ഇന്ത്യയ്‌ക്കെതിരെ നടക്കുന്ന വൈറ്റ് ബോള്‍ ഫോര്‍മാറ്റ് പരമ്പരകളില്‍ ഒരു ദാക്ഷിണ്യവുമില്ലാതെ തങ്ങള്‍ ആക്രമിച്ച് കളിക്കുമെന്ന് മുന്നറിയിപ്പുമായി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍. ഒയിന്‍ മോര്‍ഗനില്‍ നിന്നും ക്യാപ്റ്റന്‍സിയേറ്റെടുത്തതിന് പിന്നാലെ ബട്‌ലര്‍ നയിക്കുന്ന ആദ്യ പരമ്പര കൂടിയാണിത്.
അവസാന ടെസ്റ്റില്‍ ജയിക്കുകയും കൈവിട്ടുപോകുമെന്നുറപ്പിച്ച പരമ്പര സമനിലയിലാക്കിയതിന്റെയും ആവേശത്തിലാണ് ഇംഗ്ലണ്ട്. ടെസ്റ്റില്‍ കളിച്ചതിനേക്കാള്‍ ആക്രമണകാരികളായ പടയുമായാവും ഇംഗ്ലണ്ട് ഇറങ്ങുന്നത്.
ടെസ്റ്റില്‍ അഴിഞ്ഞാടിയ ജോണി ബെയര്‍സ്‌റ്റോയ്ക്ക് പുറമെ ഐ.പി.എല്ലില്‍ എതിരാളികളെ ഒന്നൊഴിയാതെ തെരഞ്ഞെുപിടിച്ചടിച്ച വൈറ്റ് ബോള്‍ സ്‌പെഷ്യലിസ്റ്റ് താരങ്ങളായ ജോസ് ബട്‌ലറും ലിയാം ലിവിങ്‌സ്റ്റണും ചേരുമ്പോള്‍ ഇംഗ്ലണ്ടിനെ പേടിക്കുകയല്ലാതെ വേറെ മാര്‍ഗമില്ല.
ഇപ്പോഴിതാ, തങ്ങള്‍ ആക്രമിച്ചുതന്നെയാവും ബാക്കിയുള്ള കളികളും കളിക്കുകയെന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് ബട്‌ലര്‍. ഒയിന്‍ മോര്‍ഗന്‍ പിന്തുടര്‍ന്ന അതേ രീതി തന്നെയായിരിക്കും തങ്ങളും പിന്തുടരുകയെന്നും ബട്‌ലര്‍ പറഞ്ഞു.
‘ഇംഗ്ലണ്ട് കളിക്കുന്ന രീതിയില്‍ എന്തെങ്കിലും മാറ്റം വരുത്തണമെന്ന് എനിക്ക് തോന്നുന്നില്ല. ഒയിന്‍ മോര്‍ഗന്റെ അതേ ശൈലിയാണ് ഞാനും അവലംബിക്കാനൊരുങ്ങുന്നത്. മോര്‍ഗന്റെ അതേ രീതിയില്‍ തന്നെയാവും ഇംഗ്ലണ്ട് കളിക്കുന്നത്. ആക്രമിച്ചു കളിക്കുക എന്നതാണ് തന്ത്രം, തോല്‍വിയെ ഭയപ്പെടുന്നില്ല.
ഇനി ഇംഗ്ലണ്ടിന്റെ നായകസ്ഥാനമേറ്റെടുക്കുന്നവന്‍ ആരോണോ, അവനും ഇതേ രീതിയില്‍ തന്നെ കളിയെ സമീപിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഈ ശൈലിയില്‍ നിന്നും ഇനിയൊരു മടങ്ങിപ്പോക്കില്ല, ഈ രീതിയെ അടുത്ത ലെവലിലെത്തിക്കാന്‍ ശ്രമിക്കുമെന്നാണ് ഞാന്‍ കരുതുന്നത്,’ ബട്‌ലര്‍ പറഞ്ഞു.
മൂന്ന് ടി-20 മത്സരങ്ങളും മൂന്ന് ഏകദിനവുമാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലുള്ളത്. ജൂലൈ ഏഴിനാണ് ഇന്ത്യ – ഇംഗ്ലണ്ട് ടി-20 പരമ്പരയിലെ ആദ്യ മത്സരം. ടെസ്റ്റില്‍ കളിച്ച സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചതോടെയാണ് ഇന്ത്യയുടെ യുവതാരങ്ങള്‍ സ്‌ക്വാഡിലെത്തിയത്.