ്യം ഓസീസ് അനായാസം മറികടന്നത്.
വാര്‍ണര്‍ 84 പന്തില്‍ നിന്നും റണ്‍സ് നേടിയപ്പോള്‍ സ്മിത് 78 പന്തില്‍ നിന്നും പുറത്താവാതെ 80 റണ്‍സ് നേടി. 57 പന്തില്‍ നിന്നും 69 റണ്‍സായിരുന്നു ഹെഡിന്റെ സംഭാവന.
എന്നാല്‍ മത്സരം തോറ്റെങ്കിലും ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലറിന്റെ ചില തന്ത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മത്സരത്തിനിടെ ഓസീസ് ബാറ്റര്‍ കാമറൂണ്‍ ഗ്രീനിനെ ഐ.പി.എല്‍ ലേലത്തിന്റെ കാര്യമോര്‍പ്പിച്ച് സ്ലെഡ്ജ് ചെയ്താണ് താരം ചര്‍ച്ചകളില്‍ ഇടം നേടിയത്.
മത്സരത്തിന്റെ 41ാം ഓവറിലായിരുന്നു സംഭവം. ഇംഗ്ലണ്ട് സ്പിന്നര്‍ ലിയാം ഡോവ്‌സണായിരുന്നു പന്തെറിഞ്ഞത്. ക്രീസില്‍ നിന്ന കാമറൂണ്‍ ഗ്രീനിനെ ചൊറിയാന്‍ തന്നെ ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ തീരുമാനിക്കുകയായിരുന്നു.
ഷോട്ടിന് ശ്രമിച്ച ഗ്രീനിന് പന്ത് കൃത്യമായി കണക്ട് ചെയ്യാന്‍ സാധിക്കാതെ വന്നതോടെ ‘Good to see someone playing a shot, Daws,’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു ബട്‌ലര്‍ തുടങ്ങിയത്. ബട്‌ലറിന്റെ സംസാരം കൃത്യമായി തന്നെ സ്റ്റംപ് മൈക്ക് പിടിച്ചെടുക്കുകയായിരുന്നു.
അടുത്ത പന്ത് ഗ്രീന്‍ കൃത്യമായി ഡിഫന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ‘Chasing the ink, Daws’ എന്നായിരുന്നു ബട്‌ലര്‍ പറഞ്ഞത്. ഇതുകേട്ട കമന്റേറ്റര്‍മാരും അത്ഭുതപ്പെട്ടിരുന്നു.
ഇതിന് ശേഷമായിരുന്നു ഐ.പി.എല്ലിന്റെ പേരില്‍ ബ്ടലര്‍ സ്ലെഡ്ജ് ചെയ്തത്. ‘big auction coming up’ എന്നായിരുന്നു ബട്‌ലര്‍ പറഞ്ഞത്. ഡിസംബറില്‍ കൊച്ചിയില്‍ വെച്ച് നടക്കുന്ന ഐ.പി.എല്‍ മിനി ഓക്ഷനെ കുറിച്ചായിരുന്നു ബട്‌ലര്‍ പറയാതെ പറഞ്ഞത്.
വരാനിരിക്കുന്ന ലേലത്തില്‍ കാമറൂണ്‍ ഗ്രീനിനെ ലക്ഷ്യമിട്ട് നിരവധി ഫ്രാഞ്ചൈസികളും രംഗത്തുണ്ട്.
അതേസമയം, മത്സരത്തില്‍ ഇംഗ്ലണ്ട് ആറ് വിക്കറ്റിന് തോറ്റിരുന്നു. ബാറ്റര്‍മാര്‍ വേണ്ടവിധത്തില്‍ ഉയരാതെ പോയതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്.
ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ഓസീസിന് തുടക്കം പിഴച്ചില്ല. ജേസണ്‍ റോയിയെയും ഫില്‍ സോള്‍ട്ടിനെയും പെട്ടെന്ന് മടക്കിയ കങ്കാരുക്കള്‍ മൂന്നാമനായി ഇറങ്ങിയ ഡേവിഡ് മലന് മുമ്പില്‍ വിറച്ചു.
128 പന്തില്‍ നിന്നും 134 റണ്‍സാണ് താരം സ്വന്തമാക്കിയത്. എന്നാല്‍ ഡേവിഡ് മലനെ ഒരറ്റത്ത് നിര്‍ത്തി മറുഭാഗത്തെ വിക്കറ്റുകള്‍ വീഴ്ത്തുക എന്ന ഓസീസ് തന്ത്രം ഫലം കണ്ടതോടെ ഇംഗ്ലണ്ട് വീണ്ടും കുഴങ്ങി.
ഒമ്പതാമനായി ഇറങ്ങിയ ഡേവിഡ് വില്ലി മാത്രമാണ് അല്‍പമെങ്കിലും പൊരുതി നോക്കിയത്. 40 പന്തില്‍ നിന്നും 34 റണ്‍സാണ് താരം നേടിയത്. ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ആറ് വിക്കറ്റും 19 പന്തും ബാക്കി നില്‍ക്കെ വിജയം സ്വന്തമാക്കുകയായിരുന്നു.
നവംബര്‍ 19നാണ് പരമ്പരയിലെ അടുത്ത മത്സരം. സിഡ്നിയാണ് വേദി.
Content Highlight: England Captain Jos Buttler Sledges Cameroon Green By Talking About IPL Auction